ലന്‍ഡന്‍: (www.kvartha.com) 'ആന്റണി' ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായും റോഥര്‍ഹാമിലെ മാന്‍വേഴ്സ് ലെയികില്‍ നടന്ന യുക്മ വള്ളംകളിയിലും പങ്കെടുക്കുന്നതിന് വേണ്ടി ലന്‍ഡനിലെത്തിയ നടന്‍ ജോജു ജോര്‍ജ് മോഷണത്തിന് ഇരയായി. പാസ്‌പോര്‍ടും പണവും ഉള്‍പെടെയുള്ളവ നഷ്ടമായി. ജോജുവിനെ കൂടാതെ ആന്റണി സിനിമയുടെ നിര്‍മാതാവ് ഐന്‍സ്റ്റീന്‍ സാക് പോള്‍, എക്സിക്യൂടീവ് പ്രൊഡ്യൂസര്‍ ഷിജോ ജോസഫ് എന്നിവരുടെ പാസ്‌പോര്‍ടുകളും പണവും നഷ്ടപ്പെട്ടു.
ജോജുവിന്റെ 2000 പൗന്‍ഡ്, ഐന്‍സ്റ്റീന്റെ 9000 പൗന്‍ഡ്, ഷിജോയുടെ 4000 പൗന്‍ഡ് എന്നിവ ഉള്‍പെടെ 15000 പൗന്‍ഡാണ് മോഷ്ടിക്കപ്പെട്ടത്. ലന്‍ഡനിലെ ഒക്‌സ്‌ഫോഡിലെ ബിസ്റ്റര്‍ വിലേജില്‍ ഷോപിങ് നടത്താനായി കയറിയപ്പോഴാണ് ഇവര്‍ സഞ്ചരിച്ച ഡിഫന്റര്‍ വാഹനത്തില്‍ നിന്നും മോഷണം നടന്നത്. ഷോപിങ് നടത്തുന്നതിനായി കാര്‍ സമീപമുള്ള പേ ആന്‍ഡ് പാര്‍കിലാണ് നിര്‍ത്തിയിരുന്നത്.
കുറച്ചു ഷോപിങ് നടത്തിയശേഷം താരങ്ങളായ കല്യാണി പ്രിയദര്‍ശന്‍, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ് എന്നിവര്‍ ഉള്‍പെടെയുള്ളവര്‍ കാറില്‍ സാധനങ്ങള്‍ കൊണ്ടുവെച്ചിരുന്നു. തിരികെ വീണ്ടും ഷോപിങ് നടത്തി കാറിനരികില്‍ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. പണം, ഷോപിങ് നടത്തിയ സാധനങ്ങള്‍, ലാപ്‌ടോപുകള്‍ എന്നിവ നഷ്ടമായി.
ജോജുവിന് പിന്നീട് ഇന്‍ഡ്യന്‍ ഹൈകമീഷന്‍ ഇടപെടലിലൂടെ പുതിയ പാസ്‌പോര്‍ട് ലഭ്യമായി. യുകെയില്‍ പാസ്‌പോര്‍ട് നഷ്ടപ്പെടുകയാണെങ്കില്‍ അടിയന്തരമായി പോലീസില്‍ റിപോര്‍ട് ചെയ്യുന്നതിനോടൊപ്പം തന്നെ ഇന്‍ഡ്യന്‍ എംബസിയുമായി ബന്ധപ്പെടണം. ഇങ്ങനെയുള്ള സാഹചര്യത്തില്‍ നിജസ്ഥിതി ബോധ്യപ്പെട്ടാല്‍ ഇന്‍ഡ്യയിലേക്ക് തിരിച്ചു യാത്ര ചെയ്യുന്നതിന് എമര്‍ജന്‍സി പാസ്‌പോര്‍ടിനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ ഇന്‍ഡ്യന്‍ എംബസിക്ക് സാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ ഇന്‍ഡ്യന്‍ ഹൈകമീഷന്റെ ഇടപെടലിലൂടെയാണ് ജോജുവിന് പുതിയ പാസ്പോര്‍ട് ലഭ്യമായത്. ജോജു, കല്യാണി എന്നിവര്‍ ഉള്‍പെടെയുള്ളവര്‍ നാട്ടിലേക്ക് മടങ്ങി. ചെമ്പന്‍ വിനോദ് സെപ്റ്റംബര്‍ 5 ന് മടങ്ങും.
യുകെയില്‍ എത്തുന്ന മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ഉള്‍പെടെയുള്ള സിനിമ താരങ്ങള്‍ ഷോപിങ് നടത്തുന്ന ഇടങ്ങളില്‍ ഒന്നാണ് ബിസ്റ്റര്‍ വിലേജ്. ഇവിടെ വില കൂടിയ ബ്രാന്‍ഡഡ് ഉത്പന്നങ്ങളാണ് ലഭ്യമാകുന്നത്. ലന്‍ഡനില്‍ പോകറ്റടിയും മോഷണ വാര്‍ത്തയും നിത്യസംഭവങ്ങളില്‍ ഒന്നായി മാറിയെങ്കിലും മലയാളി താരം മോഷണത്തിന് ഇരയായിയെന്ന വാര്‍ത്ത വരുന്നത് ആദ്യമായാണ്.
Keywords: News, World, World-News, News-Malayalam, Actor, Cinema, Actress, London News, Joju George, Bicester Village, Oxford News, Stolen, Actor Joju George’s passport and money stolen when he arrived in London; Indian High Commission intervened.