Follow KVARTHA on Google news Follow Us!
ad

Heavy Rain | സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചു; വ്യാപക നാശനഷ്ടം, മരങ്ങള്‍ കടപുഴകി, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും, വീടുകളിലും വെള്ളം കയറി, വിവിധ അപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു, കുടുംബങ്ങള്‍ ഒറ്റപ്പെട്ടു; അതീവ ജാഗ്രതപാലിക്കാന്‍ കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശം

2 ബൈക് യാത്രികര്‍ക്ക് പരുക്കേറ്റു Widespread Rainfall, Warning, Tree Fall, House Collapsed, Kerala News
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടമാണ് റിപോര്‍ട് ചെയ്തിരിക്കുന്നത്. കൊച്ചി പാലാരിവട്ടത്ത് മരം വീണ് രണ്ടു ബൈക് യാത്രികര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.

പനങ്ങാട് ദേശീയപാതയിലേക്ക് മരം വീണ് കാറിനു കേടുപാട് പറ്റി. ആര്‍ക്കും പരുക്കില്ല. എറണാകുളം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. വൈക്കം തോട്ടുവക്കത്ത് മരം ഒടിഞ്ഞുവീണ് സൈകിള്‍ യാത്രികന് പരുക്കേറ്റു. കൊല്ലത്തും വ്യാപക നാശനഷ്ടം റിപോര്‍ട് ചെയ്തു. ചെങ്കോട്ട റെയില്‍പാതയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

പുനലൂര്‍ - കൊല്ലം, കൊല്ലം - പുനലൂര്‍ മെമു സര്‍വീസുകള്‍ റദ്ദാക്കി. കുണ്ടറയിലും പുനലൂരും മരം വീണ് വീടുകള്‍ തകര്‍ന്നു. മഴ ശക്തമായതോെട ആലപ്പുഴ ഹരിപ്പാടും കരുവാറ്റയിലും ദേശീയപാത നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ചേര്‍ത്തല നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കാളികുളത്ത് തെങ്ങ് വീണ് കട തകര്‍ന്നു.

കോട്ടയത്ത് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണു. വെച്ചൂര്‍ ഇടയാഴം സ്വദേശി സതീശന്റെ വീടാണ് നിലംപതിച്ചത്. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വലിയ ശബ്ദം കേട്ടതോടെ വീട്ടുകാര്‍ പുറത്തേക്ക് ഓടുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

ആലപ്പുഴ ചേര്‍ത്തലയില്‍ മത്സ്യവില്‍പനശാലക്ക് മുകളില്‍ തെങ്ങ് കടപുഴകി വീണു. കട പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. കട തുറക്കാത്തതിനാല്‍ വലിയ അപകടം ഒഴിവായി. തെങ്ങ് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്‍. ആലപ്പുഴയിലെ ചേര്‍ത്തല, മാന്നാര്‍ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തിനടിയിലാണ്. ഹരിപ്പാട് കരുവാറ്റയില്‍ ദേശീയപാതയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് രൂപംകൊണ്ട കുഴികളില്‍ വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഈ വെള്ളമാണ് വീടുകളിലേക്ക് ഒഴുകുന്നത്.

കണിച്ചുകുളങ്ങരയില്‍ വൈദ്യുതി ലൈനുകള്‍ക്ക് നാശമുണ്ടായി. തിരുവനന്തപുരം മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍ വള്ളം മറിഞ്ഞു. മൂന്നു തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. വള്ളം ഒഴുകിപ്പോയി. കോട്ടയം വൈക്കം വെച്ചൂരില്‍ വീട് ഇടിഞ്ഞു വീണു, ആര്‍ക്കും പരുക്കില്ല. പത്തനംതിട്ട മണിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷടറുകള്‍ 10 സെ.മീ വീതം ഉയര്‍ത്തി. അരയാഞ്ഞിലിമണ്‍, കുറുമ്പന്‍മൂഴി കോസ്വേകള്‍ മുങ്ങി. കോട്ടാങ്ങലില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. നിരണത്ത് ശക്തമായ കാറ്റില്‍ തെങ്ങ് വീണ് നിരണം സ്വദേശി ഷാജിയുടെ പശു ചത്തു.

തൃശൂര്‍ പെരിങ്ങാവില്‍ കനത്ത മഴയിലും കാറ്റിലും വലിയ മരം കടപുഴകി റോഡില്‍ വീണു. പ്രദേശവാസി ഫ്രാന്‍സിസിന്റെ വീട്ടുമുറ്റത്ത് നിന്ന പഴക്കമുള്ള മാവാണ് കടപുഴകി വീണത്. പുലര്‍ചെ മൂന്നു മണിയോടെയാണ് സംഭവം. ഇതേതുടര്‍ന്ന് പെരിങ്ങാവ്- ഷൊര്‍ണൂര്‍ കണക്ഷന്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. മരം മുറിച്ചുനീക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

പത്തനംതിട്ടയില്‍ കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലെ ക്രോസ് വേകളില്‍ വെള്ളം കയറി. പമ്പാ നദിയുടെ തീരത്തുള്ള കുറുമ്പമൂഴി, മുക്കം കോസ് വേകളാണ് വെള്ളത്തില്‍ മുങ്ങിയത്. കുറുമ്പന്‍മൂഴിയില്‍ 250 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായും വിവരമുണ്ട്. റാന്നി ചുങ്കപ്പാറയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. 27 അംഗ എന്‍ ഡി ആര്‍ എഫ് സംഘം തിരുവല്ലയില്‍ എത്തിയിട്ടുണ്ട്.

മണിമല, മീനച്ചില്‍ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി മഴ പെയ്താല്‍ ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ട്.

ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൊവ്വാഴ്ച ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഓറന്‍ജ് ജാഗ്രതയാണ്. നാലു ദിവസം ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതീവ ജാഗ്രതപാലിക്കാന്‍ കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി. പ്രകൃതി ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രതികരണ സംവിധാനങ്ങളുടെ ക്ഷമത വിലയിരുത്തുന്നതിനായി റവന്യു മന്ത്രി കെ രാജന്‍ ഉന്നതതല യോഗം വിളിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ലാന്‍ഡ് റവന്യു കമിഷണറേറ്റിലാണ് യോഗം.

Widespread Rainfall in Kerala, Thiruvananthapuram, News,  Widespread Rainfall, Warning, Tree Fall, House Collapsed, School Holiday, Warning, Kerala

കനത്ത മഴ മുന്നറിയിപ്പുള്ളതിനാല്‍ എറണാകുളം, ആലപ്പുഴ ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ് - സിബിഎസ്ഇ - ഐസിഎസ്ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍ ഉള്‍പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പിഎസ്സി, യൂനിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമില്ല. കാസര്‍കോട് ജില്ലയിലെ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

Keywords: Widespread Rainfall in Kerala, Thiruvananthapuram, News,  Widespread Rainfall, Warning, Tree Fall, House Collapsed, School Holiday, Warning, Kerala.

Post a Comment