Follow KVARTHA on Google news Follow Us!
ad

Complaint | നിയമം കടലാസില്‍ ഉറങ്ങുന്നുവെന്ന് ഭിന്നശേഷിക്കാരും മാതാപിതാക്കളും; അന്താരാഷ്ട്ര സമ്മേളനത്തില്‍ ചര്‍ചയായത് വിവിധ പരാതികള്‍

20 ഓളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു Complaint, Conference, Disabilities Kicks, Parents, Kerala News
തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരത്ത് നടന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തില്‍ വിവിധ പരാതികള്‍ ചര്‍ച ചെയ്തു. അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമങ്ങളേറെയുണ്ടെങ്കിലും പലതും പ്രായോഗികതലത്തില്‍ നടപ്പാക്കുന്നില്ലെന്ന പരാതിയാണ് പ്രധാനമായും ഭിന്നശേഷിക്കാരും മാതാപിതാക്കളും ഉയര്‍ത്തിയത്.

Various grievances were discussed in Disabilities kicks international conference, Thiruvananthapuram, News, Complaint, Conference, Disabilities Kicks, Parents, Traffic, Education, Kerala

ഡിഫറന്റ് ആര്‍ട് സെന്ററും ന്യൂയോര്‍കിലെ അഡല്‍ഫി സര്‍വകലാശാലയും ചേര്‍ന്ന് സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെയും കേന്ദ്ര ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെയും സഹകരണത്തോടെ നടത്തുന്ന, ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അന്താരാഷ്ട സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച വിഷയം ചര്‍ചയായത്. 20 ഓളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍കാര്‍ നടത്തുന്ന സ്ഥാപനങ്ങളും പദ്ധതികളുമായി ബന്ധപ്പെട്ട അധികൃതരുടെ മുന്നിലാണ് ഇവര്‍ തങ്ങളുടെ ദുരിതകഥകള്‍ പറഞ്ഞത്. സംസ്ഥാത്തെ ഗതാഗത സൗകര്യം ഭിന്നശേഷി സൗഹൃദമാക്കാന്‍ കേന്ദ്രസര്‍കാര്‍ നല്‍കിയ നിര്‍ദേശം അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ യാഥാര്‍ഥ്യമായില്ലെന്ന് വീല്‍ചെയറില്‍ എത്തിയ ഒരു പ്രതിനിധി ചൂണ്ടിക്കാട്ടി.

ഇതേക്കുറിച്ച് ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ടെന്നും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ചര്‍ചയുടെ മോഡറേറ്ററും സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുമായ മീണകുമാര്‍ ഐ എ എസ് മറുപടി നല്‍കി. ഭാവിയില്‍ ഗതാഗത സൗകര്യം ഭിന്നശേഷി സൗഹൃദമാക്കുമെന്നും അദ്ദേഹം ഉറപ്പുകൊടുത്തു.

കേന്ദ്രം നല്‍കിയ സമയം അവസാനിച്ചെങ്കിലും പല സംസ്ഥാനങ്ങളും കാലാവധി നീട്ടിചോദിച്ചിട്ടുണ്ടെന്ന് സംസ്ഥാന ഭിന്നശേഷി കമിഷണര്‍ പഞ്ചാപകേശന്‍ വ്യക്തമാക്കി. അതേസമയം ഗതാഗത സൗകര്യം 90 ശതമാനം ഭിന്നശേഷി സൗഹൃദമാക്കിയ തമിഴ് നാടിന് സമയപരിധി നീട്ടികൊടുത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഔദാര്യമല്ലെന്നും അവകാശമാണെന്നും പറഞ്ഞ അദ്ദേഹം ഭിന്നശേഷിക്കാര്‍ ആരെങ്കിലും ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കോടതി ഇത് അവഗണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍കാര്‍ ഓഫീസുകള്‍ ഭിന്നശേഷി സൗഹൃദമാക്കാനാണ് കേന്ദ്രം നിര്‍ദേശിച്ചതെന്നും ഗതാഗത സൗകര്യവും പൊതുസ്ഥലങ്ങളും അതില്‍ പെടില്ലെന്നും സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.

ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നികുതി ഇളവ് അനുവദിക്കണമെന്ന് ഒരു പിതാവ് ആവശ്യപ്പെട്ടു. എന്നാല്‍ അത് കേന്ദ്രസര്‍കാരാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം മറുപടി നല്‍കി. അതേസമയം ഭിന്നശേഷിക്കാരുടെ പേരില്‍ വാഹനങ്ങളും മറ്റും വാങ്ങുമ്പോള്‍ നികുതി ഇളവ് ലഭിക്കുമെന്ന് പ്രതിനിധികളിലൊരാള്‍ പറഞ്ഞു.

ചെവികേള്‍ക്കാത്ത കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റ് സാമൂഹ്യസുരക്ഷാ മിഷന്‍ ചെയ്തുവന്നിരുന്നതാണെന്നും എന്നാലത് കഴിഞ്ഞ ബജറ്റില്‍ ആരോഗ്യവകുപ്പിലേക്ക് മാറ്റിയെന്നും അവിടെ സമീപിച്ചപ്പോള്‍ ഫന്‍ഡില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇതിന് പരിഹാരം കാണണമെന്നും ഒരു മാതാവ് ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കാനായി ഈ മാസം 10ന് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ടെന്നും സാമൂഹ്യസുരക്ഷാ മിഷന്‍ എക്സിക്യൂടീവ് ഡയറക്ടര്‍ എ ഷിബു ഐ എ എസ് മറുപടി നല്‍കി.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രത്യേകം പാഠ്യ പദ്ധതി വേണമെന്നും നിലവില്‍ സാധാരണ കുട്ടികള്‍ക്കൊപ്പം പരീക്ഷ എഴുതി ജയിക്കുന്നുണ്ടെങ്കിലും യാതൊരു പ്രയോജനവുമില്ലെന്നും മറ്റൊരു മാതാവ് പരാതിപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍കാരാണ് തീരുമാനം എടുക്കേണ്ടതെന്നും, അത് നല്ല കാര്യമാണെന്നും ഭിന്നശേഷി കമിഷണര്‍ പറഞ്ഞു.

ഭിന്നശേഷി സര്‍ടിഫികറ്റ് ലഭിക്കാന്‍ ആറ് മുതല്‍ എട്ട് മാസം വരെ എടുക്കുന്നുവെന്ന് സമ്മേളന പ്രതിനിധികളില്‍ ചിലര്‍ പരാതി പറഞ്ഞു. ഇതിന് മറുപടിയായി സംസ്ഥാനത്തെ താലൂക്, ജില്ലാ, ജെനറല്‍ ആശുപത്രികളും മെഡികല്‍ കോളജുകളും മെഡികല്‍ ബോര്‍ഡും ചേര്‍ന്നാണ് സര്‍ടിഫികറ്റ് നല്‍കേണ്ടതെന്നും എന്നാല്‍ ചില ആശുപത്രികളില്‍ ക്ലിനികല്‍ സൈക്യാട്രിസ്റ്റുകളില്ല, ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, ഇതുസബന്ധിച്ച് ആരെങ്കിലും പരാതി നല്‍കിയാല്‍ ഭിന്നശേഷി കമിഷന്‍ ഇടപെട്ട് നടപടി വേഗത്തിലാക്കുമെന്നും ഭിന്നശേഷി കമിഷണര്‍ പഞ്ചാപകേശന്‍ ഉറപ്പുനല്‍കി.

സാമൂഹ്യസുരക്ഷാ മിഷന്‍ എക്സിക്യൂടിവ് ഡയറക്ടര്‍ എ ഷിബു, സംസ്ഥാന ഭിന്നശേഷി കമിഷണര്‍ പഞ്ചാപകേശന്‍, നിഷ് ഡയറക്ടര്‍ ഡോ. സുജ, സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ഡയറക്ടര്‍ കെ മൊയ്ദീന്‍ കുട്ടി, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഫോര്‍ ഫിസികല്‍ മെഡിസിന്‍ റിഹാബിലിറ്റേഷന്‍ എക്സിക്യൂടിവ് ഡയറക്ടര്‍ സി ചന്ദ്രബാബു എന്നിവരാണ് ചര്‍ചയില്‍ പങ്കെടുത്തത്. ഇവര്‍ക്ക് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ മൊമെന്റോ നല്‍കി. ഡിഫറന്റ് ഗോ ആര്‍ട് സെന്റര്‍ എക്‌സിക്യൂടിവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടും പങ്കെടുത്തു.

Keywords: Various grievances were discussed in Disabilities kicks international conference, Thiruvananthapuram, News, Complaint, Conference, Disabilities Kicks, Parents, Traffic, Education, Kerala.

Post a Comment