തിരുവനന്തപുരം: (www.kvartha.com) ഇടവയില്‍ നിയന്ത്രണം വിട്ട ഓടോറിക്ഷ കുന്നിന്‍മുകളില്‍നിന്ന് കടലിലേക്ക് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഓടയം കിഴക്കേപ്പറമ്പില്‍ ഫാറൂഖ് (46) ആണ് മരിച്ചത്. വാഹനം കടലിലേക്ക് വീണ് കാണാതായ ഡ്രൈവറെ താഴെവെട്ടൂര്‍ കടല്‍ത്തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വ്യാഴാഴ്ച (06.07.2023) രാത്രി 7.45ന് ഇടവ മാന്തറ കടല്‍ത്തീരത്താണ് അപകടമുണ്ടായത്. കുന്നിന്റെ വശത്തുകൂടിയുള്ള വഴിയില്‍വെച്ച് വാഹനം നിയന്ത്രണംവിട്ട് താഴേക്ക് പതിച്ചെന്നാണ് പൊലീസ് നിഗമനം. തിരകളെ തടയാനുള്ള കരിങ്കല്‍ ഭിത്തിക്ക് മുകളില്‍ വീണ ഓടോറിക്ഷ പൂര്‍ണമായി തകര്‍ന്നു.
മാന്തറ ക്ഷേത്രത്തിന് പിന്നില്‍ വര്‍ക്കല ക്ലിഫിന്റെ ഭാഗമായ കുന്നില്‍ നിന്ന് 50 അടിയോളം താഴ്ചയിലേക്കാണ് ഓടോറിക്ഷ വീണത്. തുടര്‍ന്ന് രാത്രി വൈകിയും പ്രദേശവാസികളും ഫയര്‍ഫോഴ്‌സും പൊലീസും മീന്‍പിടുത്ത തൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഫാറൂഖിനെ കണ്ടെത്താനായില്ല. പ്രദേശത്ത് വൈദ്യുതി വിളക്കുകള്‍ ഇല്ലാത്തതും രക്ഷാദൗത്യത്തെ പ്രതികൂലമായി ബാധിച്ചു.
വെള്ളിയാഴ്ച (07.07.2023) രാവിലെയാണ് ഏകദേശം 5 കിലോമീറ്റര്‍ മാറിയുള്ള തീരത്ത് മൃതദേഹം കണ്ടെത്തിയത്. ഗള്‍ഫിലായിരുന്ന ഫാറൂഖ് പിന്നീട് നാട്ടിലെത്തി ഓടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പോസ്റ്റുമോര്‍ടം നടത്തി മൃതദേഹം ഖബറടക്കി. സുബിനയാണ് ഭാര്യ. മക്കള്‍: വാസില, സല്‍മാനുല്‍ ഫാരിസ്. മരുമകന്‍: സിദ്ദിഖ്.
Keywords: News, Kerala, Kerala-News, Accident-News, News-Malayalam, Thiruvananthapuram, Autorickshaw, Sea, Driver, Died, Thiruvananthapuram: Autorickshaw fell into sea and driver died.