ന്യൂഡെല്‍ഹി: (www.kvartha.com) മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് തമിഴ് നാട് സ്വതന്ത്ര പഠനത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ജല കമിഷന്‍. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് സ്വതന്ത്ര പഠനത്തിന് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കെയാണ് കേന്ദ്ര ജല കമിഷന്‍ ഇതുസംബന്ധിച്ച റിപോര്‍ട് സുപ്രീം കോടതിയില്‍ നല്‍കിയത്. കമ്മിഷന്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപോര്‍ടിലാണ് ഇക്കാര്യം പറയുന്നത്.
ഇരു സംസ്ഥാനങ്ങളും തമ്മില്‍ ധാരണയിലെത്തുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധനയുമായി തമിഴ്‌നാട് മുന്നോട്ടുപോകുമെന്നാണ് റിപോര്‍ടില്‍ പറയുന്നത്. അതേസമയം, സ്വതന്ത്ര സമിതിയെ വച്ചുള്ള സമഗ്ര പരിശോധനയാണ് കോടതി നിര്‍ദേശിച്ചിരുന്നത്. കേരളത്തിന് ഇതുമായി ബന്ധപ്പെട്ട് ആശങ്കകളുള്ളതിനാല്‍, പരിശോധനയ്ക്കു തമിഴ്‌നാടിനെ തന്നെ ചുമതലപ്പെടുത്തുന്നതിന് തുല്യമാവും ഇതെന്ന് വിലയിരുത്തലുകളും ഉയരുന്നുണ്ട്.
കേരളത്തിലെ പ്രളയ സാഹചര്യം കണക്കിലെടുത്ത് മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതു സംബന്ധിച്ച വിവരം മുന്‍കൂര്‍ അറിയിക്കുന്ന കാര്യത്തില്‍ സാങ്കേതിക തടസ്സങ്ങളുണ്ടെന്നും റിപോര്‍ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതിനു താല്‍കാലിക പരിഹാരം കാണാനാണ് നിലവില്‍ തീരുമാനമെന്നും റിപോര്‍ടില്‍ പറയുന്നു.
അതേസമയം, ബേബി, എര്‍ത് ഡാമുകളിലെ 15 മരങ്ങള്‍ മുറിച്ചുനീക്കുന്ന കാര്യത്തില്‍ ഇതുവരെ തീര്‍പ്പായില്ല. കേരളം ഇനിയും അനുമതി നല്‍കിയിട്ടില്ലെന്ന് റിപോര്‍ട് ചൂണ്ടിക്കാട്ടുന്നു. പ്രശ്‌നത്തിനു പരിഹാരം കാണാന്‍ സമിതി ഇരു ചീഫ് സെക്രടറിമാരോടും നിര്‍ദേശിച്ചു.
Keywords: Tamil Nadu to conduct study on security of Mullaperiyar dam, New Delhi, News, Tamil Nadu, Report, Supreme Court, Conduct Study, Report, Mullaperiyar Dam, National.