Protest | 'മുതലപ്പൊഴിയില്‍ മീന്‍പിടുത്ത തൊഴിലാളി മരിച്ച സ്ഥലത്ത് സന്ദര്‍ശനത്തിനെത്തിയ മന്ത്രിമാര്‍ക്കുനേരെ പ്രദേശവാസികളുടെ പ്രതിഷേധം'

 


തിരുവനന്തപുരം: (www.kvartha.com) മുതലപ്പൊഴിയില്‍ മീന്‍പിടുത്ത തൊഴിലാളി മരിച്ച സ്ഥലത്ത് സന്ദര്‍ശനത്തിനെത്തിയ മന്ത്രിമാര്‍ക്കുനേരെ പ്രദേശവാസികളുടെ പ്രതിഷേധം. രക്ഷാപ്രവര്‍ത്തനം വൈകുന്നു എന്നാരോപിച്ചാണ് ഇവര്‍ മന്ത്രിമാരെ തടയാന്‍ ശ്രമിച്ചത്. ഒടുവില്‍ പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രിമാര്‍ സ്ഥലത്തുനിന്ന് മടങ്ങി.

മന്ത്രിമാരായ വി ശിവന്‍കുട്ടി, ജിആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ക്കെതിരെയാണ് പ്രതിഷേധമുണ്ടായത്. രാവിലെ മീന്‍ പിടിക്കാന്‍ പോയ ഒരു തൊഴിലാളി മരിക്കുകയും മൂന്നു പേരെ കാണാതാകുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രദേശത്ത് പ്രതിഷേധം തുടര്‍ന്നത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവിടെ അപകടം പതിവാണെന്നും അടുത്ത വര്‍ഷമെങ്കിലും മരണം ഇല്ലാതാകുമോ എന്നും തൊഴിലാളികള്‍ ചോദിക്കുന്നു. നിരന്തരം അപകടം നടക്കുന്ന പ്രദേശമാണെന്നതു കൊണ്ടുതന്നെ എന്തുകൊണ്ടാണ് അടിയന്തര രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ ഒരുക്കാത്തതെന്നും പ്രദേശവാസികള്‍ ചോദിച്ചു. അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് സര്‍കാര്‍ സംവിധാനങ്ങള്‍ സ്ഥലത്ത് എത്തിയതെന്നും ഇവര്‍ ആരോപിച്ചു.

പ്രതിഷേധിച്ചവരോട് ഷോ വേണ്ടെന്ന് മന്ത്രിമാര്‍ പറഞ്ഞതായുള്ള ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് പ്രതിഷേധം ശക്തമായി. തുടര്‍ന്ന് മന്ത്രിമാര്‍ മടങ്ങി. സ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരെ തടയാന്‍ ഫാദര്‍ യുജീന്‍ പേരേര ആഹ്വാനം ചെയ്‌തെന്നും ആഹ്വാനം അനുസരിക്കാതെ പ്രദേശവാസികള്‍ സംയമനം പാലിച്ചതിനാല്‍ വലിയ സംഘര്‍ഷം ഒഴിവായെന്നും മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

വാര്‍ത്താകുറിപ്പില്‍ പറയുന്നത്:


തിങ്കളാഴ്ച പുലര്‍ചെയാണ് മീന്‍പിടുത്ത വള്ളം മറിഞ്ഞത്. അതിരാവിലെ തന്നെ ജില്ലാ ഭരണകൂടം തിരച്ചിലിനു വേണ്ട ക്രമീകരണങ്ങള്‍ നടത്തി. ഡോണിയര്‍ വിമാനം, ഹെലികോപ്റ്റര്‍ എന്നിവയടക്കമുള്ളവയുടെ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡ്, ലോകല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ ഏജന്‍സികളാണ് തിരച്ചിലിന് ഇറങ്ങിയത്.

ജില്ലാ അദാലത്ത് വെട്ടിച്ചുരുക്കി മന്ത്രിമാരും ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി. തൊഴിലാളികള്‍ക്ക് പറയാനുള്ളത് മന്ത്രിമാര്‍ സശ്രദ്ധം കേട്ടു. സ്‌കൂബാ ഡൈവേഴ്‌സിന്റെ സേവനം തൊഴിലാളികളുടെ ആവശ്യപ്രകാരം ലഭ്യമാക്കി. ഇതിനുശേഷം മരിച്ച തൊഴിലാളി കുഞ്ഞുമോന്റെ മൃതദേഹത്തില്‍ മന്ത്രിമാര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

കുടുംബത്തെ വീട്ടിലെത്തി ആശ്വസിപ്പിച്ചു. മന്ത്രിമാര്‍ തിരികെ പോകാന്‍ ഒരുങ്ങുമ്പോഴാണ് ബിഷപ് തോമസ് നെറ്റോയും ഫാദര്‍ യുജീന്‍ പേരേരയും സംഭവസ്ഥലത്ത് എത്തുന്നത്. സ്ഥലത്തെത്തിയ ഉടന്‍ ഫാദര്‍ യുജീന്‍ പെരേര മന്ത്രിമാരെ തടയാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. പ്രദേശവാസികള്‍ സംയമനം പാലിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായില്ല- എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വി ജോയി എംഎല്‍എ, ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് ഐഎഎസ് തുടങ്ങിയവരും മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്നുള്ള നടപടികള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിമാരുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ ആര്‍ ഡിഒയെ ചുമതലപ്പെടുത്തി. അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.

Protest | 'മുതലപ്പൊഴിയില്‍ മീന്‍പിടുത്ത തൊഴിലാളി മരിച്ച സ്ഥലത്ത് സന്ദര്‍ശനത്തിനെത്തിയ മന്ത്രിമാര്‍ക്കുനേരെ പ്രദേശവാസികളുടെ പ്രതിഷേധം'

മുതലപ്പൊഴിയില്‍ മീന്‍പിടുത്ത ബോടുകളും വള്ളങ്ങളും അപകടത്തില്‍പ്പെടുന്നത് പതിവാണ്. നിരവധിപേരാണ് അപകടങ്ങളില്‍ മരിച്ചത്. അശാസ്ത്രീയമായ പുലിമുട്ട് നിര്‍മാണമാണ് അപകടത്തിനു കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു.

Keywords:  Protesters block ministers in Muthalapozhi near state capital over govt lapses in ensuring fishers safety, Thiruvananthapuram, News, Protesters Block Ministers,  Muthalapozhi, Fishers Safety, Allegation, Rescue Operation, Accident, Statement, Kerala.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia