Follow KVARTHA on Google news Follow Us!
ad

Oommen Chandy | അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊട്ടാരക്കരയിലെത്തി; പ്രിയനേതാവിനെ ഒരുനോക്ക് കാണാന്‍ വന്‍ ജനക്കൂട്ടം; തിരുനക്കരയില്‍ എത്തുക അര്‍ധരാത്രിയോടെ

പ്രത്യേകം തയാറാക്കിയ കെ എസ് ആര്‍ ടി സി ബസിലാണ് യാത്ര Funeral procession, Former Chief Minister Oommen Chandy, Kerala News
തിരുവനന്തപുരം: (www.kvartha.com) അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ലയില്‍ തുടരുന്നു. ചടയമംഗലത്തും വാളകത്തും ആയൂരും വന്‍ ജനക്കൂട്ടമാണ് പ്രിയ നേതാവിനെ ഒരു നോക്കുകാണാനും അന്ത്യാജ്ഞലി അര്‍പ്പിക്കാനും എത്തിയത്. ആള്‍ക്കൂട്ടത്തിന് നടുവില്‍ ജീവിച്ച നേതാവിന്റെ അവസാനയാത്രയും ജനപ്രവാഹത്തിന് നടുവിലൂടെയാണ്.

വിലാപയാത്ര ഇപ്പോള്‍ കൊട്ടാരക്കരയിലേക്ക് പ്രവേശിക്കുന്നു. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്‍നിന്നു രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, എട്ടു മണിക്കൂറോളം എടുത്താണ് തിരുവനന്തപുരം ജില്ല പിന്നിട്ടത്. പിന്നിടുന്ന വഴിയോരങ്ങളില്‍ ജനലക്ഷങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി കാത്തുനില്‍ക്കുന്നത്. പ്രത്യേകം തയാറാക്കിയ കെ എസ് ആര്‍ ടി സി ബസിലാണ് യാത്ര.

വഴിയോരങ്ങളില്‍ കാത്തുനില്‍ക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍ പെരുമഴ പോലും വകവയ്ക്കാതെ പൂക്കള്‍ അര്‍പ്പിച്ചും കൈകള്‍ കൂപ്പിയും സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചു. വൈകിട്ടോടെ കോട്ടയം തിരുനക്കര മൈതാനത്ത് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കാത്തുനില്‍ക്കുന്ന വന്‍ ജനാവലിക്കു നടുവിലൂടെ എത്താന്‍ അര്‍ധരാത്രിയാകും.

തുടര്‍ന്ന് പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് എത്തും. എംസി റോഡില്‍ പുലര്‍ചെ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. സെന്റ് ജോര്‍ജ് ഓര്‍തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ വ്യാഴാഴ്ച വൈകിട്ട് 3.30ന് സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാര്‍തോമാ മാത്യൂസ് തൃതീയന്‍ കാതോലികാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.

ചൊവ്വാഴ്ച പുലര്‍ചെ 4.25ന് ബെംഗ്ലൂറിലായിരുന്നു ഉമ്മന്‍ ചാണ്ടി (79) യുടെ വിയോഗം. ഏറെ നാളായി കാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരുന്നു. ആരോഗ്യം മോശമായതിനെത്തുടര്‍ന്നു തിങ്കളാഴ്ച രാത്രി ഇന്ദിരാനഗറിലെ ചിന്‍മയ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ത്യ നിമിഷങ്ങളില്‍ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി, മറിയ, അച്ചു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

രണ്ടു തവണയായി ആറേമുക്കാല്‍ വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ കര്‍മമണ്ഡലമായിരുന്ന തിരുവനന്തപുരത്ത് ഉച്ചയ്ക്ക് രണ്ടരയോടെ പ്രത്യേക വിമാനത്തില്‍ മൃതദേഹമെത്തിച്ചു. ജഗതിയിലെ പുതുപ്പള്ളി ഹൗസിലും സെക്രടേറിയറ്റ് ദര്‍ബാര്‍ ഹാളിലും പാളയം സെന്റ് ജോര്‍ജ് ഓര്‍തഡോക്‌സ് കതീഡ്രലിലും കെപിസിസി ഓഫിസിലും പൊതുദര്‍ശനം.

Funeral procession carrying mortal remains of late former Chief Minister Oommen Chandy reached Kottarakkara, Thiruvananthapuram, News, Funeral procession, Former Chief Minister Oommen Chandy, Flight, KSRTC, Hospital, Kerala

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ദര്‍ബാര്‍ ഹാളില്‍ ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടി കരുത്തനായ നേതാവായിരുന്നുവെന്നും അടുത്ത സുഹൃത്തിനെയാണു നഷ്ടമായതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ആള്‍ക്കൂട്ടത്തിലലിഞ്ഞായിരുന്നു തലസ്ഥാന നഗരിയിലെ അന്ത്യയാത്ര. പ്രിയനേതാവിനെ അവസാന നോക്കു കാണാനെത്തിയവര്‍ കരഞ്ഞും മുദ്രാവാക്യം വിളിച്ചും പൂക്കളെറിഞ്ഞും വിട ചൊല്ലി.

Keywords: Oommen Chandy’s funeral procession: Hundreds gather to catch a glimpse of their leader, Thiruvananthapuram, News, Funeral procession, Former Chief Minister Oommen Chandy, Flight, KSRTC, Hospital, Kerala.

Post a Comment