കൊല്ലം: (www.kvartha.com) നീറ്റ് പരീക്ഷാ ഫലത്തില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ പിടിയില്‍. കടയ്ക്കല്‍ ഗ്രാമ പഞ്ചായത് പരിധിയിലെ സമിഖാന്‍ (21) ആണ് അറസ്റ്റിലായത്. ഹൈകോടതി നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് സമിഖാന് പിടിവീണത്.
2021 - 22 ലെ നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്കും മാര്‍ക്കും നേടിയതായി കൃത്രിമ രേഖയുണ്ടാക്കിയെന്നാണ് കേസ്. പ്രവേശനം ലഭിക്കാതെ വന്നതോടെ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതിയുടെ നിര്‍ദേശപ്രകാരം സൈബര്‍ സെല്‍ പരിശോധനയില്‍ രേഖ കൃത്രിമമാണെന്ന് തെളിഞ്ഞു. ഇതോടെയാണ് സമിഖാനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സമീഖാനെ അറസ്റ്റ് ചെയ്തത്. ബാലസംഘം കടയ്ക്കല്‍ കോ ഓര്‍ഡിനേറ്ററായിരുന്നു സമീഖാന്‍. പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. നീറ്റ് പരീക്ഷയില്‍ സമീഖാന് വെറും 16 മാര്‍കാണ് ലഭിച്ചത്. ഇത് 468 ആക്കി വ്യാജ മാര്‍ക് ലിസ്റ്റ് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. വ്യാജരേഖ ഉണ്ടാക്കിയ സമിഖാന്‍ പ്രവേശനം ലഭിക്കാതെ കോടതിയെ സമീപിച്ചതോടെയാണ് ഇക്കാര്യത്തില്‍ കുടുക്കിലായത്.
മാര്‍ക് തിരുത്തുക മാത്രമല്ല ഹൈകോടതിയെ കബളിപ്പിക്കാനും ഇയാള്‍ ശ്രമിച്ചു. എന്‍ടിഎയുടെ സൈറ്റില്‍ നിന്നും കിട്ടിയ 16 മാര്‍കിന്റെ സര്‍ടിഫികറ്റും 468 മാര്‍കിന്റെ മറ്റൊരു സര്‍ടിഫികറ്റും ഹൈകോടതിയില്‍ സമര്‍പിച്ച സമിഖാന്‍ തനിക്ക് 2 മാര്‍ക് ലിസ്റ്റുകള്‍ ലഭിച്ചെന്നും ഏറ്റവും കുറവുള്ള മാര്‍ക് ലിസ്റ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്കും മാര്‍കും നേടിയെന്നും കൗണ്‍സിലിങ്ങില്‍ പങ്കെടുപ്പിക്കണമെന്നും യുവാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതുസംബന്ധിച്ച് വ്യക്തത വരുത്താന്‍ എന്‍ടിഎ അധികൃതരോട് ഹൈകോടതി ആവശ്യപ്പെടുകയായിരുന്നു. എന്‍ടിഎ നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ 468 എന്ന മാര്‍ക് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ കൊല്ലം റൂറല്‍ എസ്പിക്ക് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.
കോടതി നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയാണ് വ്യാജരേഖയെന്ന കണ്ടെത്തലിലേക്ക് നയിച്ചതെന്നത് കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കനത്ത തിരിച്ചടിയായി. സംഭവത്തെ രാഷ്ട്രീയമായി വിമര്‍ശിച്ച് കൊണ്ട് കെഎസ്യു രംഗത്ത് വന്നിട്ടുണ്ട്. മഹാരാജാസ് കോളജിലെ വ്യാജരേഖാ കേസും കായംകുളം എംഎസ്എം കോളജിലെ വ്യാജരേഖാ കേസും എസ്എഫ്‌ഐയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് സമിഖാന്റെ അറസ്റ്റും ഉണ്ടായത്.
Keywords: News, Kerala, Kerala-News, Local-News, Regional-News, NEET, Fraud Result, DYFI Leader, Arrested, Kollam, Marklist, NEET result fraud; DYFI leader arrested at Kollam.