Veena George | 4 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 164 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍ ക്യു എ എസ്

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്ക് കൂടി നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (NQAS) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു സാമൂഹികാരോഗ്യ കേന്ദ്രത്തിനും മൂന്ന് കുടുബാരോഗ്യ കേന്ദ്രങ്ങള്‍ക്കുമാണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

കൊല്ലം സാമൂഹികാരോഗ്യ കേന്ദ്രം തൃക്കടവൂര്‍ 87% സ്‌കോറും, കോട്ടയം എഫ് എച് സി ഉദയനാപുരം 97% സ്‌കോറും, കൊല്ലം എഫ് എച് സി ശൂരനാട് സൗത് 92% സ്‌കോറും, കൊല്ലം എഫ് എച് സി പെരുമണ്‍ 84% സ്‌കോറും, നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 164 ആശുപത്രികള്‍ക്കാണ് എന്‍ ക്യു എ എസ് അംഗീകാരം നേടിയെടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.

അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക് ആശുപത്രികള്‍, ഒമ്പത് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത് സെന്റര്‍, 107 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ ക്യു എ എസ് അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ 10 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ടിഫികേഷനും ലഭിച്ചിട്ടുണ്ട്.

എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക് പോയിന്റുകള്‍ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എന്‍ ക്യു എ എസ് അംഗീകാരത്തിന് മൂന്നു വര്‍ഷ കാലാവധിയാണുളളത്. മൂന്നു വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍ ക്യു എ എസ് അംഗീകാരം ലഭിക്കുന്ന പി എച് സികള്‍ക്ക് രണ്ടു ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സന്റീവ് ലഭിക്കും.

സര്‍കാര്‍ ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി കൂടുതല്‍ സര്‍കാര്‍ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ജില്ലാ താലൂക് ആശുപത്രികളില്‍ ഗുണനിലവാരം ഉറപ്പാക്കാനായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ എം എല്‍ എമാരുള്‍പെടെയുള്ള ജനപ്രതിനിധികളെ ഉള്‍പെടുത്തി യോഗങ്ങള്‍ ചേര്‍ന്ന് നടപടി സ്വീകരിച്ചു വരുന്നു.

Veena George | 4 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 164 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍ ക്യു എ എസ്

എംഎല്‍എമാരുടെയും മറ്റ് ജനപ്രതിനിധികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സര്‍കാര്‍ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം.

Keywords:  National quality accreditation for 4 more hospitals; A total of 164 health institutions have NQAS, Thiruvananthapuram, News, National Quality Accreditation, Health Minister, Veena George, Health, Hospital, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia