കെ സുധാകരനൊപ്പം മുസ്‌ലിം ലീഗ് സംസ്ഥാന ജെനറല്‍ സെക്രടറി കെ എം ശാജിയെയുമാണ് മുഖ്യപ്രഭാഷകനായി നിശ്ചയിച്ചിരുന്നത്. മറ്റു ഘടകകക്ഷി നേതാക്കള്‍ക്കൊപ്പം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരിയെയു ക്ഷണിച്ചിരുന്നു. എന്നാല്‍ ലീഗ് നേതാക്കള്‍ കെ സുധാകരനൊപ്പം വേദി പങ്കിടാന്‍ തയ്യാറായില്ല. ജില്ലാ നേതൃത്വം എതിര്‍പ്പു പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കെ എം ശാജി പങ്കെടുക്കാഞ്ഞതെന്നാണ് മുസ്‌ലിം ലീഗില്‍ നിന്നും ലഭിക്കുന്ന വിവരം. മറ്റുഘടകകക്ഷികള്‍ നേതാക്കള്‍ പങ്കെടുത്തുവെങ്കിലും സുധാകരന് ഐക്യദാർഢ്യം പ്രഖ്യാപിക്കാന്‍ മുസ്‌ലിം ലീഗ് എത്താത്തതിന്റെ നീരസം പൊതുയോഗത്തില്‍ കത്തിക്കയറി പ്രസംഗിച്ച കോണ്‍ഗ്രസ് നേതാവ് ബി ആര്‍ എം ശഫീർ സൂചിപ്പിക്കുകയും ചെയ്തു.
അരിയില്‍ ശുകൂറിന്റെയും പെരിങ്ങത്തൂര്‍ മന്‍സൂറിന്റെയും രക്തസാക്ഷിത്വമുണ്ടായപ്പോള്‍ ലീഗിന് കാവലാള്‍ നില്‍ക്കുകയും അവരോടൊപ്പം പോരാടുകയും ചെയ്ത നേതാവാണ് കെ സുധാകരനെന്ന് ഓര്‍ക്കണമെന്നായിരുന്നു ശഫീര്‍ തുറന്നടിച്ചത്. കെ എം ശാജിക്കെതിരെ കണ്ണൂരില്‍ നിരവധി കേസുകള്‍ വന്നപ്പോള്‍ ശാജിക്കും ലീഗിനുമൊപ്പം നിന്ന നേതാവുകൂടിയാണ് കെ സുധാകരന്‍. അതുകൊണ്ടു തന്നെ മുസ്‌ലിം ലീഗിന്റെ നിലപാട് കത്തുന്ന വീടില്‍ നിന്നും കഴുക്കോല്‍ ഊരുന്നതിന് സമാനമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
കെ എം ശാജിയുടെ അസാന്നിധ്യം ബി ആര്‍ എം ശഫീർ, ടി സിദ്ദീഖ് , എം ലിജു എന്നിവരെ ഇറക്കിയാണ് കോണ്‍ഗ്രസ് പരിഹരിച്ചത്. തീപ്പൊരി പ്രസംഗം കൊണ്ടു ശഫീർ, ശാജിയുടെ അസാന്നിധ്യം നികത്തുകയും ചെയ്തു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനം അവസാനത്തെ രണ്ടരവര്‍ഷത്തെ ടേം തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അതുകോണ്‍ഗ്രസ് അംഗീകരിക്കാത്തതാണ് മുസ്‌ലിം ലീഗിനെ പ്രകോപിപ്പിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കം പങ്കെടുത്ത യോഗത്തിലായിരുന്നു മേയര്‍ പദവി രണ്ടരവര്‍ഷം കോണ്‍ഗ്രസിനും രണ്ടരവര്‍ഷം ലീഗിനുമെന്ന ഉഭയകക്ഷി ധാരണയിലെത്തിയത്. എന്നാല്‍, സമയമായപ്പോള്‍ കോണ്‍ഗ്രസ് ചുവട് മാറ്റിയെന്നാണ് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം ആരോപിക്കുന്നത്.
തങ്ങള്‍ക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുളളതിനാല്‍ മേയര്‍ പദവികൈമാറേണ്ടതില്ലെന്ന ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടാണ് കോണ്‍ഗ്രസിന്റെതെന്നും മുസ്‌ലിം ലീഗ് ആരോപിക്കുന്നു. എന്നാല്‍
നേരത്തെ നഗരസഭയായിരുന്നപ്പോള്‍ പദവി കൈമാറിയ രീതി ഇനിയും തുടരാനാവില്ലെന്നാണ് ഇതേ കുറിച്ചു ഡിസിസി നേതൃത്വത്തിന്റെ നിലപാട്. കോര്‍പറേഷന്‍ രൂപീകരണത്തിന് നഗരസഭയിലേക്ക് കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളെല്ലാം കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ളതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
മേയര്‍ പദവി കൈമാറിയില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് മുസ്‌ലിം ലീഗ് ജില്ലാനേതൃത്വത്തിന്റെ നിലപാട്. ഇതിനെ ഉറ്റു നോക്കുകയാണ് മുഖ്യപ്രതിപക്ഷമായ എല്‍ ഡി എഫ്. മുസ്‌ലിം ലീഗെന്ന പോലെ ബ്ലോക് പ്രസിഡന്റ് നോമിനേഷന്‍ വിഷയത്തില്‍ ജില്ലാ നേതൃത്വവുമായി തെറ്റിയ എ ഗ്രൂപ് നേതാക്കളും കെ സുധാകരന് പിന്തുണ പ്രഖ്യാപിച്ചു നടത്തിയ രാഷ്ട്രീയവിശദീകരണയോഗത്തില്‍ പങ്കെടുത്തിട്ടില്ല. യു ഡി എഫ് ചെയര്‍മാന്‍ പി ടി മാത്യുവും പരിപാടിയില്‍ പങ്കെടുത്തിട്ടില്ല.
Keywords: News, Kannur, Kerala, Politics, KPCC President, K Sudhakaran, Muslim League, Congress, KM Shaji, Muslim League-Congress fight in Kannur.
< !- START disable copy paste -->