അഴീക്കോട് വെള്ളം കയറിയ പ്രദേശങ്ങളിലെ 125 ഓളം പേരെ നിലവില്‍ മാറ്റിപാര്‍പ്പിച്ചു. വ്യാഴാഴ്ച രാവിലെ ഫയര്‍ഫോഴ്സും പ്രദേശവാസികളും ചേര്‍ന്ന് സാഹസികമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാംപുകള്‍ കെ വി സുമേഷ് എം എല്‍ എ സന്ദര്‍ശിച്ചു.
തലശ്ശേരി താലൂകില്‍ തിരുവങ്ങാട്, കോടിയേരി എന്നീ വിലേജുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനാലാണ് ദുരിതബാധിതരെ മാറ്റി പാര്‍പ്പിക്കാന്‍ മുബാറക് സ്‌കൂളില്‍ കാംപ് ആരംഭിച്ചത്. നിലവില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മാത്രമാണ് ഇവിടെയുള്ളത്. അതേസമയം വെള്ളാട് കാപ്പിമല വൈതല്‍ക്കുണ്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. വൈതല്‍ക്കുണ്ടില്‍ പറമ്പില്‍ ബിനോയുടെ സ്ഥലത്ത് 100 മീറ്ററോളം നീളത്തില്‍ മണ്ണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ആളപായമില്ല.
വെള്ളക്കെട്ടിനെ തുടര്‍ന്ന് മുഴപ്പിലങ്ങാട് നൂറിലേറെ പേരെ ബന്ധുവീടുകളിലേക്ക് മാറ്റി. എ ഡി എം കെ കെ ദിവാകരന്‍ സ്ഥലം സന്ദര്‍ശിച്ച് വെള്ളക്കെട്ട് ഒഴിവാക്കാന്‍ ദേശീയപാത അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ചാലുകീറി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവൃത്തി ആരംഭിച്ചു. കോടിയേരി വിലേജ് പരിധിയിലെ പെട്ടിപ്പാലം കോളനിയില്‍ രൂക്ഷമായ കടല്‍ക്ഷോഭമുണ്ടായി. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മകളുടെ വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുന്നതിനിടെ കോടിയേരി ആച്ചുകുളങ്ങര നീലേശ് നിവാസില്‍ പി പി ദിവാകരന്‍ കുഴഞ്ഞുവീണു മരിച്ചു.
പയ്യന്നൂര്‍ താലൂകിലെ കണിയേരി കെ പി കൃഷ്ണന്റെ വീടിനു മുകളില്‍ കവുങ്ങ് വീണ് 30,000 രൂപയുടെ നാശനഷ്ടമുണ്ടായി. താഴെചൊവ്വ പുളുക്ക് പാലത്തിന് സമീപം വെള്ളം കയറിയതോടെ 10 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. പരിയാരം പൊയില്‍-കുറ്റ്യേരിക്കടവ് റോഡിന് സമീപം ഇബ്രാഹിം മൗലവിയുടെ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു.
വെള്ളോറ വിലേജിലെ കുപ്പാടകത്ത് ജനാര്‍ദനനും കുടുംബവും താമസിക്കുന്ന വീടിനു മുകളില്‍ മരം പൊട്ടിവീണ് വീടിന് ഭാഗികമായ നഷ്ടം സംഭവിച്ചു. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് തിമിരി വിലേജ് കോട്ടക്കടവില്‍ കപ്പുവളപ്പില്‍ സദാനന്ദനെയും കുടുംബത്തെയും ബന്ധുവീട്ടിലേക്ക് മാറ്റി. തിമിരി വിലേജ് ഓഫീസ് താല്‍കാലികമായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെയുള്ള രേഖകള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
വെള്ളാട് വെട്ടിമാരുതിലെ കളപ്പുരക്കല്‍ കാന്തമണിയുടെ വീട് ചുഴലി കാറ്റിലും മഴയിലും പൂര്‍ണമായി തകര്‍ന്നു. വാരം കൊമ്പ്രപീടികക്ക് സമീപത്ത് വെള്ളം കയറി ചുറ്റുമതില്‍ തകരുകയും വീടുകള്‍ തകര്‍ച ഭീഷണി നേരിടുകയും ചെയ്യുന്നുണ്ട്.
അഴീക്കോട് മണ്ഡലത്തില്‍ ആരംഭിച്ച ദുരിതാശ്വാസ കാംപുകള്‍ സന്ദര്‍ശിച്ച് മെഡികല്‍ സംഘം സാഹചര്യം വിലയിരുത്തി. ആരോഗ്യ വകുപ്പ് ഡെപ്യൂടി ഡയറക്ടര്‍ ഡോ. വിദ്യ, ഡോ. അനീറ്റ, ഡോ. രമ്യ എന്നിവരാണ് കാംപുകളിലെത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയത്.
ഇവിടെ പ്രദേശത്തെ പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവര്‍ത്തകരുടെ സംഘം 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കുന്നുണ്ട്. രോഗപ്രതിരോധ പ്രവര്‍ത്തനം നടത്തുകയും കാംപുകളിലെ ശുചിത്വ സംവിധാനങ്ങള്‍, ശുദ്ധമായ കുടിവെള്ളം, ആഹാര ശുചിത്വം എന്നിവ ഉറപ്പ് വരുത്തുകയും ചെയ്യും. ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കാനും മെഡികല്‍ സംഘം ഇവര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലയിലെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ദുരന്ത നിവാരണ നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്. ഇവര്‍ അതിവേഗത്തില്‍ റിപ്പോര്‍ട്ടുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് (ആരോഗ്യം) നല്‍കുന്നുണ്ട്. കണ്‍ട്രോള്‍ സെല്‍ നമ്പര്‍: 0497-2713437.
മഴ കനത്ത സാഹചര്യത്തില്‍ അപകടകരമായ മരം മുറിച്ചുമാറ്റാനുള്ള അധികാരം പഞ്ചായതുകള്‍ വിനിയോഗിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
വിവിധ വകുപ്പുകളും അവയ്ക്ക് കീഴിലെ അപകടകരമായ മരം മുറിക്കാന്‍ നടപടി സ്വീകരിക്കണം. മഴക്കെടുതി മൂലം ഉണ്ടായ നാശനഷ്ടങ്ങളുടെ റിപോര്‍ടുകള്‍ വേഗത്തില്‍ സമര്‍പ്പിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ദേശീയപാതയില്‍ സര്‍വീസ് റോഡുകള്‍ തകര്‍ന്നിടത്ത് താല്‍കാലികമായ അറ്റകുറ്റപണി നടന്നുവരുന്നതായി നിര്‍മാണ കംപനികള്‍ അറിയിച്ചു.
ദേശീയപാതയിലെ വെള്ളക്കെട്ട് ഇല്ലാതാക്കാനുള്ള പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ദുരിതാശ്വാസ കാംപുകളിലെ കുടിവെള്ളം പരിശോധിക്കാന്‍ വാടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. ഓവുചാലുകള്‍ വൃത്തിയാക്കി എന്ന് ഉറപ്പാക്കണമെന്ന് ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു.
എഡിഎം കെ കെ ദിവാകരന്‍, വിവിധ ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. കണ്ണൂര്‍ ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ഐ സി എസ് ഇ, സി ബി എസ് ഇ സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) ജൂലൈ ഏഴ് വെള്ളിയാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
Keywords: Kannur: Relief camps opened at four places, Kannur, News, Doctors, Visit, MLA, Family, Relief Camps Opened, Death, Kerala.