Follow KVARTHA on Google news Follow Us!
ad

Cricket | വെസ്റ്റ് ഇന്‍ഡീസിനോട് ഇന്ത്യ എന്ത് കൊണ്ട് തോറ്റു? 5 കാരണങ്ങള്‍ ഇതാ

കഴിഞ്ഞ 10 ഏകദിനങ്ങളില്‍ ആദ്യ പരാജയം India, West Indies, ODI, Team India, Cricket, Sports
ബാര്‍ബഡോസ്: (www.kvartha.com) കെന്‍സിംഗ്ടണ്‍ ഓവലില്‍ നടന്ന ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ ദയനീയ പരാജയം ആരാധകരെ നിരാശരാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ വിജയമാണിത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ടീമാണ് കഴിഞ്ഞ 10 ഏകദിനങ്ങളില്‍ ആദ്യമായി പരാജയമറിഞ്ഞത്.
       
India, West Indies, ODI, Team India, Cricket, Sports, Indian Cricket, Cricket Match, Virat Kohli, Rohit Sharma, IND VS WI, IND VS WI: Know 5 big reasons for lose.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 40.5 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു. മറുപടിയായി കരീബിയന്‍ ടീം 36.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി മത്സരം ആറ് വിക്കറ്റിന് ജയിച്ചു. ഇപ്പോള്‍ പരമ്പര 1-1ന് തുല്യമാണ്. 2006ന് ശേഷം വെസ്റ്റ് ഇന്‍ഡീസില്‍ ഒരു പരമ്പര നഷ്ടപ്പെടുന്ന അപകടത്തിലാണ് ഇന്ത്യ. എന്താണ് ഇന്ത്യയുടെ പരാജയത്തിലേക്ക് നയിച്ചതെന്ന് നോക്കാം.

രോഹിത്-കോഹ്ലി അഭാവം

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ടീം ഇന്ത്യയുടെ തോല്‍വിക്ക് ഏറ്റവും വലിയ കാരണം രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും അഭാവമാണ്. യുവതാരങ്ങളെ പരീക്ഷിക്കാന്‍ ഈ രണ്ട് മുതിര്‍ന്ന താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചിരുന്നു, എന്നാല്‍ ലോകകപ്പിന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ടീം മാനേജ്മെന്റിന്റെ തീരുമാനം ന്യായീകരിക്കപ്പെടുമോ? ഈ മത്സരത്തില്‍, രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയും മധ്യനിരയില്‍ വിരാട് കോഹ്ലിക്ക് പകരമുള്ളവരുടെ പരിചയക്കുറവും ടീം ഇന്ത്യയ്ക്ക് അനുഭവപ്പെട്ടു.

ഗില്‍ - കിഷന് ശേഷം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു

സീനിയര്‍ കളിക്കാരുടെ അഭാവത്തില്‍, ഇഷാന്‍ കിഷന് ഒരിക്കല്‍ കൂടി ഇന്നിംഗ്‌സ് ആരംഭിക്കാന്‍ അവസരം ലഭിച്ചു, കൂടാതെ ശുബ്മാന്‍ ഗില്ലുമായി 90 റണ്‍സിന്റെ കൂട്ടുകെട്ട് പങ്കിട്ടു, പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം അര്‍ദ്ധ സെഞ്ച്വറി നേടി. കിഷന്‍ 55ഉം ഗില്‍ 34ഉം റണ്‍സെടുത്തു. എന്നാല്‍ ഈ രണ്ട് ബാറ്റ്‌സ്മാന്‍മാരും പുറത്തായതോടെ ടീം കരകയറാന്‍ കഴിയാതെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.

ബാറ്റിംഗ് ഓര്‍ഡര്‍

ഓപ്പണര്‍മാരൊഴികെ ബാറ്റിംഗ് ഓര്‍ഡര്‍ മുഴുവനും തകിടം മറിഞ്ഞു. വിരാടിന്റെ അഭാവത്തിലും ഇന്ത്യക്ക് എട്ടാം നമ്പര്‍ വരെ ബാറ്റിംഗ് ഓപ്ഷനുകള്‍ ഉണ്ടായിരുന്നു. കുല്‍ദീപ് യാദവിന്റെയും ആഭ്യന്തര ക്രിക്കറ്റില്‍ റെക്കോര്‍ഡ് മികച്ചതാണ്. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ, 90 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടിന് ശേഷവും ടീം ഇന്ത്യ 181 റണ്‍സില്‍ ഒതുങ്ങി. വെറും 91 റണ്‍സിനിടെ ഇന്ത്യക്ക് അടുത്ത ഒമ്പത് വിക്കറ്റ് നഷ്ടമായി. ഇനി അതിനെ ആതിഥേയരുടെ ബൗളിംഗ് മികവെന്നോ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനമെന്നോ വിളിക്കാം.

എട്ട് മാസത്തിന് ശേഷം സഞ്ജു സാംസണിന് നീല ജേഴ്സിയില്‍ കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും ഇത്തവണയും നിരാശപ്പെടുത്തി. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ തുടങ്ങിയ ബാറ്റ്സ്മാന്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സൂര്യകുമാര്‍ യാദവ് 24 റണ്‍സ് നേടിയെങ്കിലും, ഈ മികച്ച തുടക്കം വലിയ സ്‌കോറാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അഞ്ച് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒറ്റ അക്കത്തില്‍ പുറത്തായി.

സ്പിന്നര്‍മാരുടെ മാന്ത്രികത ഫലിച്ചില്ല

ആദ്യ ഏകദിനത്തിലെ സ്പിന്നര്‍മാരുടെ അപാരമായ വിജയം കണ്ടാണ് ടീം മാനേജ്‌മെന്റ് മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചത്. അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഇടം നേടി. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വിജയിച്ചില്ല. കുല്‍ദീപ് യാദവിന് ഒരു വിക്കറ്റ് ലഭിച്ചു, പക്ഷേ ജഡേജയ്ക്കും അക്സറിനും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതിശയകരമെന്നു പറയട്ടെ, മൂന്ന് സ്പിന്നര്‍മാരും ഒരുമിച്ച് 16 ഓവര്‍ എറിഞ്ഞു.

അവസരം മുതലാക്കാനായില്ല

ആദ്യ വിക്കറ്റില്‍ 53 റണ്‍സ് കൂട്ടിച്ചേര്‍ത്ത് വിന്‍ഡീസിന് കൈല്‍ മേയേഴ്‌സും (36) ബ്രാന്‍ഡന്‍ കിംഗും (15) മികച്ച തുടക്കം നല്‍കിയെങ്കിലും ഷാര്‍ദുല്‍ താക്കൂറിന്റെ ബൗളിംഗില്‍ ആതിഥേയര്‍ക്ക് 20 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. ഇതിന് ശേഷം ഷിമ്രോണ്‍ ഹെറ്റ്‌മെയറെ (ഒമ്പത്) കുല്‍ദീപ് യാദവും പുറത്താക്കിയപ്പോള്‍ ഇന്ത്യ വിജയത്തിലേക്ക് അടുക്കുന്നുവെന്ന് തോന്നിപ്പിച്ചു. എന്നാല്‍ അവസരം മുതലാക്കാനായില്ല. ക്യാപ്റ്റന്‍ ഷായ് ഹോപ്പ് (63) ഒരറ്റത്ത് പിടിച്ച് നില്‍ക്കുകയും ബ്രണ്ടന്‍ കിംഗുമായി (48) പുറത്താകാതെ 91 റണ്‍സിന്റെ അഞ്ചാം കൂട്ടുകെട്ട് ചേര്‍ക്കുകയും ചെയ്തതോടെ ഇന്ത്യ പരാജയത്തിലേക്ക് നീങ്ങി.

Keywords: India, West Indies, ODI, Team India, Cricket, Sports, Indian Cricket, Cricket Match, Virat Kohli, Rohit Sharma, IND VS WI, IND VS WI: Know 5 big reasons for lose.
< !- START disable copy paste -->

Post a Comment