NCP Meeting | ശക്തി പ്രകടനം: അജിത് പവാറിന് പിന്തുണയുമായെത്തിയത് 29 എം എല്‍ എമാര്‍; ശരത് പവാര്‍ വിളിച്ച യോഗത്തിനെത്തിയത് 17 പേര്‍, 7 പേര്‍ വിട്ടുനിന്നു

 


മുംബൈ: (www.kvartha.com) എന്‍സിപി പിളര്‍പ്പിനു ശേഷമുള്ള ആദ്യ ബലപരീക്ഷയില്‍ കൂടുതല്‍ പേരുടെ പിന്തുണയുമായി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമതപക്ഷം. പാര്‍ടി പിളര്‍ത്തി എട്ട് എംഎല്‍എമാരുമായി അജിത് പവാര്‍ എന്‍ഡിഎ പാളയത്തിലേക്ക് നീങ്ങിയശേഷം ഇതാദ്യമായാണ് ഇരുവിഭാഗങ്ങളും തങ്ങളെ പിന്തുണയ്ക്കുന്നവരുടെ യോഗം വിളിച്ചത്.

എട്ട് എം എല്‍ എമാരുടെ പിന്തുണയുണ്ടായിരുന്ന അജിത് പവാറിന് പിന്തുണയുമായെത്തിയത് 29 എംഎല്‍എമാരാണെന്ന റിപോര്‍ടുകളാണ് പുറത്തുവരുന്നത്. മുംബൈയിലെ ബാന്ദ്രയിലാണ് അജിത് പവാര്‍ വിഭാഗത്തിന്റെ യോഗം പുരോഗമിക്കുന്നത്.

ശരദ് പവാര്‍ വിളിച്ച യോഗത്തില്‍ 17 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തതെന്നാണ് അറിയുന്നത്. ഒരു മണിക്ക് മുംബൈയിലെ നരിമാന്‍ പോയിന്റിലാണ് യോഗം വിളിച്ചത്. മഹാരാഷ്ട്ര നിയമസഭയില്‍ എന്‍സിപിക്ക് ആകെ 53 എംഎല്‍എമാരാണുള്ളത്. അയോഗ്യതാ ഭീഷണി നേരിടാന്‍ 36 പേരുടെ പിന്തുണ വേണം. ഇരുവിഭാഗവും വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ ഏഴു പേരാണ് വിട്ടുനിന്നത്. അതിനിടെ, 35 എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തെന്ന അവകാശവാദവുമായി അജിത് പവാര്‍ പക്ഷം രംഗത്തെത്തി.

83 കാരനായ ശരദ് പവാറിന്റെ യോഗത്തില്‍ സ്ത്രീകളുടെ വന്‍ സംഘം പങ്കെടുക്കുന്നതായാണ് വിവരം. പാര്‍ടിയിലെ പിളര്‍പ്പിനു ശേഷമുള്ള ആദ്യ യോഗം ശക്തി പ്രകടനത്തിനുള്ള വേദിയായാണ് ഇരു വിഭാഗവും കാണുന്നത്. അതേസമയം, ശരദ് പവാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് വിപ് ജിതേന്ദ്ര അഹ്വാദ് എംഎല്‍എമാര്‍ക്ക് വിപ് നല്‍കിയിരുന്നു. എംഎല്‍എമാര്‍, എംപിമാര്‍, മറ്റു ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കാന്‍ ഇരുവിഭാഗവും നിര്‍ദേശിച്ചിട്ടുണ്ട്.

2024ലെ ലോക് സഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി, സര്‍കാരില്‍നിന്ന് ആനുകൂല്യങ്ങള്‍ വാങ്ങിത്തരാമെന്ന് വാഗ്ദാനം നല്‍കി അജിത് പവാര്‍ പക്ഷം എംഎല്‍എമാരുടെ പിന്തുണ തേടുന്നതായുള്ള റിപോര്‍ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 'ഞങ്ങള്‍ക്കൊപ്പം വന്നാല്‍ അതിന്റെ ഗുണം 2024ലെ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക് ലഭിക്കും. 

നിങ്ങളുടെ മണ്ഡലത്തില്‍ ഇപ്പോഴും പൂര്‍ത്തിയാകാതെ കിടക്കുന്ന പദ്ധതികളുണ്ടെങ്കില്‍ അത് പൂര്‍ത്തിയാക്കുന്നതിന് സഹായിക്കാം. അതിനായി ഫന്‍ഡ് കിട്ടാന്‍ വഴിയൊരുക്കാം' എന്നാണ് അജിത് പവാര്‍ പക്ഷം എന്‍സിപി എംഎല്‍എമാര്‍ക്ക് നല്‍കിയ വാഗ്ദാനം.

അതിനിടെ അജിത് പവാറിനൊപ്പമായിരുന്ന രണ്ട് എംഎല്‍എമാര്‍ നിലപാട് മാറ്റി. സത്താറയില്‍ നിന്നുള്ള മക്രാന്ത് പാട്ടീല്‍, ഷഹാപുര്‍ എംഎല്‍എ ദൗലത്ത് ദരോഡ എന്നിവരാണ് എന്‍സിപി അധ്യക്ഷന്റെ പാളയത്തില്‍ തിരിച്ചെത്തിയത്. അജിത് പക്ഷത്ത് എന്നു കരുതിയ മറ്റ് രണ്ട് എംഎല്‍എമാരും തങ്ങള്‍ ശരദ് പവാറിനൊപ്പമാണെന്ന് അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത ലോക്‌സഭാംഗം അമോല്‍ കോലയും ആദ്യ നിലപാട് തിരുത്തിയിരുന്നു.

NCP Meeting | ശക്തി പ്രകടനം: അജിത് പവാറിന് പിന്തുണയുമായെത്തിയത് 29 എം എല്‍ എമാര്‍; ശരത് പവാര്‍ വിളിച്ച യോഗത്തിനെത്തിയത് 17 പേര്‍, 7 പേര്‍ വിട്ടുനിന്നു

എംഎല്‍എമാരില്‍ 40 പേരുടെ പിന്തുണയാണ് അജിത്ത് അവകാശപ്പെടുന്നത്. കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കാന്‍ മൂന്നില്‍ രണ്ട് അംഗസംഖ്യയായ 36 പേരെ ഒപ്പം നിര്‍ത്തണം. അയോഗ്യത സംബന്ധിച്ച് ഇരുപക്ഷങ്ങളും സ്പീകര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. 

കേന്ദ്ര തിരഞ്ഞെടുപ്പു കമിഷനു മുന്നിലേക്കും വൈകാതെ വിഷയമെത്തും. 13 പേര്‍ മാത്രമേ അജിത്തിന് ഒപ്പമുള്ളൂവെന്ന് ശരദ് പവാര്‍ പക്ഷം അവകാശപ്പെട്ടു. തന്റെ ചിത്രം പോസ്റ്ററുകളില്‍ ഉപയോഗിക്കരുതെന്ന് അദ്ദേഹം വിമതരോട് നിര്‍ദേശിച്ചു. അതിനിടെ, എന്‍സിപി പിളര്‍ന്നതായി തനിക്ക് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് സ്പീകര്‍ രാഹുല്‍ നര്‍വേകര്‍ പറഞ്ഞു.

Keywords:  In NCP Show Of Hands, Ajit Pawar (29) Races Ahead of Uncle Sharad (17),  NCP Meeting, Mumbai, News, Politics, Speaker, Notice, Ajit Pawar, Sharad Pawar, MLA, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia