ഇടുക്കി: (www.kvartha.com) വീട്ടമ്മ യുവാവിനെതിരെ വ്യാജ ലൈംഗികപീഡന പരാതി നല്‍കി 45 ദിവസം ജയിലില്‍ അടക്കാന്‍ കാരണമായെന്ന് പരാതി. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത് പരിധിയിലെ പ്രജേഷിനെതിരെയാണ് വീട്ടമ്മ വ്യാജ പരാതി നല്‍കിയതെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് അയല്‍വാസിയായ വീട്ടമ്മ പരാതി നല്‍കിയതെന്നാണ് യുവാവിന്റെ ബന്ധുക്കള്‍ പറയുന്നത്.
ഇതോടെ യുവാവിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ കുടുംബവും പ്രദേശവാസികളുടെ നേതൃത്വത്തില്‍ രൂപീകരിച്ച പൗരസമിതിയും രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരായ 117 പേര്‍ ഒപ്പിട്ട പരാതി ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ ക്രൈംബ്രാഞ്ചിനും നല്‍കിയിരിക്കുകയാണ്. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏപ്രില്‍ 18നാണ് വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ യുവാവിനെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി നല്‍കിയ പരാതി പ്രകാരം മാര്‍ച് 24ന് പീഡനം നടന്നതായാണ് പറയുന്നത്. യുവതിയുടെ പരാതി ലഭിച്ചതിന് പിന്നാലെ വീട്ടിലെത്തിയ കഞ്ഞിക്കുഴി പൊലീസ് യുവാവിനെ കൂട്ടിക്കൊണ്ട് പോകുകയും സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്യുകയുമായിരുന്നുവെന്നാണ് വിവരം.
തുടര്‍ന്ന് 45 ദിവസം കഴിഞ്ഞാണ് യുവാവിന് ജാമ്യം ലഭിച്ചത്. എന്നാല്‍ യുവാവ് വീട്ടമ്മയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. പീഡനം നടന്നെന്ന് പരാതിയില്‍ ആരോപിക്കുന്ന സമയം യുവാവ് മറ്റൊരിടത്ത് മേസ്തിരി പണിയിലായിരുന്നുവെന്നും ഇതിന് സാക്ഷികളുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ കഞ്ഞിക്കുഴി പൊലീസ് ഇതൊന്നും പരിഗണിക്കാതെ യുവാവിനെ ജയിലിലടക്കുകയായിരുന്നെന്നാണ് പൗരസമിതിയുടെ ആരോപണം.
പീഡന കേസില്‍ ജയിലിലായതോടെ യുവാവിന്റെ ഭാര്യയും മക്കളും രോഗികളായ മാതാപിതാക്കളും അടങ്ങുന്ന കുടുംബം സമൂഹത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ജോലി പോലും ലഭിക്കാത്ത അവസ്ഥയിലാണ് നിലവില്‍ യുവാവെന്നും ബന്ധുക്കള്‍ പറഞ്ഞു.
പരാതിക്കാരിയായ വീട്ടമ്മയെയും ഭര്‍ത്താവിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പീഡന പരാതിയില്‍ സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പൗരാവലി ഉയര്‍ത്തുന്ന ആവശ്യം.
അതേസമയം, തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് യുവാവും അറിയിച്ചിട്ടുണ്ട്.
Keywords: News, Kerala, Kerala-News, Regional-News, Allegation, Family, Police, Idukki, Housewife, Molestation, Complaint, Youth, Idukki: Housewife filed false molestation complaint against youth.