EP Jayarajan | മുഖ്യമന്ത്രിയെ അവഹേളിക്കുന്നവരെ കേരളത്തിലെ ജനങ്ങള്‍ വെറുതെ വിടില്ലെന്ന് ഓര്‍ക്കണമെന്ന് ഇപി ജയരാജന്‍

 


കണ്ണൂര്‍: (www.kvartha.com) കേരളത്തിന്റെ മൂന്നരക്കോടി ജനങ്ങള്‍ക്ക് പ്രിയങ്കരനായ മുഖ്യമന്ത്രിയെ അവഹേളിക്കുന്നവരെ കേരളത്തിലെ ജനങ്ങള്‍ വെറുതെ വിടില്ലെന്ന് ഓര്‍ക്കണമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ മാന്യതയുടെ അതിര്‍വരമ്പുകള്‍ കടന്ന് ചില ഓണ്‍ ലൈന്‍ മാധ്യമങ്ങളിലും യൂട്യൂബിലുമായി തെറിയും മറ്റുമായി ചിലര്‍ നടക്കുന്നുണ്ട്. ഇതുവലിയ പ്രശ്നങ്ങളുണ്ടാക്കുമെന്ന് അവര്‍ ഓര്‍ക്കണമെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയെ ആക്ഷേപിക്കുകയും കൊത്തിവലിക്കുകയും ചെയ്യുകയാണിവര്‍. യൂട്യൂബ് ചാനലുകളില്‍ വളരെ മോശമായി അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അവര്‍ കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രിയെ ആക്ഷേപിക്കുകയും മ്ലേച്ഛമായ വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന്റെ രണ്ടു സംസ്ഥാന നേതാക്കളുടെ ഒത്താശയോടെയാണിത് ചെയ്യുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെയും പരാതി നല്‍കിയത് മുഖ്യമന്ത്രിയോ സിപിഎമോ അല്ല.

പ്രതിപക്ഷ നേതാവിന് നേരെ ഒട്ടനവധി തെളിവുകള്‍ കോണ്‍ഗ്രസുകാര്‍ തന്നെ ഉന്നയിച്ചിട്ടുണ്ട്. വിദേശനാണ്യനിയമങ്ങള്‍ പാലിക്കാതെ ഇവിടെ സാമ്പത്തികം ചിലവഴിച്ചിട്ടുണ്ട്. ഇതിന് മുഖ്യമന്ത്രിയുടെ മേലെ ചാടിക്കയറുകയല്ല വേണ്ടത്. മോന്‍സണ്‍ മാവുങ്കലെന്ന പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മൂന്നു കേസുകളിലാണ് ശിക്ഷിക്കപ്പെട്ടത്. പോക്സോ കേസില്‍ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചതാണ് അയാളെ. സ്വന്തം വീട്ടുജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ഗര്‍ഭിണിയാക്കി ഗര്‍ഭചഛിദ്രം ചെയ്യിച്ചുവെന്ന കേസിലാണ് ശിക്ഷിച്ചത്.

സുധാകരന്‍ അയാളില്‍ നിന്നും 25 ലക്ഷം രൂപ വാങ്ങിയെന്നു സന്തതസഹചാരിയായ ഒരാള്‍ നല്‍കിയ പരാതിയല്ലേ കേരളാ പൊലീസ് അന്വേഷിച്ചത്. സിപിഎമിന്റെ ഏതെങ്കിലും നേതാവ് കൊടുത്തിട്ടാണോ പൊലീസ് അന്വേഷണം നടത്തുന്നത്. മോന്‍സണ്‍ മാവുങ്കല്‍ കൊടുത്ത പണം 25 ലക്ഷം രൂപ സുധാകരന്‍ കൈപ്പറ്റിയതില്‍ അന്വേഷണം നടന്നുവരികയാണ്.

ന്യായമായും ഇത്തരമൊരു പരാതി ഉയര്‍ന്നുകഴിഞ്ഞാല്‍ ഒരു സംസ്ഥാന ഭരണകൂടം അന്വേഷണം നടത്തി നീതിപൂര്‍വമായ അന്വേഷണം നടത്തേണ്ട, മുഖ്യമന്ത്രിയുടെ ഭാര്യയേയും കുടുംബത്തെയും തെറിപറഞ്ഞുകൊണ്ടൊന്നും ഇതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല. ഞങ്ങള്‍ വളരെ ശാന്തതയോടെ പ്രവര്‍ത്തിക്കുകയാണ്, അതു സുധാകരനും സതീശനും ദൗര്‍ബല്യമായി എടുക്കരുത്.

മുഖ്യമന്ത്രിയുടെ ഓഫീസിനെ ആരോ ഹൈജാക് ചെയ്തതെന്നു പറയുന്ന സതീശന് ഒരു പ്രതിപക്ഷ നേതാവിന്റേതല്ല സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലവാരം പോലുമില്ലെന്നും ഇപി ജയരാജന്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്തെ ഉമ്മന്‍ചാണ്ടി അനുസ്മരണത്തിനിടെ മൈക് കേടായ സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ല. അതിന്റെ സാങ്കേതിക അന്വേഷണമാണ് പൊലീസ് നടത്തിവരുന്നത്. വിഐപി പങ്കെടുക്കുന്ന പരിപാടികളില്‍ എന്തെങ്കിലും പിഴവുകളുണ്ടായാല്‍ പൊലീസ് അന്വേഷിക്കുന്നത് സ്വാഭാവിക നടപടി ക്രമം മാത്രമാണ്. അതില്‍ കോണ്‍ഗ്രസ് ഇങ്ങനെ ഭയപ്പെടുന്നത് എന്തിനാണെന്നും ഇപി ജയരാജന്‍ ചോദിച്ചു.

അന്വേഷണവുമായി സഹകരിച്ചാലേ കാര്യങ്ങളുടെ വസ്തുത അറിയാന്‍ കഴിയൂ. തെറ്റുണ്ടെങ്കില്‍ അതു അന്വേഷണത്തിലൂടെ പൊലീസ് കണ്ടെത്തട്ടെ. തികച്ചും അടിസ്ഥാനരഹിതമായ പ്രചരണമാണ് ശംസീറിനെതിരെ ബിജെപിയും ആര്‍ എസ് എസും നടത്തുന്നത്. നിയമസഭാ സ്പീകറായി മതന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട ചെറുപ്പക്കാരന്‍ ശോഭിക്കുന്നതിന്റെ അസഹിഷ്ണുതയാണ് അവര്‍ക്കുളളത്.

തെറ്റായ പ്രചരണം ദോഷം ചെയ്യുന്നത് ബിജെപിക്ക് തന്നെയാണെന്ന് അവര്‍ ഓര്‍ക്കണം. കോടിയേരി ബാലകൃഷ്ണന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ടു ഇപ്പോള്‍ ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ ദുഷ്ലാക്കോടുകൂടിയുളളതാണ്. ദുരുദ്ദ്യേശപരമായ പ്രചരണം ചിലര്‍ നടത്തുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. പാര്‍ടി ആലോചിച്ചിട്ടു തന്നെയാണ് കോടിയേരിയുടെ അന്തിമോപചാര ചടങ്ങുകള്‍ നടത്തിയത്.

EP Jayarajan | മുഖ്യമന്ത്രിയെ അവഹേളിക്കുന്നവരെ കേരളത്തിലെ ജനങ്ങള്‍ വെറുതെ വിടില്ലെന്ന് ഓര്‍ക്കണമെന്ന് ഇപി ജയരാജന്‍

കണ്ണൂരും തലശേരിയിലും മട്ടന്നൂരിലും പതിനായിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി ഒന്നു കാണാനെത്തിയത്. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയതു കോട്ടയത്തല്ലേ, കേരളത്തിലെയും പുറത്തെയും മുഴുവന്‍ മലയാളികളും അല്ലാത്തവരും കോട്ടയത്തേക്കാണ് പോയത്. ഞങ്ങളെ പോലുളളവര്‍ രണ്ടുദിവസം അവിടെയുണ്ടായിരുന്നു. അങ്ങനെ സഹവര്‍ത്തിത്വത്തോടെ കഴിയുന്ന ഒരു സംസ്‌കാരമാണ് നമ്മുടേത്. ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ കോണ്‍ഗ്രസുകാര്‍ മുദ്രാവാക്യം വിളിച്ചതോടെ അതിന്റെ ശോഭപോയി. ഇതിലൂടെ ഉമ്മന്‍ചാണ്ടിയോടുളള അനാദരവാണ് അവര്‍ കാണിച്ചതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

Keywords:  EP Jayarajan should remember that people of Kerala will not let those who insult CM go free, Kannur, News, Politics, Controversy, EP Jayarajan, Chief Minister, Pinarayi Vijayan, VD Satheesan, Criticism, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia