ന്യൂഡെല്‍ഹി: (www.kvartha.com) അടിമുടി മാറ്റത്തിനൊരുങ്ങി ട്വിറ്റര്‍. പുതിയ പേരിടാനൊരുങ്ങിയിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ ബ്രാന്‍ഡ് നാമം ഉടന്‍ മാറ്റിയേക്കുമെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു. ട്വിറ്റര്‍ ആപിന്റെ പേര് എക്‌സ് (X)എന്നായിരിക്കുമെന്നാണ് ഇലോണ്‍ മസ്‌ക് പറഞ്ഞിരിക്കുന്നത്.
നല്ല ഒരു ലോഗോ തയ്യാറായാല്‍ ഉടനെ ട്വിറ്ററിന്റെ ട്രേഡ് മാര്‍കായ നീല കിളിയുടെ ചിഹ്നവും മാറ്റുമെന്നും മസ്‌ക് പ്രഖ്യാപിച്ചു കഴിഞ്ഞു. ആപിന്റെ പേരും രൂപവും മാറ്റിയാല്‍ പിന്നെ പഴയ ട്വിറ്റര്‍ വെറും ഓര്‍മ്മ മാത്രമാകും.
ട്വിറ്ററിലെ പരിചിതമായ നീല കിളിയുടെ ലോഗോയോടും ട്വിറ്ററെന്ന പേരിനോടും മസ്‌കിന് താല്‍പര്യമില്ല. നീല നിറവും, പേരും മാറ്റി എക്‌സ് എന്ന ഒറ്റ പേരിലേക്ക് ആപിനെ മാറ്റും. മനുഷ്യനിലെ അപൂര്‍ണതകളുടെ പ്രതിഫലനമാണ് എക്‌സ് എന്നും, ആ ആശയം പ്രതിഫലിക്കുന്ന ഒരു ലോഗോ കിട്ടിയാല്‍ ഉടന്‍ തന്നെ ചിഹ്നം മാറ്റുമെന്നുമാണ് മസ്‌ക് പറഞ്ഞിരിക്കുന്നത്.
ഒക്ടോബറില്‍ തന്നെ കംപനിയുടെ ഔദ്യോഗിക നാമം 'എക്‌സ് കോര്‍പ്' എന്ന് മാറ്റിയിരുന്നു. എല്ലാ സേവനവും ഒറ്റ ആപില്‍ കിട്ടുന്ന സംവിധാനമാക്കി എക്‌സിനെ മാറ്റുകയാണ് മസ്‌കിന്റെ ലക്ഷ്യം. പണമിടപാടും ബ്ലോഗിങ്ങും, മൈക്രോ ബ്ലോഗിങ്ങും, വീഡിയോയും എല്ലാം ചേരുന്ന ആപാണ് മസ്‌ക് ലക്ഷ്യം വയ്ക്കുന്നത്.
അതേസമയം, മസ്‌കിന്റെ കംപനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നിന്ന നില്‍പ്പില്‍ നയം മാറ്റങ്ങള്‍ പ്രഖ്യാപിക്കുന്ന ആപില്‍ തുടരാന്‍ പരസ്യദാതാക്കള്‍ക്ക് താല്‍പര്യമില്ല. ഒരു ദിവസം കാണാവുന്ന ട്വീറ്റുകളുടെ എണ്ണത്തിലടക്കം മസ്‌ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു.
പിരിച്ചുവിടല്‍ ആനുകൂല്യങ്ങള്‍ നല്‍കാത്തതിനെതിരെ മുന്‍ ജീവനക്കാരും കോടതിയെ സമീപിച്ചിരിക്കുകയാണ്. 500 മില്യന്‍ ഡോളറിന്റെ ബാധ്യതയാണ് ഈ ഇനത്തില്‍ മാത്രം നല്‍കേണ്ടി വരിക. അതിനിടയിലും ക്രിയേറ്റര്‍മാര്‍ക് യൂട്യൂബിനേക്കാള്‍ വരുമാനം നല്‍കുമെന്ന് മസ്‌ക് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്യുന്നു.
And soon we shall bid adieu to the twitter brand and, gradually, all the birds
— Elon Musk (@elonmusk) July 23, 2023