തിരുവനന്തപുരം: (www.kvartha.com) മഴയുണ്ടെങ്കില്‍ തലേദിവസം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അവധി പ്രഖ്യാപിക്കുന്നത് വൈകുന്നത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായുള്ള പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.
മന്ത്രിയുടെ വാക്കുകള്‍:
ജില്ലാ കലക്ടര്‍മാരോട് പറയാനുള്ളത്, അവര്‍ക്കാണല്ലോ അവധി കൊടുക്കാനുള്ള അധികാരം നല്‍കിയിരിക്കുന്നത്. മഴയുണ്ടെങ്കില്‍ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കുന്ന നയം സ്വീകരിക്കണം. അന്നേ ദിവസം അവധി പ്രഖ്യാപിച്ചാല്‍ കുട്ടികളില്‍ പലരും വീട്ടില്‍നിന്ന് ഇറങ്ങി കഴിയും. പല അസൗകര്യങ്ങളും വരാന്‍ സാധ്യതയുണ്ട്. അവധി കൊടുക്കുകയാണെങ്കില്‍ തലേദിവസം കൊടുക്കണം. ആ നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ക്ക് കൊടുത്തിട്ടുണ്ട്- മന്ത്രി പറഞ്ഞു.
കനത്ത മഴ മുന്നറിയിപ്പുള്ളതിനാല്‍ എറണാകുളം, ആലപ്പുഴ ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ ജില്ലയില്‍ രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് ജില്ലയിലെ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധിയാണ്. അതിശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.
Keywords: Education Minister V Sivankutty on Rain Holidays, Thiruvananthapuram, News, Rain Holidays, Minister V Sivankutty, Students, Education, Complaint, District Collector, Kerala.