Follow KVARTHA on Google news Follow Us!
ad

Congress | ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനപ്രവാഹം; ഭൗതികശരീരം ഉച്ചയോടെ പ്രത്യേക വിമാനത്തില്‍ തലസ്ഥാനത്തെത്തിക്കും; ബുധനാഴ്ച വിലാപയാത്രയായി കോട്ടയത്തേക്ക്; സംസ്‌കാരം വ്യാഴാഴ്ച 2 മണിക്ക് പുതുപ്പള്ളിയില്‍

കെപിസിസിയുടെയും പോഷകസംഘടനകളുടെയും സെലുകളുടെയും എല്ലാ പൊതുപരിപാടികളും ജൂലൈ 24 വരെ മാറ്റിവെച്ചു Congress, Condolence, Funeral, Oommen Chandy, Death
തിരുവനന്തപുരം: (www.kvartha.com) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം ബെംഗ്‌ളൂറില്‍നിന്ന് ചൊവ്വാഴ്ച (18.07.2023) ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. പ്രത്യേക വിമാനത്തിലാണ് ഭൗതിക ശരീരം തലസ്ഥാനത്തേക്ക് എത്തിക്കുക. 

പിന്നീട് വസതിയിലേക്ക് കൊണ്ടുപോകും. അതിനുശേഷം നാലു മണിയോടെ സെക്രടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചു. തുടര്‍ന്ന്, അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോള്‍ പോയിരുന്ന സെക്രടേറിയറ്റിനു സമീപത്തുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പൊതുദര്‍ശനം. ആറു മണിയോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 

രാത്രി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ ജഗതിയിലെ വീട്ടിലേക്ക് വീണ്ടും എത്തിക്കും. ബുധനാഴ്ച (19.07.2023) രാവിലെ ഏഴിന് കോട്ടയത്തേക്ക് കൊണ്ടുപോകും. തിരുനക്കരയില്‍ ആദ്യം മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും നഗരം ചുറ്റി വിലാപ യാത്രയും നടക്കും. വ്യാഴാഴ്ച (20.07.2023) ഉച്ചയ്ക്ക് 2 മണിക്ക് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍. മുന്‍ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു. 

അര്‍ബുദ രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന ഉമ്മന്‍ ചാണ്ടി (79) ബെംഗ്‌ളൂറിലെ ആശുപത്രിയില്‍വെച്ച് പുലര്‍ചെ 4.25നായിരുന്നു അന്തരിച്ചത്. മുന്‍മന്ത്രി ടി ജോണിന്റെ ബെംഗ്‌ളൂറിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ അന്തിമോപചാരം അര്‍പിച്ചു. 

നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ മാസം 22ന് കോഴിക്കോട് നടത്താന്‍ നിശ്ചയിച്ചിരുന്ന ജനസദസ് ഉള്‍പെടെയുള്ള കെപിസിസിയുടെയും കോണ്‍ഗ്രസിന്റെയും പോഷകസംഘടനകളുടെയും സെല്ലുകളുടെയും എല്ലാ പൊതുപരിപാടികളും ഒരാഴ്ചത്തേക്ക് (ജൂലൈ-24 വരെ)മാറ്റിവെച്ചു. ജില്ല, ബ്ലോക്, മണ്ഡലം, ബൂത്, സിയുസി തലങ്ങളില്‍ ഈ ഒരാഴ്ചക്കാലം ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ പരിപാടികള്‍ നടത്തണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി നിര്‍ദേശിച്ചു. 

കേരളരാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയുടെ വിടവാങ്ങലിന്റെ വേദനയിലാണ് രാഷ്ട്രീയ കേരളം. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ നേതാക്കള്‍ അനുശോചിച്ചു.

കേരളത്തിന്റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുമൊത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ അടക്കമാണ് പ്രധാനമന്ത്രിയുടെ അനുശോചന കുറിപ്പ്. ആത്മാവിന് നിത്യശാന്തി നേരുന്നതായും കുടുംബത്തിന് വിഷമത്തില്‍ പങ്കുചേരുന്നതായും പ്രധാനമന്ത്രി ട്വീറ്റില്‍ വിശദമാക്കി. ഒരേ കാലഘട്ടത്തില്‍ മുഖ്യമന്ത്രിമാരായി സേവനം ചെയ്തതെന്നും ഇക്കാലത്തെ ആശയവിനിമയം ദില്ലിയിലേക്ക് മാറിയ കാലത്ത് തുടര്‍ന്നിരുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി സ്മരിച്ചു.  

മികച്ച ഭരണാധികാരിയും കോണ്‍ഗ്രസിന്റെ ജനപ്രിയനേതാവുമായിരുന്നു  ഉമ്മന്‍ചാണ്ടിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചത്. എന്നും ജനങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഊര്‍ജസ്വലതയോടെ ആറുപതിറ്റാണ്ടിലധികം അദ്ദേഹം പൊതുജീവിതത്തില്‍ നിറഞ്ഞുനിന്നു. കേരളത്തിന്റെ വികസനത്തിന് അതുല്ല്യ സംഭാവന നല്‍കിയ ഭരണാധികാരിയാണ് ഉമ്മന്‍ചാണ്ടി.

കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട നേതാവായിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടേയും ദുഖത്തില്‍ പങ്കുചേരുന്നു. ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും കെ സുരേന്ദ്രന്‍ വാര്‍ത്താ കുറിപ്പില്‍ വിശദമാക്കി.

വ്യക്തി ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി എകെ ആന്റണിയുടെ പ്രതികരണം. കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാണ് ഉമ്മന്‍ചാണ്ടി. ഊണിലും ഉറക്കത്തിലും ജനങ്ങളെ സഹായിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സഹായം തേടിവരുന്ന ആരെയും അദ്ദേഹം നിരാശരാക്കിയില്ല. കേരളത്തിലെ വികസനത്തിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത ഭരണാധികാരിയായിരുന്നു അദ്ദേഹം. ഞങ്ങള്‍ക്കിടയില്‍ രഹസ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഹൃദയം കൊണ്ട് സംസാരിച്ചിരുന്ന സുഹൃത്തായിരുന്നു ഉമ്മന്‍ചാണ്ടി. എന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമാണ് ഉമ്മന്‍ചാണ്ടിയുടെ മരണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. 

പൊതുജീവിതത്തില്‍ ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മന്‍ചാണ്ടിയുടെ വിട പറയല്‍ അതീവ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുസ്മരിച്ചു. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തില്‍ ഇഴുകിച്ചേര്‍ന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മന്‍ ചാണ്ടി. ഒരേ വര്‍ഷമാണ് തങ്ങള്‍ ഇരുവരും നിയമസഭയില്‍ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാര്‍ത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. പൊതുജീവിതത്തില്‍ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയല്‍ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തില്‍ ഇഴുകിച്ചേര്‍ന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. 

ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസവും സാന്ത്വനവും പ്രതീക്ഷയുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അനുസ്മരിച്ചു. തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ ആ പുതുപ്പള്ളിക്കാരന്‍ ജ്വലിച്ച് നിന്നു. കീറല്‍ വീണ ഖദര്‍ ഷര്‍ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മന്‍ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിച്ചതുമില്ല. അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു. 

കേരള രാഷ്ട്രീയത്തിലെ ഒരു അദ്ഭുത മനുഷ്യനായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. ജനങ്ങളില്‍നിന്നും ഊര്‍ജ്ജം സംഭരിച്ച് ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയ ഒരു ഊര്‍ജ പ്രസരണിയായിരുന്നു. ജനങ്ങള്‍ക്കിടയില്‍ അഹോരാത്രം ജീവിച്ച ഉമ്മന്‍ ചാണ്ടിയുടെ മനസ്സിനു മുമ്പില്‍ വലിപ്പ ചെറുപ്പമുണ്ടായിരുന്നിട്ടില്ല. ദുഃഖങ്ങളും ദുരിതങ്ങളും മനസ്സിലാക്കി ആര്‍ക്കും സഹായമെത്തിക്കാന്‍ എന്നും തയാറായിട്ടുള്ള ഉമ്മന്‍ ചാണ്ടി ഒരു മനുഷ്യസ്‌നേഹിയായിരുന്നു. 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. ജനാധിപത്യ കേരളത്തിന്റെ തീരാ നഷ്ടമെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍

സ്‌നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പ്രതീകമായിരുന്നു ഉമ്മന്‍ചാണ്ടി. ഒരു മുദ്രാവാക്യം എന്നതിലുപരി 'അതിവേഗം ബഹുദൂരം' എന്നത് അദ്ദേഹത്തിന്റെ ജീവിത സന്ദേശമായിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് ഇത്രയും സുരക്ഷ ഉറപ്പ് നല്‍കിയ മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ മരണത്തിലെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും പാണക്കാട് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ വിയോഗം യുഡിഎഫിലും കേരളത്തിലും വലിയ ഒരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടി ഇല്ലാത്ത കേരളം, ജനങ്ങളുടെ ഉമ്മന്‍ചാണ്ടിയെയാണ് നഷ്ടമായിരിക്കുന്നത്. എല്ലാക്കാലത്തും എല്ലാവരെയും കൂട്ടിയിണക്കിയത് അദ്ദേഹത്തിന്റെ കരങ്ങളാണ്. മതസൗഹാര്‍ദത്തിന്റെ മുഖമായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹം ജനങ്ങളുടേതായിരുന്നുവെന്നും പി കെ കുഞ്ഞാലിക്കുട്ടി.

നീതി നിഷേധത്തിന്റെ കാലഘട്ടത്തില്‍ വളരെ ശക്തമായ ഇടപെടലുകള്‍ നടത്തിയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് അബ്ദുല്‍ നാസര്‍ മഅ്ദനി. ഭരണ-പ്രതിപക്ഷ മേഖലയില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയ ഒരു ജനകീയനേതാവ് വേറെയുണ്ടാകില്ലെന്നും മഅ്ദനി അനുസ്രിച്ചു.

കോയമ്പതൂര്‍ ജയിലില്‍ ആയിരിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി എന്നെ സന്ദര്‍ശിക്കുകയും നീതിക്ക് വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നു. ബെംഗ്‌ളൂറു ജയില്‍വാസ ശേഷം ജാമ്യം കിട്ടി സൗഖ്യാ ഹോസ്പിറ്റലില്‍ കഴിയുമ്പോള്‍ അന്ന് എന്നെ സന്ദര്‍ശിച്ചിരുന്നു. ശേഷവും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ എന്റെ കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്'.- മഅ്ദനി ഫേസ്ബുകില്‍ കുറിച്ചു.

കേരള രാഷ്ട്രീയത്തിലെ സമുന്നതനായ ഒരു നേതാവിനെയാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, യുഡിഎഫ് കൺവീനർ, മന്ത്രി, എം എൽ എ തുടങ്ങിയ വിവിധ നിലകളിലെല്ലാം അര നൂറ്റാണ്ടുകാലം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ഒരു നേതാവാണ് ഇപ്പോൾ ഓർമയായിരിക്കുന്നത്. അര നൂറ്റാണ്ട് കാലം കേരളത്തിലെ കോൺഗ്രസ്, യുഡിഎഫ് രാഷ്ട്രീയത്തെ അരങ്ങിലും അണിയറയിലും നിന്ന് നിയന്ത്രിച്ചത് ഉമ്മൻചാണ്ടിയായിരുന്നു. അദ്ദേഹത്തിൻറെ രാഷ്ട്രീയ തന്ത്രങ്ങളും കൗശലങ്ങളും സംഘാടന മികവും നേതൃത്വശേഷിയും എല്ലാമാണ് യുഡിഎഫ് രാഷ്ട്രീയത്തെ മുന്നോട്ടു നയിച്ചു കൊണ്ടിരുന്നത്.

കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് ജനകീയ മുഖം നൽകാനും വിദ്യാർത്ഥി, യുവജന രംഗങ്ങളിൽ നിന്ന് നിരവധിപേരെ ഉയർത്തിക്കൊണ്ടുവരാനും മുൻനിന്ന് പ്രവർത്തിച്ച കോൺഗ്രസ് നേതാവാണ് അദ്ദേഹം. കെഎസ്‌യു കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനമായിരുന്ന കാലത്ത് അതിനെ നയിച്ചവരിൽ പ്രമുഖനായ ഉമ്മൻചാണ്ടി പിന്നീട് നിയമസഭയിൽ തുടർച്ചയായി അര നൂറ്റാണ്ടിലധികം അംഗമായിരിക്കുകയും നിയമസഭയുടെ നടപടികളിൽ വളരെ സജീവമായി പങ്കെടുക്കുകയും ചെയ്തു. പുതുപ്പള്ളി മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തുടർച്ചയായി അര നൂറ്റാണ്ട് കാലം നിയമസഭാ അംഗമായിരുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ലാളിത്യവും ജനകീയതയും ഉമ്മൻചാണ്ടിയുടെ മുഖമുദ്രയായിരുന്നു. എല്ലാവർക്കും ഏതുസമയത്തും സമീപിക്കാവുന്ന, എപ്പോഴും ജനക്കൂട്ടത്തിനു നടുവിലുള്ള നേതാവായാണ് ഉമ്മൻചാണ്ടി അറിയപ്പെട്ടിരുന്നത്. രാഷ്ട്രീയ പ്രതിയോഗികളുടെയടക്കം അഭിപ്രായങ്ങൾ കേൾക്കാനും ഗൗരവത്തിലെടുക്കാനും അദ്ദേഹം തയ്യാറായിരുന്നു. തന്റെ രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോഴും എല്ലാവരുമായും നല്ല വ്യക്തി ബന്ധം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും എം ബി രാജേഷ് അനുസ്‌മരിച്ചു.

ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സ്വർണാഭരണങ്ങളുടെ പൊലീസ് റികവറി നടപടികൾ സംബന്ധിച്ച് മാനദണ്ഡം ഏർപ്പെടുത്തിയതെന്നും കുടുംബാംഗങ്ങൾക്കും നാടിനുമുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രസിഡന്റ് ഡോ. ബി ഗോവിന്ദൻ, ജെനറൽ സെക്രടറി കെ സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ എന്നിവർ പറഞ്ഞു.News, Kerala, Kerala-News, Obituary, Obituary-News, Congress, Condolence, Funeral, Oommen Chandy, Death, Former Kerala CM, Congress mourns former Kerala CM Oommen Chandy's death.


Keywords: News, Kerala, Kerala-News, Obituary, Obituary-News, Congress, Condolence, Funeral, Oommen Chandy, Death, Former Kerala CM, Congress mourns former Kerala CM Oommen Chandy's death.


Post a Comment