Oommen Chandy | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര ജന്മനാട്ടിലെത്തി; പ്രിയ നേതാവിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത് മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കമുള്ള ജനസാഗരം

 


തിരുവനന്തപുരം: (www.kvartha.com) ജനലക്ഷങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര ജന്മനാട്ടിലെത്തി. പൊതുദര്‍ശനത്തിനായി വിലാപയാത്ര തിരുനക്കര മൈതാനത്ത് എത്തി.

28 മണിക്കൂര്‍ പിന്നിട്ടാണ് യാത്ര തിരുനക്കരയിലേക്ക് എത്തുന്നത്. പ്രിയ നേതാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നവരുടെ കൂട്ടത്തില്‍ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം ജനസാഗരമുണ്ട്.

കോട്ടയം ഡിസിസി ഓഫിസില്‍ വിലാപയാത്ര എത്തിയപ്പോള്‍ ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. ഉമ്മന്‍ചാണ്ടിക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തിയവരുടെ കടലായി അക്ഷരനഗരി മാറിക്കഴിഞ്ഞു. അതിനിടെ ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉച്ചയോടെ പുതുപ്പള്ളിയിലെത്തും.

സംസ്‌കാര ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും പങ്കെടുക്കും. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്‍നിന്ന് ബുധനാഴ്ച രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്. വിലാപയാത്ര തിരുവനന്തപുരം നഗരത്തിനു പുറത്തു കടക്കാന്‍ മണിക്കൂറുകളെടുത്തു. അര്‍ധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ കാത്തുനിന്നത്.

അര്‍ധരാത്രിയിലും പുലര്‍ചെയും ആള്‍ക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല. പത്തനംതിട്ട പന്തളത്ത് വിലാപ യാത്ര എത്തുമ്പോള്‍ പുലര്‍ചെ രണ്ട് മണിയോടടുത്തു. കുട്ടികളുള്‍പെടെയുള്ളവരാണ് ഇവിടെ കാത്തുനിന്നത്. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയില്‍ പ്രവേശിച്ച യാത്ര, രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു കടന്നത്.

തിരുവനന്തപുരത്തുനിന്നും 3.20 നു കൊല്ലം ജില്ലയില്‍ കടന്നപ്പോള്‍ നിലമേലില്‍ വന്‍ജനക്കൂട്ടം വരവേറ്റു. കൊട്ടാരക്കരയില്‍ ചൊവ്വാഴ്ച മുതല്‍ സര്‍വമത പ്രാര്‍ഥനയുമായി കാത്തിരുന്ന പ്രദേശവാസികള്‍ വിലാപയാത്രയെത്തിയപ്പോള്‍ വാഹനം പൊതിഞ്ഞു.

പൂഴിവാരിയിട്ടാല്‍ നിലത്തുവീഴാത്തത്ര തിരക്ക്. പത്തനംതിട്ട ജില്ലയില്‍ കടന്നത് രാത്രി ഒന്‍പതോടെ. 11.30ന് അടൂരിലും പുലര്‍ചെ രണ്ടു മണിയോടെ പന്തളത്തും എത്തിയപ്പോള്‍ വാഹനങ്ങള്‍ക്കു നീങ്ങാന്‍ കഴിയാത്ത വിധം ആള്‍ക്കൂട്ടം. ആലപ്പുഴ ജില്ലയിലെ കുളനടയിലെത്തിയപ്പോള്‍ സമയം രണ്ടര. മൂന്നു മണിയോടെ ചെങ്ങന്നൂരിലെത്തുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെ അവസാനമായൊന്നു കാണാന്‍ ആളുകള്‍ തിരക്കുകൂട്ടി. തിരുവല്ലയില്‍ വച്ചു വീണ്ടും പത്തനംതിട്ട ജില്ലയുടെ അന്ത്യാഞ്ജലി. നഗരം അപ്പാടെ സ്തംഭിപ്പിച്ച ജനാവലി. കോട്ടയം ജില്ലയിലേക്ക് കടന്നപ്പോള്‍ ജനസമുദ്രം.

Oommen Chandy | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര ജന്മനാട്ടിലെത്തി; പ്രിയ നേതാവിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത് മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കമുള്ള ജനസാഗരം

വ്യാഴാഴ്ച പുതുപ്പള്ളിയിലെ വീട്ടിലും സെന്റ് ജോര്‍ജ് ഓര്‍തഡോക്‌സ് വലിയ പള്ളിയിലും പൊതുദര്‍ശനം. തുടര്‍ന്നു വലിയപള്ളി സെമിത്തേരിയില്‍ പ്രത്യേക കബറിടത്തില്‍ 3.30നു സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാര്‍തോമാ മാത്യൂസ് തൃതീയന്‍ കാതോലിതാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

Keywords:   An emotional Kottayam bids farewell to Oommen Chandy at Thirunakkara, Thiruvananthapuram, News, Politics, Kottayam, DCC Office, Funeral, Rahul Gandhi, Congress, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia