Vijay | തമിഴ് രാഷ്ട്രീയത്തിൽ വിജയ് വരുമ്പോൾ മുട്ടിടിക്കുന്നതാർക്ക്?

 


/ ഭാമനാവത്ത്

ചെന്നൈ: (www.kvartha.com) തമിഴ് നാട് രാഷ്ട്രീയമെന്നാൽ സിനിമയുടെ ഓളങ്ങളാൽ തിരയടിക്കുന്ന ഒരു കടൽ കൂടിയാണ്. അതിൽ ഇറങ്ങി വിജയനൗകയുയർത്തി കപ്പലോടിച്ചവരും മുങ്ങിത്താണവരുമുണ്ട്. എംജിആർ, മുത്തുവേൽ കരുണാനിധി, ജയലളിത എന്നീ മുൻ മുഖ്യമന്ത്രിമാർ തമിഴ് നാട് രാഷ്ട്രീയത്തിൽ വിജയിച്ച സിനിമാ താരങ്ങളായിരുന്നുവെങ്കിലും പിന്നീട് വന്നവർക്ക് മക്കൾ നീതി മയ്യത്തിൽ കാലിടറുകയായിരുന്നു. ഉലൈകനായകൻ കമൽഹാസന്റെ രാഷ്ട്രീയ പ്രവേശനവും പാർടിയും യാതൊരു ചലനവും സൃഷ്ടിക്കാതെ ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും എന്ന മട്ടിൽ തിരഞ്ഞെടുപ്പുകളിൽ യാതൊരു മുന്നേറ്റവും കാഴ്ച വയ്ക്കാനാവാതെ പിന്നാമ്പുറത്ത് നിൽക്കുന്നു.

Vijay | തമിഴ് രാഷ്ട്രീയത്തിൽ വിജയ് വരുമ്പോൾ മുട്ടിടിക്കുന്നതാർക്ക്?

തുടക്കത്തിൽ വോടിങ് ശരാശരിയിൽ മികച്ച പ്രതികരണങ്ങളുണ്ടാക്കിയെങ്കിലും ക്യാപ്റ്റൻ വിജയകാന്ത് രോഗശയ്യയിലായതോടെ ജാതി സമവാക്യങ്ങളിൽ മാറ്റങ്ങളുണ്ടാക്കാൻ ശ്രമിച്ച അദ്ദേഹത്തിന്റെ പാർടിയും അനുദിനം ക്ഷയിച്ചു. ഇതിനു ശേഷം ചെറുതും വലുതുമായ പല പാർടികളും തമിഴ് അരസിയലിൽ ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങിയിരുന്നുവെങ്കിലും ഒന്നും പച്ച തൊടാൻ കഴിഞ്ഞില്ല. ഏറ്റവും ഒടുവിൽ തമിഴ് മക്കളുടെ ആരാധനാമൂർത്തിയായ രജനികാന്ത് രാഷ്ട്രീയ പ്രവേശനത്തിന്റെ വക്കിലെത്തിയെങ്കിലും തലനാരിഴയ്ക്ക് അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.

രസികർ മൺട്രങ്ങൾ രാഷട്രീയ പാർടിയായി മാറ്റുന്നത് എളുപ്പമാണെങ്കിലും അതു പിടിച്ചു നിർത്തുകയെന്നത് ഏറെ ദുഷ്കരമായ കാര്യമാണെന്ന വൈകിയുദിച്ച വെളിപ്പാടാണ് രജനീകാന്തിനെ പുറകോട്ടടുപ്പിച്ചത്. തന്റെ സിനിമകളിലുടെ പറയുന്ന തമിഴ് രാഷ്ട്രീയം യാഥാർഥ്യ ബോധത്തോടെ നടപ്പിലാക്കാൻ പറ്റിയ മണ്ണൊരുങ്ങിയിട്ടില്ലെന്ന വെളിപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഷൂടിങ് സെറ്റുകളിലേക്ക് ദളപതി മടങ്ങി പോയത്.

ഏറ്റവും ഒടുവിൽ ത്മിഴ് നാട്ടിൽ ഒട്ടേറെ രസികർ മൻട്രങ്ങളുള്ള ഇളയ ദളപതി വിജയിന്റെ രാഷ്ട്രീയ പ്രവേശനമാണ് തെന്നിൻഡ്യൻ സിനിമാ ലോകത്ത് ചർചയാകുന്നത്. നേരത്തെ തന്നെ ജോസഫ് വിജയിയുടെ രാഷ്ട്രീയ പ്രവേശനം ചൂടറിയ ചർചയായിരുന്നു. വിജയ് അഭിനയിച്ച പാൻ ഇൻഡ്യൻ സിനിമകളിലെ രാഷ്ട്രീയം ധ്വനിപ്പിക്കുന്ന ഡയലോഗുകളും ദൃശ്യങ്ങളും രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും പുതിയ പാർടി രൂപീകരിക്കുന്നതിനെ കുറിച്ചുമുള്ള ഗതിവേഗം കൂട്ടി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി ഇളയദളപതി തലൈവരായുള്ള പാർടി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇതിനുള്ള വ്യക്തമായ സൂചന നൽകി കൊണ്ടാണ് വിജയിയുടെ നീക്കങ്ങളും.

രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നടന്‍ വിജയ് തമിഴ്നാട്ടിലുടനീളം പദയാത്ര നടത്തുമെന്ന റിപോർട് പുറത്തുവന്നിട്ടുണ്ട്. പുതിയ ചിത്രമായ ‘ലിയോ’ പുറത്തിറങ്ങുന്നതിനുമുമ്പാകും പദയാത്ര. ഈ കാര്യത്തിൽ‘വിജയ് മക്കള്‍ ഇയക്കം’ അം​ഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോ​ഗിക സ്ഥിരീകരണമായിട്ടില്ല. സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ കഴിഞ്ഞമാസം നടത്തിയ ചടങ്ങിൽ വിജയ് അനുമോദിച്ചിരുന്നു.

കൈക്കൂലി കൊടുത്ത് ഒന്നും നേടരുതെന്ന വിജയിയുടെ മാസ് പ്രസംഗത്തിന് ഏറെ രാഷ്ട്രീയ മാനങ്ങളാണ് തമിഴ് അരസിയൽ കൽപിക്കുന്നത്. അഴിമതി ആരോപണത്തിലും കമീഷൻ ഇടപാടുകളിലും കുടുങ്ങിയ സ്റ്റാലിൻ സർകാരിനെതിരെയുള്ള ഒളിയമ്പായിരുന്നു അതെന്ന് വിലയിരുത്തുന്നവരുമുണ്ട്. എന്നാൽ വ്യക്തമായ രാഷ്ട്രീയ നിലപാട് വിജയ് പ്രഖ്യാപിക്കാത്തത് അദ്ദേഹം ഏതു ചേരിയിൽ നിൽക്കുമെന്ന് അനിശ്ചിതത്വത്തിനിടെയാക്കിയിട്ടുണ്ട്. അണ്ണാമലെയും ബിജെപിയും ദേശീയ രാഷ്ട്രീയത്തിൽ നില നിൽക്കുന്ന നരേന്ദ്ര മോദി പ്രഭാവത്തോടൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ ദ്രാവിഡ പാർടികളും കോൺഗ്രസും വിജയ് തങ്ങളോടൊപ്പം സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇതും ഒരു വിജയ് ചിത്രം പോലെ സസ്പെൻസ് നിറഞ്ഞതാണ്.

വിജയ് എന്തു തന്നെയായാലും ബിജെപിയോടൊപ്പം പോകില്ലെന്നാണ് തമിഴ് രാഷ്ട്രീയ ലോകം കരുതുന്നത്. നേരത്തെ വിജയിയുടെ വീടുകളിൽ ആദായ നികുതി വകുപ്പു നടത്തിയ റെയ്ഡുകളും ജോസഫ് വിജയിയായുള്ള മതപരിവർത്തനം ചർചയാക്കിയ ബിജെപി സംസ്ഥാന നേതാക്കളുടെ നിലപാടുകളും മോദി പ്രഭാവത്തിൽ വിജയ് വീഴില്ലെന്നാണ് സൂചനകൾ. എന്തു തന്നെയായാലും തമിഴക രാഷ്ട്രീയത്തിലും സിനിമയിലും വിജയിയുടെ രാഷ്ട്രീയ പ്രവേശനം ചൂടേറിയ ചർചയായി മാറി കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ ജീവിതത്തിൽ ഒരു മെർസിലിനെപ്പോലെ (മാന്ത്രികൻ) വിജയ് അത്ഭുതങ്ങൾ വിരയിക്കുമോയെന്ന പ്രതീക്ഷയിലാണ് ആരാധകർ. വിജയിയുടെതായി പുറത്തിറങ്ങാൻ പോകുന്ന സിനിമകളും പറയുന്നത് ഇത്തരം ബദൽ രാഷ്ട്രീയം തന്നെയാണ്.

Keywords: News, National, Chennai, Vijay, Politics, Tamil Nadu, Tamil Movie,  Actor Vijay's Political Entry.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia