Obituary | തോട്ടില്‍ കുളിക്കുന്നതിനിടെ നെയ്‌ഗ്ലെറിയ ഫൗളറി മൂക്കിലൂടെ ശിരസ്സില്‍ കയറി; 'അപൂര്‍വ രോഗമായ ബ്രെയിന്‍ ഈറ്റിങ് അമീബിയ ബാധിച്ച് വിദ്യാര്‍ഥി മരിച്ചു'

 


ആലപ്പുഴ: (www.kvartha.com) പൂച്ചാക്കലില്‍ അപൂര്‍വ രോഗമായ ബ്രെയിന്‍ ഈറ്റിങ് അമീബിയ (നെയ്‌ഗ്ലെറിയ ഫൗളറി) ബാധിച്ച് വിദ്യാര്‍ഥി മരിച്ചതായി റിപോര്‍ട്. പാണാവള്ളി കിഴക്കേ മായിത്തറ അനില്‍ കുമാറിന്റെയും ശാലിനിയുടെയും 10-ാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ഗുരുദത്ത് (15) ആണ് മരിച്ചത്. 

കഴിഞ്ഞ ഞായര്‍ മുതല്‍ ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. തോട്ടില്‍ കുളിച്ചതിനെ തുടര്‍ന്നാണ് രോഗമുണ്ടായതെന്നാണ് വിവരം. ഗുരുദത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച (07.07.2023) 12 മണിക്ക് നടന്നു. സഹോദരി: കാര്‍ത്തിക

2017 ല്‍ ആലപ്പുഴ മുനിസിപാലിറ്റി പ്രദേശത്താണ് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന ഈ രോഗം ആദ്യമായി റിപോര്‍ട് ചെയ്തത്. അതിനുശേഷം ഇപ്പോഴാണ് രോഗം റിപോര്‍ട് ചെയ്യുന്നത്. ചെളി നിറഞ്ഞ ജലാശയങ്ങളില്‍ കണ്ടുവരുന്ന 'നെയ്‌ഗ്ലെറിയ ഫൗളറി' മനുഷ്യര്‍ മുങ്ങിക്കുളിക്കുമ്പോള്‍ മൂക്കിലൂടെ ശിരസ്സില്‍ എത്തി തലച്ചോറില്‍ അണുബാധയുണ്ടാക്കുന്നതാണ് മാരകമാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 

പരാദ സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പെടുന്ന ഈ രോഗാണുക്കള്‍ നീര്‍ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എന്‍കഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.

പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. മലിനമായ വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും രോഗം വരുവാന്‍ കാരണ മാകുന്നതിനാല്‍ അത് പൂര്‍ണമായും ഒഴിവാക്കുക. മഴ തുടങ്ങുമ്പോള്‍ ഉറവ എടുക്കുന്ന നീര്‍ചാലുകളില്‍ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഡിഎംഒ അറിയിച്ചു.

Obituary | തോട്ടില്‍ കുളിക്കുന്നതിനിടെ നെയ്‌ഗ്ലെറിയ ഫൗളറി മൂക്കിലൂടെ ശിരസ്സില്‍ കയറി; 'അപൂര്‍വ രോഗമായ ബ്രെയിന്‍ ഈറ്റിങ് അമീബിയ ബാധിച്ച് വിദ്യാര്‍ഥി മരിച്ചു'


Keywords:  News, Kerala, Kerala-News, News-Malayalam, Alappuzha, Minor Boy, Died, Brain Infection, Disease, 15-year-old Alappuzha native died by rare brain infection disease.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia