Sakshi Malik | അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സമരത്തില്‍ നിന്നും പിന്‍മാറിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സത്യാവസ്ഥ തുറന്നുപറഞ്ഞ് ഗുസ്തി താരങ്ങള്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ലൈംഗികാതിക്രമ പരാതിയില്‍ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തിതാരങ്ങള്‍ നടത്തുന്ന സമരത്തില്‍നിന്ന് പിന്‍മാറിയെന്ന റിപോര്‍ടുകള്‍ തള്ളി സാക്ഷി മാലിക്.

ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്ന് സാക്ഷി അറിയിച്ചു. സാക്ഷി മാലിക് സമരത്തില്‍നിന്ന് പിന്‍മാറിയെന്നും റെയില്‍വേയിലെ ജോലിയില്‍ തിരികെ പ്രവേശിച്ചെന്നുമുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് സാക്ഷി മാലിക് ട്വിറ്ററിലൂടെ ഇക്കാര്യം നിഷേധിച്ചത്.

'ഈ വാര്‍ത്ത പൂര്‍ണമായും തെറ്റാണ്. നീതിക്കായുള്ള പോരാട്ടത്തില്‍നിന്ന് ഞങ്ങളിലാരും പിന്നോട്ടു പോയിട്ടില്ല. ഇനിയൊട്ടു പിന്‍മാറുകയുമില്ല. സത്യഗ്രഹം തുടരുന്നതിനൊപ്പം, റെയില്‍വേയിലെ എന്റെ ഉത്തരവാദിത്തം കൂടി നിര്‍വഹിക്കുന്നു എന്നേയുള്ളൂ. നീതി ഉറപ്പാകുന്നതു വരെ ഞങ്ങള്‍ സമരം തുടരും. ദയവു ചെയ്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്' എന്ന് സാക്ഷി സമരത്തില്‍നിന്ന് പിന്‍മാറിയെന്ന ചാനല്‍ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട് സഹിതം താരം ട്വിറ്ററില്‍ കുറിച്ചു. സാക്ഷി സമരത്തില്‍നിന്ന് പിന്‍മാറിയെന്ന വാര്‍ത്ത ബജ്‌റങ് പൂനിയയും നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്താ ഏജന്‍സി എഎന്‍ഐ നല്‍കിയ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട് സഹിതമാണ് നിഷേധക്കുറിപ്പ്.

'സമരത്തില്‍നിന്ന് പിന്‍വാങ്ങിയെന്ന വാര്‍ത്ത വെറും അഭ്യൂഹം മാത്രമാണ്. സമരമുഖത്തുള്ള ഞങ്ങളെ ഉപദ്രവിക്കാനാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത്. ഞങ്ങള്‍ സമരത്തെക്കുറിച്ച് പുനരാലോചന നടത്തുകയോ സമരത്തില്‍നിന്ന് പിന്‍മാറുകയോ ചെയ്തിട്ടില്ല. എഫ് ഐ ആറുമായി ബന്ധപ്പെട്ട വാര്‍ത്തയും തെറ്റാണ്. നീതി ഉറപ്പാക്കുന്നതുവരെ പോരാട്ടം തുടരും' എന്ന് ബജ്‌റങ് പൂനിയ കുറിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സമരമുഖത്തുള്ള ഗുസ്തി താരങ്ങള്‍ ചര്‍ച നടത്തി രണ്ടു ദിവസം പിന്നിടുമ്പോള്‍ സാക്ഷി സമരത്തില്‍ നിന്ന് പിന്‍മാറിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തത്. സമരമുഖത്തുനിന്ന് പിന്‍വാങ്ങിയ സാക്ഷി, റെയില്‍വേയില്‍ ജോലിയില്‍ തിരികെ പ്രവേശിച്ചെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

Sakshi Malik | അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സമരത്തില്‍ നിന്നും പിന്‍മാറിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സത്യാവസ്ഥ തുറന്നുപറഞ്ഞ് ഗുസ്തി താരങ്ങള്‍

അതേസമയം, ജോലിയില്‍ തിരികെ പ്രവേശിച്ചെന്ന വാര്‍ത്ത സാക്ഷി സ്ഥിരീകരിച്ചു. സമരമുഖത്തുള്ള ബജ്‌റങ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവരും ജോലിയില്‍ തിരികെ പ്രവേശിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ പോയതിന് പിറ്റേന്ന്, അതായത് മേയ് 31ന് സാക്ഷി ജോലിയില്‍ പ്രവേശിച്ചതായാണ് റെയില്‍വേ മന്ത്രാലയത്തിലെ രേഖ വ്യക്തമാക്കുന്നത്.

ശനിയാഴ്ച രാത്രിയാണ് സമരമുഖത്തുള്ള ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപി എംപി കൂടിയായ ബ്രിജ്ഭൂഷനെതിരെ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഗുസ്തി താരങ്ങള്‍ അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണെന്ന് അമിത് ഷാ ഗുസ്തി താരങ്ങളെ അറിയിച്ചതായാണ് വിവരം. നിയമം നിയമത്തിന്റെ വഴിക്കു നീങ്ങട്ടെയെന്നും അമിത് ഷാ പ്രതികരിച്ചതായുള്ള റിപോര്‍ടുകളും പുറത്തുവന്നിരുന്നു.

ബ്രിജ് ഭൂഷനെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് താരങ്ങള്‍ നല്‍കിയ അഞ്ച് ദിവസത്തെ സമയപരിധി പിന്നിട്ടതിനു പിന്നാലെയാണ് ഇവര്‍ അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത്.

Keywords:  Wrestler Sakshi Malik resumes railways duty, says will continue protest against WFI chief Brij Bhushan, New Delhi, News, Twitter, Controversy, Protest, Railway, Sakshi Malik, Amit Shah, Meeting, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia