Majid Ali | പാകിസ്താനി യുവ സ്‌നൂകര്‍ താരവും വെള്ളി മെഡല്‍ ജേതാവുമായിരുന്ന മജീദ് അലി വസതിയില്‍ മരിച്ച നിലയില്‍

 


കറാചി: (www.kvartha.com) പാകിസ്താനി യുവ സ്‌നൂകര്‍ താരവും ഏഷ്യന്‍ അന്‍ഡര്‍ 21 വെള്ളി മെഡല്‍ ജേതാവുമായിരുന്ന മജീദ് അലിയെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 28 വയസായിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിന് അടുത്തുള്ള സമുന്ദ്രിയിലെ വസതിയിലാണ് മജീദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏറെനാളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന മജീദ് മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് ജിയോ ന്യൂസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. 

മജീദിന്റെ മരണം ആത്മഹത്യ തന്നെയാണെന്നും കുടംബത്തെ സംബന്ധിച്ച് ദു:ഖകരമായ അവസ്ഥയിലൂടെ കടന്നുപോകുന്നതെന്നും സഹോദരന്‍ ഉമര്‍ വ്യക്തമാക്കി. സാമ്പത്തിക പ്രശ്‌നങ്ങളൊന്നും മജീദിനില്ലായിരുന്നുവെന്നും വര്‍ഷങ്ങളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെങ്കിലും ആത്മഹത്യ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും സഹോദരന്‍ പറഞ്ഞു.

മരണത്തില്‍ പാകിസ്താന്‍ ബില്യാര്‍ഡ് ആന്‍ഡ് സ്‌നൂകര്‍ ചെയര്‍മാന്‍ അലംഗീര്‍ ശെയ്ഖ് അനുശോചിച്ചു. അന്ത്യന്തം നിര്‍ഭാഗ്യകരവും ദു:ഖകരവുമായ സംഭവമാണിതെന്ന് അലംഗീര്‍ ശെയ്ഖ് പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രതിഭാധനനായ താരമായിരുന്നു മജീദെന്നും അദ്ദേഹത്തില്‍ നിന്ന രാജ്യം ഒരുപാട് പ്രതീക്ഷിച്ചിരുന്നുവെന്നും അലംഗീര്‍ ശെയ്ഖ് പറഞ്ഞു. 

സ്‌നൂകറിന് പാകിസ്താന്‍ വലിയ സ്വീകാര്യതയുണ്ട്. സ്‌നൂകര്‍ താരങ്ങളായ മുഹമ്മദ് യൂസഫും മുഹമ്മദ് ആസിഫും ചേര്‍ന്ന് പാകിസ്താന് ലോക ചാംപ്യന്‍ഷിപിലും ഏഷ്യന്‍ ചാംപ്യന്‍ഷിപിലും ഒട്ടേറെ നേട്ടങ്ങള്‍ സമ്മാനിച്ചിരുന്നു. ഒട്ടേറെ യുവതാരങ്ങള്‍ക്ക് ഇവര്‍ പരിശീലനവും നല്‍കുന്നുണ്ട്.

ഒരു മാസത്തിനുള്ളില്‍ പാക് കായികലോകത്തെ നടുക്കിയ രണ്ടാമത്തെ സംഭവമാണിത്. പാക് രാജ്യാന്തര സ്‌നൂകര്‍ താരം മുഹമ്മദ് ബിലാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഹൃദയ സ്തംഭനം മൂലം മരിച്ചിരുന്നു.

Majid Ali | പാകിസ്താനി യുവ സ്‌നൂകര്‍ താരവും വെള്ളി മെഡല്‍ ജേതാവുമായിരുന്ന മജീദ് അലി വസതിയില്‍ മരിച്ച നിലയില്‍


Keywords:  News, World, World-News, Obituary, Obituary-News, Majid Ali, Pakistani, Snooker, Found Dead, Top Pakistani snooker player Majid Ali found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia