ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിംഗ്, പാകിസ്ഥാന്‍ വ്യവസായി ശഹ്സാദ് ദാവൂദ്, മകന്‍ സുലെമാന്‍, ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍സ് സ്റ്റോക്ക്ടണ്‍ റഷ്, ഫ്രഞ്ച് അന്തര്‍വാഹിനി ഓപ്പറേറ്റര്‍ പോള്‍-ഹെന്റി നര്‍ജിയോലെറ്റ് എന്നിവരാണ് മുങ്ങിക്കപ്പലില്‍ ഉള്ളത്. അന്തര്‍വാഹിനികള്‍ കണ്ടെത്തുന്നതിന് സജ്ജീകരിച്ചിരിക്കുന്ന കനേഡിയന്‍ വിമാനം പ്രദേശത്ത് ശബ്ദതരംഗങ്ങള്‍ രേഖപ്പെടുത്തിയതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു. ഇവയില്‍ ഓരോ 30 മിനിറ്റിലും വരുന്ന ശബ്ദതരംഗങ്ങളും ഉണ്ടെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ വിക്ടര്‍ 6000 എന്ന ഫ്രഞ്ച് റോബോട്ടിനെ രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറക്കിയിട്ടുണ്ട്. 20,000 അടി (6,000 മീറ്റര്‍) വെള്ളത്തിനടിയില്‍ മുങ്ങാന്‍ കഴിയുന്ന ഈ റോബോട്ട് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ അപ്രത്യക്ഷമായ മുങ്ങിക്കപ്പല്‍ കണ്ടെത്താനായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിക്ടര്‍ 6000 എന്ന് വിളിക്കപ്പെടുന്ന ആളില്ലാ റോബോട്ടിന് ഇപ്പോള്‍ പ്രദേശത്തുള്ള മറ്റ് ഉപകരണങ്ങളേക്കാള്‍ ആഴത്തില്‍ മുങ്ങാനും കേബിളുകള്‍ മുറിക്കാനോ കുടുങ്ങിയ വസ്തുക്കള്‍ വിടുവിക്കാനോ വിദൂരമായി നിയന്ത്രിക്കാനോ കഴിയുന്ന ആയുധങ്ങളുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 25 അംഗ സംഘമാണ് റോബോട്ടിനെ പ്രവര്‍ത്തിപ്പിക്കുന്നത്.
ടൈറ്റാനിക് അവശിഷ്ടങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മുങ്ങിത്താഴാന്‍ റോബോട്ടിന് രണ്ട് മണിക്കൂര്‍ സമയം എടുക്കുമെന്നും തിരികെ എത്താന്‍ രണ്ട് മണിക്കൂര്‍ വേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റോബോട്ടും തിരച്ചില്‍ കപ്പലും പ്രവര്‍ത്തിപ്പിക്കുന്ന ജീവനക്കാര്‍ 72 മണിക്കൂര്‍ തുടര്‍ച്ചയായി മുങ്ങിക്കപ്പലിനെ കണ്ടെത്താനുള്ള ശ്രമത്തില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. 10 ടണ്‍ ഭാരമുള്ള ടൈറ്റനെ ഉപരിതലത്തിലേക്ക് ഉയര്‍ത്താന്‍ ശേഷിയുള്ള കപ്പലിലേക്ക് കൊളുത്താന്‍ റോബോട്ടിന് കഴിയുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഫ്രഞ്ച് തിരച്ചില്‍ കപ്പലാണ് റോബോട്ടിനെ പ്രവര്‍ത്തിപ്പിക്കുന്നത്. ടൈറ്റാനിക് അവശിഷ്ടങ്ങള്‍ 3,800 മീറ്റര്‍ ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിന്റെ അവശിഷ്ടങ്ങളില്‍ മനുഷ്യര്‍ക്ക് എത്തിച്ചേരുക എളുപ്പമല്ല. വെള്ളത്തിന്റെ സമ്മര്‍ദത്തില്‍ കപ്പലുകള്‍ തകരാന്‍ സാധ്യതയുണ്ട്. അതിനിടെ, അന്തര്‍വാഹിനി കണ്ടെത്താനുള്ള ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണെന്നും തിരച്ചില്‍ അവസാനിപ്പിക്കില്ലെന്നും യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ റിയര്‍ അഡ്മിറല്‍ ജോണ്‍ മൗഗര്‍ പറഞ്ഞു.
Keywords: Titanic, Titan search, Atlantic Ocean, World News, Titan missing submersible: French deep sea diving robot joins search operation.
< !- START disable copy paste -->