തൃശ്ശൂര്‍: (www.kvartha.com) ഗുരുവായൂരില്‍ ലോഡ്ജ് മുറിയില്‍വെച്ച് രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശിയായ ചന്ദ്രശേഖരനെ (58) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ തെളിവെടുപ്പിനായി വ്യാഴാഴ്ച ഗുരുവായൂരില്‍ എത്തിച്ചു.
പൊലീസ് പറയുന്നത്: ഇക്കഴിഞ്ഞ 13ന് ആയിരുന്നു കൃത്യം നടന്നത്. പടിഞ്ഞാറെ നടയിലെ ലോഡ്ജില്‍ ജൂണ്‍ 12 ന് രാത്രിയാണ് ചന്ദ്രശേഖരനും മക്കളായ പന്ത്രണ്ടുകാരി ശിവനന്ദന, എട്ട് വയസുള്ള ദേവനന്ദന എന്നിവരും മുറിയെടുത്തത്. പിറ്റേന്ന് രാവിലെ എഴ് മണിയോടെ ചന്ദ്രശേഖരനെ ഹോടെലിന് പുറത്തു കണ്ടിരുന്നു. ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ മുറി ഒഴിയേണ്ടതായിരുന്നു. എന്നാല്‍ മൂവരും ഹോടെല്‍ മുറി ഒഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ഹോടെല്‍ ജീവനക്കാര്‍ വാതിലില്‍ തട്ടി നോക്കിയെങ്കിലും പ്രതികരണം ഉണ്ടായില്ല.
സംശയം തോന്നിയ ഹോടെല്‍ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഹോടെലിന്റെ പൂട്ടു തകര്‍ത്ത പൊലീസ് സംഘം അകത്തു കടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. കുട്ടികളിലൊരാള്‍ കിടക്കയില്‍ മരിച്ചു കിടക്കുകയായിരുന്നു. മറ്റെയാളെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. കൈ ഞരമ്പ് മുറിച്ച് വിഷം കഴിച്ച് അവശ നിലയില്‍ ചന്ദ്രശേഖരനെ ശുചിമുറിയിലും കണ്ടെത്തുകയായിരുന്നു.
ചികിത്സയിലായിരുന്ന ചന്ദ്രശേഖരനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതോടെ സിഐ സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളില്‍ ഒരാള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊടുത്തും മറ്റൊരു കുട്ടിയെ സീലിങ് ഫാനില്‍ കെട്ടിത്തൂക്കിയും കൊലപ്പെടുത്തിയെന്നാണ് കേസ്.
15 കൊല്ലം മുമ്പാണ് വയനാട് സ്വദേശി ചന്ദ്രശേഖരന്‍ തൃശ്ശൂരിലെത്തിയത്. ഇവിടെവെച്ച് രണ്ടാമതും വിവാഹിതനായി. ഭാര്യ അടുത്തിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. കുട്ടികളില്‍ ഒരാള്‍ അസുഖ ബാധിതയുമായിരുന്നു. ഇതൊക്കെയാണ് കൊലപാതകത്തിനും ആത്മഹത്യാശ്രമത്തിനും കാരണമെന്നാണ് സംശയം.
ഇവര്‍ താമസിച്ചിരുന്ന ലോഡ്ജ്, കൈമുറിക്കാനുള്ള ബ്ലേഡ്, കെട്ടിത്തൂക്കിയ മുണ്ട് എന്നിവ വാങ്ങിയ പടിഞ്ഞാറെ നടയിലെ കടകള്‍, ഐസ്‌ക്രീം വാങ്ങിയ അക്കിക്കാവിലെ കട എന്നിവിടങ്ങളില്‍ തെളിവെടുത്തു. പ്രതിയെ ചാവക്കാട് സിജെഎം കോടതിയില്‍ ഹാജരാക്കും.
Keywords: News, Kerala, Kerala-News, Thrissur-News, Guruvayur, Murder Case, Accused, Daughters, Father, Lodge, Thrissur: Man arrested on Girls' death in Guruvayur lodge.