Snake Fear | പാമ്പ് ഭീതിയില്‍ മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാശുപത്രി; 3 ദിവസത്തിനിടെ പിടികൂടിയത് 10 മൂര്‍ഖന്‍ കുഞ്ഞുങ്ങളെ
Jun 21, 2023, 11:31 IST
മലപ്പുറം: (www.kvartha.com) കഴിഞ്ഞ ദിവസം, കണ്ണൂര്‍ തളിപ്പറമ്പ് താലൂക് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയെ അണലി കടിച്ചത് സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ചയായിരുന്നു. മകളുടെ പ്രസവാവശ്യത്തിന് എത്തിയ ചെമ്പേരി സ്വദേശി ലതയ്ക്കാണ് പാമ്പ് കടിയേറ്റത്. സംഭവത്തിന് പിന്നാലെ രോഗിയുടെ ബന്ധുവിനെ കടിച്ച പാമ്പിനെ ആളുകള്‍ തല്ലിക്കൊല്ലുകയും പാമ്പ് പിടുത്തക്കാരെ എത്തിച്ചു ആശുപത്രിയില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, മലപ്പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന സര്‍കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലൊന്നായ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയും പാമ്പ് ഭീതിയിലേക്ക് എത്തിയിരിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ ശസ്ത്രക്രിയ വാര്‍ഡില്‍ നിന്നും വരാന്തയില്‍ നിന്നുമായി 10 മൂര്‍ഖന്‍ കുഞ്ഞുങ്ങളെയാണ് പിടിച്ചത്. ഇതിന് പിന്നാലെ ശസ്ത്രക്രിയ വാര്‍ഡ് അടച്ചു.
രോഗികളെ പ്രവേശിപ്പിച്ച ശസ്ത്രക്രിയ വാര്‍ഡില്‍ നിന്നും വാര്‍ഡിനോട് ചേര്‍ന്ന വരാന്തയിലുമായാണ് 10 മൂര്‍ഖന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ജീവനക്കാരും ജില്ലാ ട്രോമ കെയര്‍ പ്രവര്‍ത്തകരുമാണ് പാമ്പുകളെ പിടികൂടിയത്. ഇനിയും പാമ്പ് ഉണ്ടാകാനുള്ള സാധ്യതകളുമുണ്ട്. ഈ സാധ്യത കണക്കിലെടുത്താണ് ശസ്ത്രക്രിയ വാര്‍ഡ് അടച്ചത്. ശസ്ത്രക്രിയ വാര്‍ഡ് കുറച്ച് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
എട്ട് രോഗികള്‍ ശസ്ത്രക്രിയ വാര്‍ഡില്‍ കിടത്തി ചികിത്സയില്‍ ഉണ്ടായിരുന്നു. ഇവരെ ഇവിടെ നിന്നും മെഡികല്‍ വാര്‍ഡിലേക്ക് മാറ്റി. അടഞ്ഞ് കിടക്കുന്ന ഓപറേഷന്‍ വാര്‍ഡിലും പാമ്പിന്‍ കുട്ടികള്‍ ഉണ്ടായിരുന്നു. നിലത്ത് പാകിയ ടൈലുകള്‍ക്കിടയില്‍ മാളങ്ങളുള്ള നിലയിലാണ്. വരാന്തയിലെയും പരിസരത്തെയും മാളങ്ങള്‍ അടച്ചു തുടങ്ങിയെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. ദ്വാരങ്ങളുള്ള ടൈലുകള്‍ ഉടന്‍ പൊളിച്ച് നീക്കുമെന്നും അധികൃതര്‍ പറഞ്ഞു. മഴ തുടങ്ങിയതോടെ ശസ്ത്രക്രിയ വാര്‍ഡിന്റെ പിറകുവശം കാടുപിടിച്ചു കിടക്കുകയാണ്.
Keywords: News, Kerala, Kerala-News, Snake, Malappuram, Perinthalmanna, District Hospital, News-Malayalam, Snake fear in Malappuram Perinthalmanna district hospital.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.