Follow KVARTHA on Google news Follow Us!
ad

PM Arsho | വ്യാജ ഡിഗ്രി സര്‍ടിഫികറ്റ് ആരോപണം: കേരള സര്‍വകലാശാല വിസിയുടെയും കലിംഗ സര്‍വകലാശാലയുടെയും വെളിപ്പെടുത്തല്‍ വന്നതോടെ മലക്കം മറിഞ്ഞ് എസ് എഫ് ഐ

വിശദമായ അന്വേഷണം വേണമെന്ന് പിഎം ആര്‍ഷോ PM Arsho, Nikhil Thomas Certificate, SFI, Kalinga University
തിരുവനന്തപുരം: (www.kvartha.com) വ്യാജ ഡിഗ്രി സര്‍ടിഫികറ്റ് ആരോപണം നേരിടുന്ന ആലപ്പുഴയിലെ നേതാവ് നിഖില്‍ തോമസിന് എതിരായി കേരള സര്‍വകലാശാല വിസിയുടെയും കലിംഗ സര്‍വകലാശാലയുടെയും വെളിപ്പെടുത്തല്‍ വന്നതോടെ മലക്കം മറിഞ്ഞ് എസ് എഫ് ഐ.

നിഖില്‍ തോമസ് എന്ന വിദ്യാര്‍ഥി ബികോം കോഴ്‌സിന് യൂനിവേഴ്‌സിറ്റിയില്‍ പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കലിംഗ രെജിസ്ട്രാര്‍ രംഗത്തെത്തിയിരുന്നു. സര്‍ടിഫികറ്റ് വ്യാജമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തില്‍ നിഖിലിനെതിരെ നിയമ നടപടി എടുക്കാനുള്ള നീക്കം തുടങ്ങിയതായും രെജിസ്ട്രാര്‍ അറിയിച്ചു. ഇത്തരം വ്യാജ പ്രസ്താവനകള്‍ നടത്തി യൂനിവേഴ്‌സിറ്റിയുടെ പ്രതിച്ഛായ മോശമാക്കിയെന്നും അതിനാലാണ് നിയമ നടപടിക്ക് നീങ്ങുന്നതെന്നും രെജിസ്ട്രാര്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് പഠിച്ചുകൊണ്ടിരിക്കെ കലിംഗ സര്‍വകലാശാലയുടെ സര്‍ടിഫികറ്റ് ഹാജരാക്കിയെന്ന ആരോപണം നേരിടുന്ന എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിന്റെ കാര്യത്തില്‍ കായംകുളം എം എസ് എം കോളജിന് ഗുരുതര വീഴ്ച പറ്റിയെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലും പറഞ്ഞു.

നിഖിലിന്റെ എംകോം പ്രവേശന വിഷയത്തിലാണ് കോളജിന് വീഴ്ച സംഭവിച്ചതെന്നും സംഭവത്തില്‍ കോളജിന് കാരണം കാണിക്കല്‍ നോടിസ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കായംകുളം എം എസ് എം കോളജ് പ്രിന്‍സിപല്‍ സര്‍വകലാശാലയില്‍ എത്തി മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിഖില്‍ തോറ്റത് അധ്യാപകര്‍ക്ക് അറിയാമായിരുന്നു. പിന്നെ എങ്ങനെ പ്രവേശനം നല്‍കി. ആ കോളജില്‍ ബികോം തോറ്റ വിദ്യാര്‍ഥി എംകോമിന് ബികോം ജയിച്ചെന്ന സര്‍ടിഫികറ്റ് കാണിക്കുമ്പോള്‍ കോളജ് എന്തുകൊണ്ട് അതു പരിശോധിച്ചില്ല എന്നും അദ്ദേഹം ചോദിച്ചു.

നിഖിലിന്റെ ബിരുദ സര്‍ടിഫികറ്റ് വ്യാജമാണോയെന്ന് പരിശോധിക്കും. നിഖില്‍ മൂന്നു വര്‍ഷവും കേരള സര്‍വകലാശാലയില്‍ പഠിച്ചു. പക്ഷേ, പാസായില്ല. ഹാജര്‍ ഉള്ളതിനാലാണ് പരീക്ഷകള്‍ എഴുതിയത്. കേരളയില്‍ 75% ഹാജരുള്ളയാള്‍ എങ്ങനെ കലിംഗയില്‍ പോയി. റായ്പുരില്‍നിന്ന് കായംകുളത്തേക്ക് വിമാന സര്‍വീസ് ഇല്ലല്ലോ.

കലിംഗ സര്‍വകലാശാല ഇങ്ങനൊരു സര്‍ടിഫികറ്റ് നല്‍കിയിട്ടില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കും. കലിംഗ നല്‍കിയ സര്‍ടിഫികറ്റ് ആണെങ്കില്‍ യുജിസിയെ അറിയിക്കും. നിഖില്‍ പഠിച്ചത് ഇവിടെയാണെന്ന് കേരളയുടെ രേഖകള്‍ പറയുന്നു. അപ്പോള്‍ നിഖില്‍ കലിംഗയില്‍ പഠിച്ചെന്നു കാണിക്കാനാകില്ല. അതിനാലാണ് യുജിസിയെ സമീപിക്കുന്നത്. കലിംഗ സ്വകാര്യ സര്‍വകലാശാലയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് വിഷയത്തില്‍ എസ് എഫ് ഐ മലക്കം മറഞ്ഞത്. കയ്യില്‍ കിട്ടിയ രേഖകള്‍ പരിശോധിച്ചാണ് നേരത്തെ നിഖിലിന്റേത് വ്യാജസര്‍ടിഫികറ്റ് അല്ല എന്ന് പറഞ്ഞതെന്നും, നിഖില്‍ വ്യാജ സര്‍ടിഫികറ്റ് മാഫിയയുടെ കയ്യില്‍പെട്ടോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും എസ് എഫ് ഐ സംസ്ഥാന സെക്രടറി പിഎം ആര്‍ഷോ പറഞ്ഞു.

കലിംഗ സര്‍വകലാശാലയില്‍ പോയി ഇക്കാര്യം പരിശോധിക്കാന്‍ കഴിയില്ല. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ് എഫ് ഐ ഡിജിപിക്ക് പരാതി നല്‍കുമെന്നും ആര്‍ഷോ വ്യക്തമാക്കി. നിഖില്‍ തോമസിന്റെ ബിരുദം സംബന്ധിച്ച രേഖകളൊന്നും വ്യാജമല്ലെന്ന് ആര്‍ഷോ നേരത്തെ വ്യക്തമാക്കിയിരുന്നു.

കായംകുളം എം എസ് എം കോളജിലെ ബിരുദം റദ്ദാക്കിയതിന്റെ സര്‍ടിഫികറ്റ്, കലിംഗ സര്‍വകലാശാലയിലെ മാര്‍ക് ലിസ്റ്റുകള്‍, ബിരുദ സര്‍ടിഫികറ്റ് എന്നിവ എസ് എഫ് ഐ പരിശോധിച്ചെന്നും ഇതൊന്നും വ്യാജമല്ലെന്നുമായിരുന്നു ആര്‍ഷോ പറഞ്ഞിരുന്നത്.

2018ല്‍ കായംകുളത്തെ കോളജിലെ യുയുസി എന്ന നിലയിലാണ് നിഖില്‍ യൂനിവേഴ്‌സിറ്റി യൂനിയന്‍ ഭാരവാഹിയായത്. കോളജില്‍നിന്നു തിരഞ്ഞെടുക്കപ്പെടുമ്പോള്‍ നിഖില്‍ അവിടുത്തെ വിദ്യാര്‍ഥിയായിരുന്നു. അതിനുശേഷമാണു കോഴ്‌സ് കാന്‍സല്‍ ചെയ്തത്.

SFI Secretary PM. Arsho On Nikhil Thomas Certificate, Thiruvananthapuram, News, Education, Fake Certificate, Controversy, Probe, PM  Arsho, Nikhil Thomas, SFI, Kalinga University, Kerala

കലിംഗ സര്‍വകലാശാലയില്‍ പ്രവേശനം നേടിയത് 2018ലാണ്. 2021ല്‍ പാസ് ഔടായി. 2022ലാണ് എസ് എഫ് ഐയുടെ കായംകുളം ഏരിയാ സെക്രടറിയായത്. നിഖിലിനെ എസ് എഫ് ഐയുടെ ജില്ലാ കമിറ്റിയില്‍നിന്നു മാറ്റിയതല്ല. സമ്മേളനത്തില്‍ ജില്ലാ കമിറ്റിയില്‍ ഉള്‍പെടുത്താന്‍ തീരുമാനിച്ചിരുന്നു. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്.

കലിംഗയില്‍ നിഖില്‍ റഗുലര്‍ വിദ്യാര്‍ഥിയായാണു പഠിച്ചത്. ഇവിടെ പഠിക്കുമ്പോള്‍ പരീക്ഷയെഴുതാനും കോഴ്‌സ് ജയിക്കാനും ആവശ്യത്തിനു ഹാജരുണ്ടായിരുന്നോ എന്ന കാര്യം അറിയില്ല. അതുകൂടി എസ് എഫ് ഐ പരിശോധിക്കും. മറ്റെല്ലാ രേഖകളും യഥാര്‍ഥമാണെന്നും, വ്യാജ സര്‍ടിഫികറ്റ് ആരോപണമുന്നയിച്ചവര്‍ക്കെതിരെ കേസ് കൊടുക്കുമെന്നും ആര്‍ഷോ പറഞ്ഞിരുന്നു.

Keywords: SFI Secretary PM Arsho On Nikhil Thomas Certificate, Thiruvananthapuram, News, Education, Fake Certificate, Controversy, Probe, PM  Arsho, Nikhil Thomas, SFI, Kalinga University, Kerala.  

Post a Comment