ശ്രീനഗര്‍: (www.kvartha.com) പാക് അധിനിവേശ കശ്മീര്‍ എന്നും ഇന്‍ഡ്യയുടെ ഭാഗം, ഭാവിയിലും അത് അങ്ങനെതന്നെ തുടരുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പാകിസ്താന്‍ എത്രയൊക്കെ സ്ഥാപിക്കാന്‍ ശ്രമിച്ചാലും അത് അവരുടേതാകില്ലെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. ജമ്മു സര്‍വകലാശാല സംഘടിപ്പിച്ച 'സെക്യൂരിറ്റി കോണ്‍ക്ലേവ്' അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പാക് അധിനിവേശ കശ്മീര്‍ ഇന്‍ഡ്യയുടെ മാത്രം ഭാഗമാണെന്ന് വ്യക്തമാക്കുന്ന പ്രമേയം ഐകകണ്‌ഠ്യേന ഇന്‍ഡ്യന്‍ പാര്‍ലമെന്റില്‍ പാസാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒന്നല്ല, മൂന്നു നിര്‍ദേശങ്ങളെങ്കിലും പാര്‍ലമെന്റില്‍ ഇതുവരെ പാസാക്കിയിട്ടുണ്ട്. ജമ്മു കശ്മീരിന്റെ ഒരു വലിയ ഭാഗം പാകിസ്താന്‍ അനധികൃതമായി കയ്യേറിയിരിക്കുകയാണ്.
ജമ്മു കശ്മീരില്‍ ജനങ്ങള്‍ സമാധാനത്തോടെ വസിക്കുന്നത് മറ്റൊരു ഭാഗത്തെ ജനങ്ങള്‍ കാണുന്നു. പാക് അധിനിവേശ കശ്മീരില്‍ ജീവിക്കുന്ന ജനങ്ങള്‍ ഒരുപാട് കഷ്ടതകളിലൂടെയാണ് കടന്നുപോകുന്നത്. അവര്‍ ഇന്‍ഡ്യയിലേക്ക് വരണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്യുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ജമ്മു കശ്മീരില്‍ ആര്‍ടികിള്‍ 370 റദ്ദാക്കിയതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ആര്‍ടികിള്‍ 370 റദ്ദാക്കുക വഴി കാലങ്ങളായി നീതി നിഷേധിക്കപ്പെട്ട ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കു ബിജെപി സര്‍കാര്‍ നീതി ലഭ്യമാക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'ആര്‍ടികിള്‍ 370ഉം 35എയും കാരണം ജമ്മു കശ്മിരിലെ സാധാരണ ജനങ്ങളെ കാലങ്ങളായി രാജ്യത്തിന്റെ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു.
ഏതെങ്കിലും ദേശവിരുദ്ധ ശക്തിക്കെതിരെ നടപടിയെടുക്കുന്നതിനും അതു തടസ്സമായിരുന്നു. സര്‍കാരിന്റെ ഈ തീരുമാനത്തില്‍ ജനങ്ങള്‍ സന്തുഷ്ടരാണ്. വിദ്വേഷത്തിന്റെയും വിഘടനവാദത്തിന്റെയും കട തുറന്നവര്‍ക്കു മാത്രമാണ് അത് അടയുന്നതില്‍ അവിടെ പ്രശ്‌നമുള്ളത്'- എന്നും രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു.
Keywords: Pakistan illegally occupying Kashmir, was and will remain part of India: Rajnath Singh, Sri Nagar, News, Rajnath Singh, Terrorists, Pakistan Illegally Occupying Kashmir, Jammu University, Politics, Prime Minister, Narendra Modi, National.