2001ൽ മുംബൈയിലാണ് ആദിത് പാലിച്ച ജനിച്ചത്. 17 വയസുള്ളപ്പോൾ ഒരു സംരംഭകനായാണ് തന്റെ കരിയർ ആരംഭിച്ചത്. അദ്ദേഹം ആദ്യം സ്ഥാപിച്ചത് ഗോപൂൾ എന്ന കമ്പനിയാണ്. ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നായ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ ആദിത് അമേരിക്കയിലേക്ക് പോയിരുന്നു. എന്നിരുന്നാലും, ഒരു ബിസിനസുകാരനാകാൻ ആവാനുള്ള മോഹം മൂലം കോഴ്സ് പാതിവഴിയിൽ ഉപേക്ഷിച്ചു. കിരാന കാർട്ട് എന്ന കമ്പനിയാണ് അവർ ആദ്യം ആരംഭിച്ചത്. 10 മാസം മാത്രമായിരുന്നു ആയുസ്.
പക്ഷേ അത് കൊണ്ട് അവർ തളർന്നില്ല. ആദിത്തും കൈവല്യ വോറയും ചേർന്ന് 2021 ഏപ്രിലിലാണ് സെപ്‌റ്റോയ്ക്ക് തുടക്കമിട്ടത്. പ്രവർത്തനം തുടങ്ങി ഒരു മാസത്തിനുള്ളിൽ, അവരുടെ മൂല്യം 200 ദശലക്ഷം ഡോളറായി ഉയർന്നു. 10-16 മിനിറ്റിനുള്ളിൽ പലചരക്ക് സാധനങ്ങൾ ലഭ്യമാക്കുക എന്നതായിരുന്നു കമ്പനിയുടെ പിന്നിലെ കേന്ദ്ര ആശയം. അത് ഹിറ്റായി മാറി. 2021ൽ മാത്രം 10 ലക്ഷം ഓർഡറുകൾ അവർ എത്തിച്ചു. ലോഞ്ച് ചെയ്ത് അഞ്ച് മാസത്തിനുള്ളിൽ കമ്പനിയുടെ മൂല്യം 570 ദശലക്ഷം ഡോളറിലെത്തി.
കഴിഞ്ഞ വർഷം, മൂല്യം 900 ദശലക്ഷം ഡോളറായി ഉയർന്നു.
കഴിഞ്ഞ വർഷത്തെ ഹുറൂൺ (Hurun) പട്ടികയിൽ 1200 കോടി രൂപയായിരുന്നു ആദിത് പാലിച്ചയുടെ ആസ്തി. 20 വയസുള്ളപ്പോഴാണ് കമ്പനി സ്ഥാപിച്ചതെന്നതാണ് വസ്തുത. 19 വയസ് മാത്രം പ്രായമുള്ള കൈവല്യ 1000 കോടി രൂപ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായും മാറും. ഇനിയും ഒരുപാട് ലക്ഷ്യങ്ങളുമായി അവർ യാത്ര തുടരുകയാണ്.