ന്യൂഡെല്‍ഹി: (www.kvartha.com) യുഎഇ ആസ്ഥാനമായുള്ള ലുലു ഗ്രൂപ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്‍ഡ്യയില്‍ 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ലുലു ചെയര്‍മാന്‍ യൂസഫ് അലി എംഎ. നടന്നുകൊണ്ടിരിക്കുന്ന വിവിധ പദ്ധതികള്‍ക്കായി 10,000 കോടി രൂപ ഇന്‍ഡ്യയില്‍ നിക്ഷേപിക്കുമെന്നും കംപനി രാജ്യത്ത് 20,000 കോടി രൂപയിലധികം നിക്ഷേപിച്ചിട്ടുണ്ടെന്നും യൂസഫ് അലി എംഎ അറിയിച്ചു.
ഡെസ്റ്റിനേഷന്‍ ഷോപിംഗ് മാളുകള്‍ (3,000 കോടി രൂപ) ഉള്‍പെടെയുള്ള വിവിധ പദ്ധതികളിലായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തെലങ്കാനയിലും സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലും ലുലു ഗ്രൂപ് ഏകദേശം 3,500 കോടി രൂപയുടെ നിക്ഷേപം നടത്തിയതായും യൂസഫലി പറഞ്ഞു.
ഷോപിംഗ് മാളുകള്‍, ഹോടെലുകള്‍, ഭക്ഷ്യ സംസ്‌കരണ യൂനിറ്റുകള്‍ (ഇന്‍ഡ്യയില്‍) എന്നിവയുള്‍പെടെ വിവിധ മേഖലകളില്‍ 20,000 കോടിയിലധികം രൂപയുടെ നിക്ഷേപം ഞങ്ങള്‍ക്ക് ലഭിച്ചു. ഞങ്ങള്‍ ഇത് വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്‍ഡ്യയില്‍ 50,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് തന്റെ ലക്ഷ്യമെന്നും ഇതുവരെ തന്റെ വിവിധ സംരംഭങ്ങള്‍ 22,000-ത്തിലധികം തൊഴിലവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍ആര്‍ഐ നിക്ഷേപ നിയമങ്ങള്‍ ഉദാരമാക്കിയിട്ടുണ്ടെന്നും അതനുസരിച്ച് പ്രവാസികളുടെ എല്ലാ നിക്ഷേപങ്ങളും ആഭ്യന്തര നിക്ഷേപമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങള്‍ അഹ് മദാബാദില്‍ ഒരു ഷോപിംഗ് മാളിന്റെ നിര്‍മാണം ആരംഭിച്ചു. ഒപ്പം ചെന്നൈയില്‍ മറ്റൊന്നുമായി ഞങ്ങള്‍ വരുന്നു. ഒരു ഭക്ഷ്യ സംസ്‌കരണ പ്ലാന്റ് നോയിഡയിലും മറ്റൊന്ന് തെലങ്കാനയിലും വരുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് 10,000 കോടി രൂപയുടെ നിക്ഷേപമാണ്', വരാനിരിക്കുന്ന പദ്ധതികളിലെ മൊത്തത്തിലുള്ള നിക്ഷേപത്തെ കുറിച്ച് ചോദിച്ചപ്പോള്‍ യൂസഫലി പറഞ്ഞു.
ഇവിടെ 300 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച അഞ്ച് ലക്ഷം ചതുരശ്ര അടി ലുലു മാള്‍ ഓഗസ്റ്റില്‍ ഉദ്ഘാടനം ചെയ്യുമെന്നും കയറ്റുമതി അടിസ്ഥാനമാക്കിയുള്ള ആധുനിക സംയോജിത ഇറച്ചി സംസ്‌കരണ പ്ലാന്റും അത്യാധുനിക ഡെസ്റ്റിനേഷന്‍ മാളും (2.2 ദശലക്ഷം ചതുരശ്ര അടി) ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: News, National, National-News, Business, Lulu Group, Yusuff Ali M A, Hyderabad, Ahmedabad, Chennai, Project, Business-News, Lulu Group To Invest Rs10,000cr In India Over Next Three Years.