കൊച്ചി: (www.kvartha.com) മലപ്പുറം സ്വദേശിനിയായ സുമയ്യ ശെറിന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈകോടതി തീര്‍പാക്കി. തനിക്കൊപ്പം ലിവ് ഇന്‍ റിലേഷനില്‍ കഴിഞ്ഞിരുന്ന യുവതിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് സുമയ്യ ശെറിന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി തുടര്‍നടപടികള്‍ അവസാനിപ്പിച്ചത്.
കോടതിയില്‍ ഹാജരായ യുവതി ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നും മാതാപിതാക്കളോടൊപ്പം പോകാനാണ് താല്‍പര്യം എന്നും അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പെട്ട ഡിവിഷന്‍ ബെഞ്ചാണ് തുടര്‍നടപടികള്‍ അവസാനിപ്പിച്ചത്.
പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സൗഹൃദത്തിലായ മലപ്പുറം സ്വദേശികളായ ഇരുവരും പ്രായപൂര്‍ത്തിയായതോടെ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ എതിര്‍പിനെത്തുടര്‍ന്ന് ജനുവരി 27ന് ഇരുവരും വീടുവിട്ടു.
എന്നാല്‍ യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ ഇരുവരെയും മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. ഒരുമിച്ചു ജീവിക്കാന്‍ കോടതി അനുവാദം നല്‍കിയതിനെത്തുടര്‍ന്ന് ഇവര്‍ എറണാകുളത്തേക്ക് താമസം മാറ്റി. കോലഞ്ചേരിയില്‍ വാടകയ്ക്ക് താമസിക്കവെ, മേയ് 30ന് യുവതിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നാണ് സുമയ്യ നല്‍കിയ പരാതി.
Keywords: News, Kerala, Kerala-News, Regional-News, Local-News, Kochi, High Court, Sumayya Sherin, Case, Family, Friend, Kochi: High Court ends further actions in Sumayya Sherin's case