തിരുവനന്തപുരം: (www.kvartha.com) ആരെങ്കിലും കള്ളക്കേസെടുത്താല്‍ രാജിവയ്ക്കാനുള്ളതല്ല കെപിസിസി പ്രസിഡന്റ് സ്ഥാനമെന്ന് കോണ്‍ഗ്രസ് സംഘടനാകാര്യ ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍. വ്യാജ പുരാവസ്തു കേസില്‍ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും വേണമെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാനും തയാറാണെന്ന് സുധാകരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു വേണുഗോപാല്‍.
കെ സുധാകരനെതിരെ സിപിഎമും പിണറായി സര്‍കാരും നടത്തുന്ന വേട്ടയ്ക്ക് കോണ്‍ഗ്രസിനെയും സുധാകരനെയും കിട്ടില്ല. സുധാകരനുവേണ്ടിയുള്ള പോരാട്ടം സര്‍കാരിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടമാണ്. കോണ്‍ഗ്രസ് ഈ പോരാട്ടവുമായി ശക്തമായി മുന്നോട്ടു പോകുമെന്നും വേണുഗോപാല്‍ പറഞ്ഞു.
കെ സുധാകരന് എതിരെ പൊലീസ് കെട്ടിച്ചമച്ച കേസ് കോടതിയില്‍ എത്തുമ്പോള്‍ തള്ളിപ്പോകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും പറഞ്ഞു. ആ ഘട്ടത്തില്‍ പിണറായി വിജയനും എംവി ഗോവിന്ദനുമെല്ലാം വല്ലാതെ കഷ്ടപ്പെടുമെന്നും എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് പാര്‍ടി ഒറ്റക്കെട്ടായി നീങ്ങുമെന്നും ആന്റണി ഇന്ദിരാഭവനില്‍ പറഞ്ഞു.
കെ സുധാകരനെ മാറ്റിനിര്‍ത്തുന്നത് പാര്‍ടി ആലോചിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞിരുന്നു. സുധാകരന്‍ മാറാന്‍ തയാറായാല്‍പോലും സമ്മതിക്കില്ല. സുധാകരനെ ഒരു കോണ്‍ഗ്രസുകാരനും പിന്നില്‍നിന്ന് കുത്തില്ലെന്നും സതീശന്‍ പറഞ്ഞു.
Keywords: KC Venugopal about K Sudhakaran's arrest, Thiruvananthapuram, News, KC Venugopal, AK Antony, K Sudhakaran, Politics, Media, KPCC, Resignation, Kerala.