കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനം പങ്കുവയ്ക്കുന്നതില്‍ ഇനി കോണ്‍ഗ്രസുമായി ചര്‍ചയില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മുസ്ലിം ലീഗ് ജില്ലാകമിറ്റി ഓഫീസായ കാല്‍ടെക്സിലെ ബാഫക്കി തങ്ങള്‍ മന്ദിരത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടരവര്‍ഷം മേയര്‍സ്ഥാനം വേണമെന്ന ആവശ്യത്തില്‍ നിന്നും മുസ്ലിം ലീഗ് പിന്നോട്ടുപോവില്ല. ഇനി കോണ്‍ഗ്രസ് തീരുമാനമെടുത്ത് ഞങ്ങളെ അറിയിക്കണം. ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് ജില്ലാനേതൃത്വത്തിന്റെ തീരുമാനം ജൂലൈ രണ്ടിന് പ്രഖ്യാപിക്കുമെന്നും അബ്ദുല്‍ കരീം ചേലേരി പറഞ്ഞു.
കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ സാന്നിധ്യത്തില്‍ നടന്ന സമവായ ചര്‍ചയില്‍ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ കടുംപിടിത്തം കാരണം അനുരഞ്ജനമുണ്ടായില്ല. മൂന്നുവര്‍ഷം പിന്നിട്ടാല്‍ മാത്രമേ മേയര്‍ സ്ഥാനം കൈമാറാന്‍ കഴിയുകയുളളൂവെന്ന നിലപാടാണ് ജില്ലാകോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്.
തളിപ്പറമ്പ് നഗരസഭയില്‍ ഇതുവരെ ചെയര്‍മാന്‍ സ്ഥാനം മുസ്ലിം ലീഗ് തങ്ങള്‍ക്കു നല്‍കിയിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ തളിപ്പറമ്പില്‍ തിരഞ്ഞെടുപ്പിനു മുന്‍പില്‍ അങ്ങനെയൊരു ഉഭയകക്ഷി ധാരണയില്ലെന്നാണ് ഇതിന് ലീഗ് നേതാക്കള്‍ നല്‍കിയ മറുപടി. മേയര്‍ സ്ഥാനം പങ്കുവയ്ക്കുന്നത് അനിശ്ചിതമായി നീണ്ടു പോകുന്ന സാഹചര്യത്തില്‍ യുഡിഎഫ് സംസ്ഥാന നേതാക്കള്‍ വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Keywords: Kannur Corporation Mayor post: Muslim League threatens again against Congress, Kannur, News, Politics, Muslim League, Kannur Corporation, Mayor Post, Threatens, Politics, Kerala.