(www.kvartha.com) 2075 ഡോളര്‍ എന്ന അന്താരാഷ്ട്ര വിലയില്‍ നിന്നും 1910 ഡോളറിലേക്ക് സ്വര്‍ണവില എത്തിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തെ വില നിലവാരം പരിശോധിക്കുകയാണെങ്കില്‍ 1803 ഡോളറില്‍ നിന്നാണ് 2075 ഡോളറിലേക്ക് സ്വര്‍ണവില എത്തിയത്. അടിസ്ഥാനപരമായി വില മുകളിലേക്ക് പോകുമ്പോള്‍ സാങ്കേതികമായി ഒരു തിരുത്തല്‍ ഉണ്ടാകുമെന്നുള്ള പ്രതീക്ഷ വ്യാപാര മേഖലയ്ക്കുണ്ട്. സാധാരണഗതിയില്‍ സ്വര്‍ണവില മുകളിലേക്ക് കയറുമ്പോള്‍ ഡിമാന്‍ഡ് കുറയുകയും അടിസ്ഥാനപരമായി പ്രവണത വില കുറയുമെന്ന് തന്നെയാണ്.
250 ഡോളര്‍ ഉയര്‍ന്നപ്പോള്‍ സ്വാഭാവികമായി 250 ഡോളര്‍ കുറയാമെന്നുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. അങ്ങനെയാണെങ്കില്‍ സ്വര്‍ണവില വീണ്ടും പഴയ വിലയിലേക്ക് കുറയാം. അമേരിക്കയില്‍ പണപ്പെരുപ്പം 9.1 % ല്‍ നിന്നും നാല് ശതമാനത്തിലേക്ക് കുറഞ്ഞതും, അമേരിക്ക കടമെടുപ്പ് പരിധി ഉയര്‍ത്തിയതും, കഴിഞ്ഞ മാസങ്ങളില്‍ ആഗോള ഡിമാന്‍ഡ് 17% ത്തോളം കുറഞ്ഞതും വില കുറയാന്‍ കാരണമായി. മാത്രമല്ല അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ആവശ്യമെങ്കില്‍ ബാങ്ക് തകര്‍ച്ചയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുന്ന പലിശ നിരക്ക് വര്‍ധന വിണ്ടും ആരംഭിക്കാമെന്ന സൂചനകളും സ്വര്‍ണവിലയുടെ കുറവിന് കാരണമായി.
ഉയര്‍ന്നവിലയായ ഗ്രാമിന് 5720 ല്‍ നിന്നും 5410 ലേക്ക് സ്വര്‍ണവില എത്തിയിട്ടുണ്ട്. 310 രൂപയുടെ കുറവാണ് വന്നിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ 165 ഡോളറിന്റെ കുറവ് വന്നപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ 310 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അതിന്റെ പ്രധാനകാരണം രൂപയുടെ മൂല്യശോഷണമാണ്. രൂപ 82.10 പൈസ ആയിട്ടുണ്ട്. താല്‍ക്കാലികമായി ചാഞ്ചാട്ടം തുടരുമെങ്കിലും ഒന്നരമാസത്തോളം വില കുറയാനുള്ള പ്രവണതയുണ്ടെന്നാണ് വിലയിരുത്തലുകള്‍. 100,150 രൂപ വരെ സ്വര്‍ണത്തിന് വില വിണ്ടും കുറയാമെന്നാണ് സൂചനകള്‍.
ലോകത്തിലെ മിക്ക സെന്‍ട്രല്‍ ബാങ്കുകളും മാന്ദ്യത്തിന്റെ പിടിയിലാണ്. യുഎസ് ഡോളര്‍ അല്‍പ്പം കരുത്ത് നേടിയിട്ടുണ്ടെങ്കിലും അമേരിക്കയുടെ പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകള്‍ തുടരുകയുമാണ്. സാങ്കേതികമായ ഒരു തിരുത്തല്‍ വന്നതിനു ശേഷം സ്വര്‍ണവില വീണ്ടും പടിപടിയായി മുകളിലേക്ക് കയറുമെന്ന് തന്നെയാണ് വിലയിരുത്തല്‍.
(ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന ട്രഷററാണ് ലേഖകന്‍)
Keywords: Gold, Price, Market, Business, Banking, Article, Gold Price Prediction.
< !- START disable copy paste -->