Gujarat HC | 'മനുസ്മൃതി വായിക്കൂ, പണ്ട് 14-ാം വയസ്സില്‍ വിവാഹവും 17ല്‍ പ്രസവവും ഉണ്ടായിരുന്നു'; പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി എത്തിയപ്പോള്‍ ഗുജറാത് ഹൈകോടതി ജഡ്ജിന്റെ ഉപദേശം

 


അഹ് മദാബാദ്: (www.kvartha.com) പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി എത്തിയപ്പോള്‍ മനുസ്മൃതി വായിക്കാന്‍ ഉപദേശിച്ച് ഗുജറാത് ഹൈകോടതി ജഡ്ജ്. പണ്ടുകാലത്ത് 14-ഓ 15-ഓ വയസ്സില്‍ പെണ്‍കുട്ടികള്‍ വിവാഹിതരാവുകയും 17-ാം വയസ്സില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തിരുന്നുവെന്ന് മനുസ്മൃതിയിലുണ്ട്, വായിച്ചുനോക്കണമെന്നായിരുന്നു കേസ് പരിഗണിച്ച ജസ്റ്റിസ് സമീര്‍ ദവെ കുട്ടിയുടെ അഭിഭാഷകരോട് പറഞ്ഞത്.

തന്റെ ഏഴ് മാസം പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടിയാണ് 17കാരിയായ പെണ്‍കുട്ടി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി പെണ്‍കുട്ടിയോട് മനുസ്മൃതി വായിക്കാന്‍ ഉപദേശിക്കുകയായിരുന്നു. ഗര്‍ഭച്ഛിദ്ര വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആദ്യം വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇതിനായി രാജ്കോട്ട് സിവില്‍ ആശുപത്രിയെ ചുമതലപ്പെടുത്തി. ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സമിതിയുടെ റിപോര്‍ടിന് ശേഷം ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണോ വേണ്ടയോ എന് കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. ഗര്‍ഭസ്ഥ ശിശുവും ഗര്‍ഭിണിയും ആരോഗ്യവതിയാണെങ്കില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജൂണ്‍ 15 ന് ആണ് അടുത്ത വാദം കേള്‍ക്കല്‍.

വിഷയത്തില്‍ കോടതിയുടെ നിലപാട് ഇങ്ങനെ:

ഗര്‍ഭസ്ഥ ശിശുവിനോ അതിജീവിതക്കോ ഗുരുതര അസുഖങ്ങള്‍ കണ്ടെത്തിയാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നത് കോടതിക്ക് പരിഗണിക്കാം. എന്നാല്‍ രണ്ടുപേരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കില്‍ അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത് കോടതിക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. പെണ്‍കുട്ടിയുടെ പ്രായം നിര്‍ണയിക്കുന്നതിനുള്ള പരിശോധനയും നടത്തണം.

മനോരോഗ വിദഗ്ധന്‍ പെണ്‍കുട്ടിയുടെ മാനസികാരോഗ്യം പരിശോധിക്കുകയും വേണം. അടുത്ത വാദം കേള്‍ക്കുന്ന ജൂണ്‍ 15നകം റിപോര്‍ട് സമര്‍പ്പിക്കാനും ജസ്റ്റിസ് ദവെ ആശുപത്രിയോട് ആവശ്യപ്പെട്ടു. ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ കുഞ്ഞിനെ ദത്തുനല്‍കുന്നതടക്കമുള്ള മാര്‍ഗങ്ങള്‍ അന്വേഷിച്ച് കണ്ടെത്തണമെന്നും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന് വേണ്ടി ഹാജരായ അഭിഭാഷകനോട് ജസ്റ്റിസ് ദവെ ആവശ്യപ്പെട്ടു.

ഇരുവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് കണ്ടെത്തുകയും ഗര്‍ഭസ്ഥ ശിശുവിന് മതിയായ തൂക്കവുമുണ്ടെങ്കില്‍ ഞാന്‍ അനുമതി നല്‍കില്ല. പെണ്‍കുട്ടി പ്രസവിക്കുകയും കുഞ്ഞിന് ജീവനുണ്ടായിരിക്കുകയും ചെയ്താല്‍ നിങ്ങള്‍ എന്തു ചെയ്യും? ആ കുട്ടിയെ ആരു പരിപാലിക്കും? ഇത്തരം കുട്ടികള്‍ക്കായി സര്‍കാര്‍ പദ്ധതികള്‍ ഉണ്ടോ എന്നും അന്വേഷിക്കണം.

ആ കുട്ടിയെ ആര്‍ക്കെങ്കിലും ദത്ത് നല്‍കാന്‍ കഴിയുമോ എന്നകാര്യവും പരിശോധിക്കണം എന്നും ജസ്റ്റിസ് ദവെ അഭിഭാഷകനോട് പറഞ്ഞു. ഗര്‍ഭം 24 ആഴ്ച പിന്നിട്ടാല്‍ കോടതിയുടെ അനുവാദമില്ലാതെ ഗര്‍ഭഛിദ്രം നടത്താന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് അനുമതി തേടി 17 വയസുകാരിയായ ബലാത്സംഗ അതിജീവിവിതയുടെ പിതാവ് ഹൈകോടതിയെ സമീപിച്ചത്.

Gujarat HC | 'മനുസ്മൃതി വായിക്കൂ, പണ്ട് 14-ാം വയസ്സില്‍ വിവാഹവും 17ല്‍ പ്രസവവും ഉണ്ടായിരുന്നു'; പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി എത്തിയപ്പോള്‍ ഗുജറാത് ഹൈകോടതി ജഡ്ജിന്റെ ഉപദേശം


Keywords:  Girls used to give birth at 17, read Manusmriti: Gujarat HC, Ahmedabad, News, Gujarat HC, Judge, Pregnant Girl, Lawyer, Petition, Medical Test, Manusmriti, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia