Financial Aid | നിഹാലിന്റെ കുടുംബത്തിന് സാന്ത്വനമായി സര്‍കാര്‍ ധനസഹായം; മകന്റെ ദാരുണമരണം ഉള്‍ക്കൊളളാനാവാതെ പിതാവും ബന്ധുക്കളും

 


കണ്ണൂര്‍: (www.kvartha.com) മുഴപ്പിലങ്ങാട് തെരുവ് നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട നിഹാലെന്ന 11 വയസുകാരന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചത് ആശ്വാസകരമായി. നിഹാലിന്റെ പ്രവാസിയായ പിതാവ് ജോലിസ്ഥലത്തുനിന്നും നാട്ടിലേക്ക് വന്നിരിക്കുകയാണ്. 

സാധാരണകുടുംബത്തിലെ അംഗമാണ് നിഹാല്‍. പിതാവിന്റെ വരുമാനംകൊണ്ടു മാത്രമാണ് ഇവര്‍ ഉപജീവനം ചെയ്തിരുന്നത്. മകന്റെ മരണത്തിനുശേഷം മാനസികമായി ആകെ തകര്‍ന്നിരിക്കുകയാണ് ഈ കുടുംബം. ഇവരെ ആശ്വസിപ്പിക്കാനും ജീവിതത്തിലേക്ക് കൊണ്ടുവരാനും ഇപ്പോഴും നാട്ടുകാരും സന്ദര്‍ശകരും വീട്ടിലെത്താറുണ്ടെങ്കിലും കഴിഞ്ഞുപോയ ആ ഭീകരസംഭവത്തിന്റെ നടുക്കത്തില്‍ നിന്നും  കുടുംബാംഗങ്ങള്‍ മുക്തരായിട്ടില്ല. 

ഈ മാസം 11 നാണ് നിഹാല്‍ തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാനെത്തിയപ്പോഴാണ് ഭിന്നശേഷിക്കാരനായ, സംസാരശേഷിയില്ലാത്ത നിഹാലിനെ ഒരു കൂട്ടം തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. വീട്ടില്‍ നിന്നും കാണാതായ കുട്ടിയെ മണിക്കൂറുകളുടെ തിരച്ചിലിനൊടുവില്‍ ദേഹമാസകലം കടിയേറ്റ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. 

കുട്ടിയുടെ തല മുതല്‍ കാല്‍പ്പാദം വരെ നിരവധി മുറിവുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപോര്‍ടില്‍ രേഖപ്പെടുത്തിയിരുന്നത്. കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തില്‍ മുറിവേറ്റിരുന്നു. 

ഓടിസം ബാധിച്ച നിഹാലിനെ സംഭവദിവസം വൈകുന്നേരം അഞ്ചുമണിയോടെയാണ് വീട്ടില്‍ നിന്നും കാണാതായത്. കുട്ടിക്ക് സംസാര ശേഷിയും ഉണ്ടായിരുന്നില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ അര കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും എട്ടരയോടെ ചലനമറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. അരക്ക് താഴെയുണ്ടായിരുന്ന മാംസം മുഴുവന്‍ നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ തലശ്ശേരി ജെനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. രക്തം വാര്‍ന്നാണ് മരണമെന്നാണ് പ്രഥമിക നിഗമനം. 

നായ ആക്രമിച്ചപ്പോള്‍ സംസാര ശേഷിയില്ലാത്തതിനാല്‍ കുട്ടിക്ക് നിലവിളിക്കാനും കഴിഞ്ഞില്ല. മുഴപ്പിലങ്ങാട് കേട്ടിനകം മേഖലയില്‍ ഭീതിയോടെയാണ് കഴിയുന്നതെന്നായിരുന്നു നാട്ടുകാരുടെ വെളിപ്പെടുത്തല്‍. നായ കടിക്കാന്‍ വന്നാല്‍ പ്രതിരോധിക്കാനായി വടികളുമായാണ് ആളുകള്‍ പുറത്തിറങ്ങുന്നത്. 

കുട്ടിയുടെ മരണവിവരം പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് സ്ഥലത്താകെ ഉയര്‍ന്നത്. പ്രതിഷേധം ശക്തമായതോടെ ജില്ലാ പഞ്ചായത് നായ്ക്കളെ പിടികൂടാനാരംഭിച്ചിരുന്നു. ഇതുവരെ മുപ്പതോളം തെരുവുനായ്ക്കളെയാണ് ഇവിടെ നിന്നും പിടികൂടി പടിയൂരിലെ എബിസി വന്ധ്യംകരണ കേന്ദ്രത്തിലേക്ക് മാറ്റിയത്.

Financial Aid | നിഹാലിന്റെ കുടുംബത്തിന് സാന്ത്വനമായി സര്‍കാര്‍ ധനസഹായം; മകന്റെ ദാരുണമരണം ഉള്‍ക്കൊളളാനാവാതെ പിതാവും ബന്ധുക്കളും


Keywords:  News, Kerala, Kerala-News, News-Malayalam, Regional-News, CMDRF, Financial Assiatance, Nihal, Family, CM, Stray Dog, Financial Assiatance of Rs 10 lakh Announced for Nihal's Family.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia