Police Custody | വ്യാജ ബിരുദ സര്‍ടിഫികറ്റ് കേസില്‍ നിഖില്‍ തോമസിനെ 7 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി

 


കായംകുളം: (www.kvartha.com) വിവാദമായ വ്യാജ ബിരുദ സര്‍ടിഫികറ്റ് കേസില്‍ അറസ്റ്റിലായ എസ് എഫ് ഐ മുന്‍ ഏരിയ സെക്രടറിയും ജില്ലാ കമിറ്റി അംഗവുമായിരുന്ന നിഖില്‍ തോമസിനെ (23) കായംകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഏഴ് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നിഖിലിനെ കലിംഗയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.

ശനിയാഴ്ച പുലര്‍ചെ 1.15ഓടെ കോട്ടയം ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് നിര്‍ത്തിയിട്ട കെ എസ് ആര്‍ ടി സി ബസില്‍ വച്ച് നിഖിലിനെ പൊലീസ് പിടികൂടിയത്.
കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്കുള്ള ബസില്‍ പോകുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്. നിഖിലിന്റെ യാത്ര സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എംസി റോഡില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് കെ എസ് ആര്‍ ടി സി ബസില്‍ നിഖിലിനെ കണ്ടെത്തുന്നത്. കൊട്ടാരക്കരയിലേക്കാണ് ടികറ്റെടുത്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.

വ്യാജ സര്‍ടിഫികറ്റ് വിഷയത്തില്‍ കേസെടുത്തതിന് പിന്നാലെ അഞ്ച് ദിവസമായി ഒളിവിലായിരുന്ന നിഖിലിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കേന്ദ്രീകരിച്ചിരുന്ന സംഘം പെട്ടെന്നാണ് അന്വേഷണ ദിശ കോട്ടയത്തേക്ക് മാറ്റിയത്. വിശദമായ ചോദ്യം ചെയ്യലില്‍ കണ്ടല്ലൂര്‍ സ്വദേശിയായ മുന്‍ എസ് എഫ് ഐ നേതാവ് അബിന്‍ സി രാജാണ് സര്‍ടിഫികറ്റ് തയാറാക്കി നല്‍കിയതെന്ന് നിഖില്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.

എറണാകുളത്തെ വിദ്യാഭ്യാസ ഏജന്‍സിക്കും ഇതില്‍ പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സര്‍ടിഫികറ്റിനായി രണ്ട് ലക്ഷം രൂപയാണ് അബിന്‍ ഈടാക്കിയതെന്നും അകൗണ്ടിലാണ് തുക നല്‍കിയതെന്നും നിഖില്‍ മൊഴി നല്‍കിയതായും പൊലീസ് പറഞ്ഞു.

കേസില്‍ അബിന്‍ സി രാജിനെയും പ്രതിയാക്കുമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡിവൈ എസ് പി ജി അജയനാഥ്, സിഐ മുഹമ്മദ് ശാഫി എന്നിവര്‍ പറഞ്ഞു. നിഖില്‍ കോഴിക്കോട്ടാണ് ഒളിവില്‍ കഴിഞ്ഞതെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതില്‍ ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്ന് അറിയാന്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് പറഞ്ഞു. വ്യാജ സര്‍ടിഫികറ്റിന്റെ വ്യാപ്തി സംബന്ധിച്ച് വ്യക്തത വരണമെങ്കില്‍ അബിനെ കസ്റ്റഡിയിലെടുക്കണം. ഇയാള്‍ മാലിയിലാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും പിടികൂടുന്നതിനുള്ള നടപടികളും തുടങ്ങിയതായി പൊലീസ് അറിയിച്ചു.

ചത്തീസ്ഗഢിലെ കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ടിഫികറ്റ് ഹാജരാക്കി എം എസ് എം കോളജില്‍ എംകോം പ്രവേശനം നേടിയെന്നാണ് നിഖിലിനെതിരെയുള്ള ആരോപണം. സര്‍ടിഫികറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ രെജിസ്‌ട്രേഷന്‍ സര്‍വകലാശാല റദ്ദ് ചെയ്തിരുന്നു. സര്‍ടിഫികറ്റുകള്‍ യഥാര്‍ഥമാണെന്ന് വിശ്വസിച്ച എസ് എഫ് ഐ നേതൃത്വം ആദ്യം നിഖിലിനെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അബദ്ധം തിരിച്ചറിഞ്ഞ് പിന്നീട് സംഘടനയില്‍ നിന്നു പുറത്താക്കുകയായിരുന്നു.

Police Custody | വ്യാജ ബിരുദ സര്‍ടിഫികറ്റ് കേസില്‍ നിഖില്‍ തോമസിനെ 7 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി

പിന്നീട് സിപിഎമും പുറത്താക്കി. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ആരോഗ്യ പരിശോധനക്ക് വിധേയനാക്കിയ നിഖിലിനെ വൈകിട്ട് 4.30 ഓടെയാണ് കായംകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ജൂണ്‍ 30 വരെ ഏഴ് ദിവസം കസ്റ്റഡിയില്‍ വിട്ട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഐശ്വര്യ റാണിയാണ് ഉത്തരവിട്ടത്. പ്രോസിക്യൂഷന് വേണ്ടി എപിപി അരുണ്‍ ഹാജരായി.

Keywords:  Fake graduation certificate case; Court remands Nikhil Thomas to police custody for 7 days, Kayamkulam, News, Politics, Education, CPM, Court, Police Custody, Allegation, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia