Found Dead | 'പൊതുസ്ഥലത്ത് പുകവലിച്ചെന്ന് ആരോപിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് അധ്യാപകരുടെ ക്രൂരമര്‍ദനം; വസ്ത്രമഴിപ്പിച്ചെന്നും ബെല്‍റ്റ് കൊണ്ട് നിരവധി തവണ അടിച്ചെന്നും ബന്ധുക്കള്‍; ഒടുവില്‍ ചികിത്സയ്ക്കിടെ 15കാരന് ദാരുണാന്ത്യം'

 


പട്‌ന: (www.kvartha.com) പൊതുസ്ഥലത്ത് പുകവലിച്ചെന്ന് ആരോപിച്ച് അധ്യാപകരുടെ ക്രൂരമര്‍ദനമേറ്റ പത്താം ക്ലാസ് വിദ്യാര്‍ഥി ചികിത്സയ്ക്കിടെ മരിച്ചു. ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ഹരികിഷോര്‍ റായ്- ഉസ്മിള ദേവി ദമ്പതികളുടെ മകന്‍ ബജ്റങി കുമാര്‍ (15) ആണ് മരിച്ചത്. അധ്യാപകര്‍ വിദ്യാര്‍ഥിയുടെ വസ്ത്രമഴിപ്പിച്ചെന്നും ബെല്‍റ്റ് കൊണ്ട് നിരവധിതവണ അടിച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ശനിയാഴ്ച രാവിലെയായിരുന്നു 11.30 മണിയോടെയായിരുന്നു സംഭവം.
റിപയറിങ് കടയില്‍ നന്നാക്കിയ അമ്മയുടെ ഫോണ്‍ വാങ്ങാനെത്തിയതായിരുന്നു ബജ്റങി കുമാര്‍. ഫോണുമായി മടങ്ങുന്നതിനിടെ ഹാര്‍ദിയ പാലത്തിനു കീഴില്‍ സുഹൃത്തുക്കളുമൊത്ത് വിദ്യാര്‍ഥി പുകവലിച്ചെന്നാണ് ആരോപണം. ബജ്റങി പഠിക്കുന്ന സ്വകാര്യ റസിഡന്‍ഷ്യല്‍ സ്‌കൂളായ 'മധുബന്‍ റൈസിങ് സ്റ്റാര്‍ സ്‌കൂളിന്റെ' ചെയര്‍മാന്‍ വിജയ് കുമാര്‍ യാദവ് ഈ സമയത്ത് അതിലൂടെ കടന്നുപോയി.

കുട്ടികള്‍ പുകവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വിജയ് കുമാര്‍ അവരോടു ദേഷ്യപ്പെട്ടു. ബജ്റങി കുമാറിന്റെ ബന്ധുവായ അധ്യാപകനും ചെയര്‍മാന്റെ കൂടെയുണ്ടായിരുന്നു. ഇദ്ദേഹം ഉടന്‍ തന്നെ വിദ്യാര്‍ഥിയുടെ അച്ഛനെ ഫോണില്‍ വിളിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥിയെ സ്‌കൂള്‍ കോംപൗന്‍ഡിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. അവിടെവച്ച് ഇയാളും മറ്റ് അധ്യാപകരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നാണ് അമ്മയുടേയും സഹോദരിയുടേയും ആരോപണം.

കോംപൗന്‍ഡില്‍വച്ച് കുട്ടിയുടെ വസ്ത്രം അഴിപ്പിക്കുകയും ബെല്‍റ്റ് കൊണ്ട് അടിക്കുകയും ചെയ്തു. അടിയേറ്റ് അവശനായ വിദ്യാര്‍ഥി ബോധരഹിതനായി കുഴഞ്ഞുവീണു. ഉടന്‍ തന്നെ അടുത്തുള്ള നഴ്‌സിങ് ഹോമിലേക്ക് കുട്ടിയെ കൊണ്ടുപോയി. നില ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് അവിടെനിന്ന് മുസഫര്‍പുരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ചികിത്സയ്ക്കിടെ വിദ്യാര്‍ഥി മരിച്ചു. ബജ്റങി കുമാറിന്റെ കഴുത്തിലും കൈകളിലും ആഴത്തില്‍ മുറിവുണ്ടെന്നും സ്വകാര്യ ഭാഗങ്ങളില്‍നിന്നു ചോരയൊഴുകിയെന്നും ബന്ധുക്കള്‍ പറഞ്ഞു.

എന്നാല്‍ കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നും പുകവലിച്ച വിവരം വീട്ടുകാര്‍ അറിയുമെന്ന് പേടിച്ച് വിഷം കഴിച്ചതാണ് മരണകാരണമെന്നുമാണ് സ്‌കൂള്‍ ചെയര്‍മാന്റെ വാദം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. രണ്ടു മാസം മുന്‍പാണ് ബജ്‌റങ്ങിക്ക് ഹോസ്റ്റലില്‍ പ്രവേശനം ലഭിച്ചത്. മധ്യവേനലവധിയെ തുടര്‍ന്ന് വീട്ടിലായിരുന്നു. സംഭവത്തിന് പിന്നാലെ സ്‌കൂള്‍ സീല്‍ ചെയ്‌തെന്നും വിദ്യാര്‍ഥിയുടെ മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി അയച്ചതായും പൊലീസ് വ്യക്തമാക്കി.

Found Dead | 'പൊതുസ്ഥലത്ത് പുകവലിച്ചെന്ന് ആരോപിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് അധ്യാപകരുടെ ക്രൂരമര്‍ദനം; വസ്ത്രമഴിപ്പിച്ചെന്നും ബെല്‍റ്റ് കൊണ്ട് നിരവധി തവണ അടിച്ചെന്നും ബന്ധുക്കള്‍; ഒടുവില്‍ ചികിത്സയ്ക്കിടെ 15കാരന് ദാരുണാന്ത്യം'

മരണവിവരം ഞെട്ടലോടെയാണ് കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍ക്കൊണ്ടത്. അമ്മ ഉസ്മിള ദേവി വളരെയധികം വികാരഭരിതയായി. വളരെ പ്രയാസപ്പെട്ടാണ് അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയത്.
ബജ്രംഗിയുടെ പിതാവ് ഹരി കിഷോര്‍ റായ് അഞ്ച് ദിവസം മുമ്പാണ് പഞ്ചാബിലേക്ക് കൂലിപ്പണിക്കായി പോയത്.
 
Keywords:  10th Class Student Found Dead, Patna, News, Student Died, Attack, Teachers, Hospital, Treatment, Allegation, Crime, Criminal Case, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia