അതേസമയം, അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ് റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. തല്‍ക്കാലം മയക്കുവെടി വച്ച് ഉള്‍വനത്തിലേക്ക് നീക്കാനാണ് തീരുമാനം. എന്നാല്‍ മയക്കുവെടി വയ്ക്കുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും ആനമലയില്‍ നിന്ന് കുങ്കിയാനകളെ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ ഇക്കാര്യത്തില്‍ പ്രാഥമിക തലത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങള്‍ തീരുമാനിക്കേണ്ടതുണ്ടെന്നും ശ്രീനിവാസ് റെഡ്ഡി വ്യക്തമാക്കുന്നു. കമ്പം ടൗണില്‍ ഉള്‍പ്പെടെ ആന പരാക്രമം തുടരുന്ന സാഹചര്യത്തില്‍ മയക്കുവെടി വയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും.
ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കി. തോക്കുമായി പൊലീസുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. ആകാശത്തേക്കു വെടിവച്ച് അരിക്കൊമ്പനെ കാട്ടിലേക്ക് ഓടിക്കാനാണ് പൊലീസിന്റെ ശ്രമം. അതേസമയം കേരളത്തിന്റെ ഭാഗത്തേക്കു നീങ്ങിയ ആന തിരിഞ്ഞ് വീണ്ടും കമ്പം ഭാഗത്തേക്കു തന്നെ പോകുന്നുവെന്ന റിപോര്‍ടും പുറത്തുവരുന്നുണ്ട്.
ശനിയാഴ്ച രാവിലെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍ വന്‍തോതില്‍ ഭീതി സൃഷ്ടിച്ച് നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ഓടോറിക്ഷ ഉള്‍പെടെ തകര്‍ത്ത ആന, ആളുകളെ വിരട്ടിയോടിച്ചു. ടൗണിലെ പ്രധാന റോഡുകളിലൊന്നിലൂടെ ആളുകളെ ഓടിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യം പുറത്തുവന്നിരുന്നു.
Keywords: Wild tusker Arikomban damages vehicles in Cumbam town, Cumbam, News, Trending, Arikomban, Attack, Chief Minister, MK Stalin, Warning, Tourist, National.