Arikomban | ചിന്നക്കനാലില്‍നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍ കുമളിക്ക് സമീപം വരെ എത്തിയതായി റിപോര്‍ട്; ആശങ്കപ്പെടേണ്ടതില്ലെന്ന് വനംവകുപ്പ്

 


കുമളി: (www.kvartha.com) ചിന്നക്കനാലില്‍നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട കാട്ടാന അരിക്കൊമ്പന്‍, കുമളിക്ക് സമീപം വരെ എത്തിയതായി റിപോര്‍ട്. ആകാശദൂരം അനുസരിച്ച് അരിക്കൊമ്പന്‍ കുമളിക്ക് ആറു കിലോമീറ്റര്‍ വരെ അടുത്തെത്തിയെന്നാണ് ജിപിഎസ് കോളറില്‍ നിന്നുള്ള വിവരങ്ങള്‍ വച്ച് വനംവകുപ്പ് അറിയിച്ചത്. തുടര്‍ന്ന് ആനയെ ഇറക്കിവിട്ട മേദകാനം ഭാഗത്തേക്ക് മടങ്ങിയെന്നുമാണ് അറിയാന്‍ കഴിയുന്നത്.

ജിപിഎസ് കോളറില്‍ നിന്നുള്ള വിവരങ്ങള്‍ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. വി എച് എഫ് ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുന്നു. ഇതനുസരിച്ച് ബുധനാഴ്ചയാണ് അരിക്കൊമ്പന്‍ കുമിളിക്കു സമീപം എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

അരിക്കൊമ്പന്‍ ആകാശദൂരം അനുസരിച്ച് കുമളിക്ക് ആറു കിലോമീറ്റര്‍ അടുത്തെത്തിയെങ്കിലും പഴയ തട്ടകമായ ചിന്നക്കനാലിലേക്ക് എത്തുക എന്നത് അത്ര എളുപ്പമല്ലെന്നാണ് വനംവകുപ്പ് പറയുന്നത്. തമിഴ്‌നാടിന്റെ വനമേഖലയില്‍ ഉള്‍പെടെ അരിക്കൊമ്പന്‍ ഇതിനകം തന്നെ യാത്ര ചെയ്‌തെങ്കിലും ചിന്നക്കനാലിലേക്ക് മടങ്ങുന്നതിന്റെ സൂചനയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വനംവകുപ്പ് വിശദീകരിക്കുന്നു.

Arikomban | ചിന്നക്കനാലില്‍നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍ കുമളിക്ക് സമീപം വരെ എത്തിയതായി റിപോര്‍ട്; ആശങ്കപ്പെടേണ്ടതില്ലെന്ന് വനംവകുപ്പ്

പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് കഴിഞ്ഞ ദിവസം തന്നെ അരിക്കൊമ്പന്‍ തിരിച്ചെത്തിയിരുന്നു. അരിക്കൊമ്പന്‍ പെരിയാറിലെ സീനിയര്‍ ഓട എന്ന ഭാഗത്തുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആറു ദിവസം മുന്‍പാണ് ആന തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. വനപാലകര്‍ക്കുവേണ്ടി നിര്‍മിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പന്‍ തകര്‍ത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു.

അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് തമിഴ്‌നാട് വനം വകുപ്പ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല. ആന പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറിയിട്ട് ആറു ദിവസം കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്‌നാട് തള്ളിക്കളയുന്നില്ല. അതിനാല്‍ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തന്നെ തുടരാനാണു നിര്‍ദേശിച്ചിരിക്കുന്നത്.

Keywords:  Wild Elephant Arikomban Reaches 6 KM Near To Kumily, Idukki, News, Wild Elephant, Trending, Forest, Tourist, Attack, Warning, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia