Follow KVARTHA on Google news Follow Us!
ad

Wild Animals | അരിക്കൊമ്പനും കാട്ടുപോത്തുകളും പന്നികളും മറ്റും നാട്ടിൽ വിലസുന്നു; എന്തുകൊണ്ട് വന്യമൃഗങ്ങൾ കാട് വിട്ടിറങ്ങുന്നു, ഭക്ഷണം മാത്രമോ പ്രധാന കാരണം? അറിയേണ്ട ചിലത് കൂടിയുണ്ട്

പരിഹാരത്തിന് മനുഷ്യര്‍ ജൈവികമായി ചിന്തിക്കുകയെന്നതാണ് ഏക പോംവഴി Arikomban, Idukki News, Wild Animals, Environment, Gadgil Report
/ അജോ കുറ്റിക്കൻ

ഇടുക്കി: (www.kvartha.com) കോട്ടയത്ത് എരുമേലിയിലും കൊല്ലത്ത് ആയൂരിലും കാട്ടുപോത്തിന്റെ അക്രമത്തില്‍ മൂന്നു പേര്‍ മരിച്ചിട്ട് കൃത്യം ഒരാഴ്ച തികയുന്നു. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്നും നാടുകടത്തിയിട്ട് ഇപ്പോള്‍ ഒരു മാസം. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന മുറവിളി ഉയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ വേണമെന്ന സുപ്രീംകോടതി ഉത്തരവിനെ നഖശിഖാന്തം എതിര്‍ക്കുന്നവരുടെ എണ്ണവുമേറെ. കാലാവസ്ഥ വ്യതിയാനവും വെള്ളപ്പൊക്കവും അതിവൃഷ്ടിയും അനാവൃഷ്ടിയുമെല്ലാം കണ്ട് മൂക്കത്ത് വിരല്‍ വെക്കുന്ന മനുഷ്യര്‍ മറുവശത്ത്. വാസ്തവത്തില്‍ മൃഗങ്ങള്‍ കാടിറങ്ങുന്നതിന്റെ മൂലകാരണങ്ങള്‍ അന്വേഷിക്കാന്‍ മനുഷ്യര്‍ ഒരുമ്പെട്ടാല്‍ അടിക്കടി ഇങ്ങനെ അതിശയം കൂറുന്നത് ഒഴിവാക്കാം.

News, Idukki, Kerala, Wild Animals, Forest, Arikomban, Wild Animals, Environment, Gadgil Report, Why do wild animals leave forest?

വന-മൃഗ സംരക്ഷണ മേഖലകളിലെ കര്‍ശന ഇടപെടലുകള്‍ വന്യ മൃഗങ്ങളുടെ പ്രജനനം വര്‍ധിക്കുന്നതിനും അതിലൂടെ എണ്ണം പെരുകുന്നതിനും കാരണമായിട്ടുണ്ട്. എന്നാല്‍ വന്യ മൃഗങ്ങള്‍ക്ക് വിഹരിക്കുന്നതിനുള്ള വനവിസ്തൃതി ആനുപാതികമായി കൂടിയിട്ടില്ല. പകരം കാടു കയ്യേറ്റവും ആവാസ വ്യവസ്ഥയുടെ നാശവും വ്യാപകമായി. കാട്ടില്‍ കഴിയുന്ന മൃഗങ്ങള്‍ നാട്ടിലെ മനുഷ്യനുമൊത്ത് കഴിയാന്‍ ആശപൂണ്ടല്ല കാടിറങ്ങുന്നത്. കാട്ടിലെ മൃഗങ്ങള്‍ക്ക് ഒന്നടങ്കം മാനസിക വിഭ്രാന്തി ബാധിച്ചിട്ടുമല്ല. മൃഗങ്ങള്‍ കാടിറങ്ങുന്നതിന് കാരണം ആവാസവ്യവസ്ഥയിലെ വെല്ലുവിളികള്‍ തന്നെയാണ്.

വിശാലമായ കാടുകള്‍ മനുഷ്യന്റെ ഇടപെടലുകള്‍ മൂലം ഛിന്നഭിന്നമായി. മൃഗങ്ങള്‍ സ്ഥിരമായി നടന്ന വഴികള്‍ മുറിഞ്ഞു പോയി. കാടിറങ്ങുന്നത് എല്ലായ്‌പ്പോഴും സിംഹവും കടുവയും പോലെ മറ്റു മൃഗങ്ങളെ കീഴ്‌പെടുത്തി ഇര തേടാന്‍ കഴിവുള്ള മൃഗങ്ങളല്ലെന്ന് ഓര്‍ക്കണം. കാട്ടുപോത്തും, പന്നിയും ആനയുമെല്ലാം കാടിറങ്ങുന്നത് മനുഷ്യനെയോ മറ്റ് മൃഗങ്ങളെയോ കൊന്നു തിന്നാനുമല്ല. എങ്കിലും ഭക്ഷണം ഇവര്‍ കാടിറങ്ങുന്നതിന്റെ പ്രധാന കാരണം തന്നെയാണ്. ഒരു ചെറിയ പ്രദേശത്ത് കുറേയെറെ മൃഗങ്ങള്‍ ഒന്നിച്ച് വരുമ്പോള്‍ ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി മൃഗങ്ങള്‍ മറ്റ് മേച്ചില്‍ പുറങ്ങള്‍ തേടുന്നതും സ്വാഭാവികമാണ്.

കാട്ടിലുമുണ്ട് ക്ഷാമം

മാംസഭുക്കുകളായ മൃഗങ്ങള്‍ക്ക് കാട്ടില്‍ സ്വന്തമായ അധികാര പരിധിയുണ്ട്. ബംഗാളിലെ ഗ്രേറ്റ് ഇൻഡ്യൻ കടുവകള്‍ക്ക് കാട്ടില്‍ കിലോമീറ്ററുകള്‍ സ്വന്തമാണെന്നാണ് കണക്ക്. ഇത് മറികടന്ന് അകത്തേയ്ക്ക് പ്രവേശിക്കുന്ന സാധുമൃഗങ്ങള്‍ ജീവന് ഭീഷണി നേരിടുന്നു. അപ്പോള്‍ അതിജീവനത്തിനായി പ്രാണനുമായി പായുന്ന മൃഗങ്ങള്‍ ദിക്കറിയാതെയാണ് ഓടിയിറങ്ങുക. അതല്ലാതെ നാട്ടിലിറങ്ങി മനുഷ്യരെയെല്ലാം ശരിപ്പെടുത്താമെന്ന് കാട്ടുപോത്തുകളും ആനയുമൊക്കെ ചിന്തിക്കുമെന്ന് കരുതാനാകില്ല. പോഷകാംശമുള്ള ആഹാരം ശാസ്ത്രീയമായി തേടി കണ്ടുപിടിക്കാന്‍ മൃഗങ്ങള്‍ക്ക് കഴിവില്ല. എന്നാല്‍ തങ്ങളുടെ അതിജീവനത്തിനും ആരോഗ്യത്തിനും ഇണങ്ങുന്ന ഭക്ഷണമേതെന്ന് കണ്ടെത്താന്‍ മൃഗങ്ങള്‍ക്ക് സാധിക്കും.

സോയില്‍ ഡിപ്ലീഷന്‍ അഥവാ മണ്ണ് ശോഷണം കാട്ടില്‍ ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കളുടെ പോഷക സമ്പുഷ്ടി ഗണ്യമായി കുറയുന്നതിന് ഇടയാക്കുന്നതായി പഠനങ്ങളുണ്ട്. ഇതിന് പുറമേ വനം പ്രദേശങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി കൃത്രിമ വളങ്ങളും പോഷകാംശങ്ങളും ഉപയോഗിക്കുന്നതും മൃഗങ്ങളെ കാടിറങ്ങാന്‍ പ്രേരിപ്പിക്കുന്നു. കാടുകയറിയുള്ള വിനോദ സഞ്ചാരവും റിസോര്‍ട്ട് നിര്‍മിക്കലും ഇന്ന് വലിയ കച്ചവടമാണ്. തികഞ്ഞ ഉത്തരവാദിത്തത്തോടെ സംഘടിപ്പിക്കുന്ന വനം ടൂറിസവും കേവലം വിനോദവും സാമ്പത്തിക ലാഭവും ലക്ഷ്യമിട്ടുള്ള കാടു കയ്യേറലും തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ട്.

കുടിച്ച് കുന്തം മറിയുന്നതിനും വെടിയിറച്ചി തിന്നുന്നതിനും മുന്തിയ ഇനം കാട്ടുമരങ്ങള്‍ വെട്ടിമുറിച്ച് കട്ട് കടത്തുന്നതിനും കാടുകയറുന്ന വിരുതന്മാര്‍ ഇപ്പോഴും കുറവല്ല. ഇവര്‍ കാടിനോടും കാടിന്റെ ആവാസ വ്യൂഹത്തോടും ചെയ്യുന്ന ദ്രോഹവും ചെറുതല്ല. അതേപോലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി വര്‍ധിച്ചു വരുന്ന പാറമടകള്‍ മൃഗങ്ങള്‍ക്ക് ഭീഷണിയാണ്. സ്‌ഫോടന ശബ്ദവും ചിതറുന്ന പാറക്കഷണങ്ങളും പാറപ്പൊടിയും സൃഷ്ടിക്കുന്ന മലിനീകരണവും വെടിമരുന്നിന്റെ ഗന്ധവുമൊക്കെ വന്യജീവികളുടെ സമനില തെറ്റിക്കും.

എന്ന് സ്വന്തം വളര്‍ത്തു നായ

മനുഷ്യന്‍ കാടിറങ്ങിയപ്പോള്‍ അവനൊപ്പം ഇറങ്ങിയതാണ് നായ്ക്കള്‍ എന്നാണ് വെയ്പ്പ്. എന്നാല്‍ വളര്‍ത്തു മൃഗങ്ങളെന്ന തരംതിരിവിന് കീഴില്‍ വരുന്ന നായ്ക്കള്‍ അടുത്തിടെ നാട്ടില്‍ വിതച്ച ഭീതി ചെറുതല്ല. കുട്ടികളെയും മുതിര്‍ന്നവരെയും വൃദ്ധരെയും റോഡില്‍ ഒരു വ്യത്യാസവുമില്ലാതെ നായ്ക്കള്‍ കടിച്ച് മുറിവേല്‍പ്പിച്ചത് എല്ലാവര്‍ക്കും ഞെട്ടലുണ്ടാക്കി. യഥാവിധം നായ്ക്കളുടെ വന്ധ്യംകരണം നടപ്പിലാക്കാഞ്ഞത് തെരുവ് നായ്ക്കള്‍ പെറ്റുപെരുകുന്നതിന് കാരണമായെന്ന വസ്തുത അംഗീകരിച്ചേ മതിയാകൂ.

എന്നാല്‍ ശരിയായ വിധത്തിലുള്ള മാലിന്യ നിര്‍മാര്‍ജനം നടപ്പാക്കാതെ മാലിന്യങ്ങള്‍ വഴിയരികിലും തോട്ടു വക്കത്തും വലിച്ചെറിഞ്ഞതും നായ്ക്കള്‍ കൂട്ടമായി പൊതുവിടങ്ങളില്‍ അലഞ്ഞു തിരിയുന്നതിന് കാരണമായി. തെരുവു നായ്ക്കളെ സംരക്ഷിക്കുന്നതിന് ഉത്തരവാദിത്തമുള്ള വകുപ്പുകളുടെ ഉദാസീനത പ്രശ്‌നം വഷളാക്കി. നായ്ക്കളുടെ കഴുത്തില്‍ കയറിട്ട് കെട്ടിതൂക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചാല്‍ അതുകണ്ട് നടുങ്ങുന്നതിനുള്ള ഡിജിറ്റല്‍ സാക്ഷരത മൃഗങ്ങള്‍ക്കില്ല. എന്നിട്ടും അത് ചെയ്യുന്നതിന് ഒരുമ്പെട്ട മനുഷ്യരുടെ ചിന്താഗതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. മനുഷ്യന്റെ ജീവന് ഭീഷണിയാകുന്ന മൃഗങ്ങളെ കീഴ്‌പ്പെടുത്തരുതെന്ന് ഇതിനര്‍ഥമില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു.

പ്രശ്‌നം അതിഗൗരവം

വന്യ മൃഗങ്ങള്‍ കാടിറങ്ങുന്നതിന്റെ കാരണങ്ങള്‍ ഇനിയുമുണ്ട്. എന്നാല്‍ ഇതിന് പരിഹാരമാണ് മനുഷ്യര്‍ തേടുന്നതെങ്കില്‍ ജൈവികമായി ചിന്തിക്കുകയെന്നതാണ് ഏക പോംവഴി. യന്ത്രങ്ങളുടെ മിടുക്കില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രകൃതിയെ മെരുക്കി ജീവിച്ചു കൊണ്ടിരിക്കുന്ന മനുഷ്യന്‍ ഇനി പരിശീലിക്കേണ്ടത് പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനാണ്. പ്രകൃതിയുടെ നേട്ടത്തിനായി കീഴടങ്ങുന്നത് ഒരു തോല്‍വിയല്ലെന്ന് മനസിലാക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കണം. വാസ്തവത്തില്‍ പാരിസ്ഥതിക പ്രശ്‌നങ്ങള്‍ക്ക് സത്യസന്ധമായ പരിഹാരം തേടുന്നവര്‍ വായിക്കേണ്ട പഠനമാണ് ഗാഡ്ഗില്‍ റിപോർട്.

കേരളം ഉള്‍പെടെയുള്ള ആറ് പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ഏതൊക്കെയെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇവിടങ്ങളില്‍ ചെയ്യാവുന്നതും ചെയ്യരുതാത്തുമായ കാര്യങ്ങള്‍ ഗാഡ്ഗില്‍ റിപോര്‍ടില്‍ അക്കമിട്ട് വിവരിക്കുന്നുണ്ട്. ജനിതകം മാറ്റം വരുത്തിയ വിത്തുകള്‍, പ്ലാസ്റ്റിക് ഉപയോഗം തുടങ്ങി ഏകവിളത്തോട്ടങ്ങള്‍ പോലും ഇത്തരം സ്ഥലങ്ങളില്‍ പാടില്ലെന്നാണ് ഗാഡ്ഗില്‍ വ്യക്തമാക്കുന്നത്.

പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പ്രത്യേക സാമ്പത്തിക മേഖലയോ പുതിയ ഹില്‍ സ്റ്റേഷനോ പാടില്ലെന്നും പുഴകളുടെ തിരിച്ചു വിടല്‍ അനുവദിക്കരുതെന്നും കാലാവധി കഴിഞ്ഞ ജലവൈദ്യുത പദ്ധതികള്‍ ഡീകമീഷന്‍ ചെയ്യണമെന്നും മറ്റുമുള്ള നിര്‍ദേശങ്ങള്‍ ഒന്ന് പോലും പാലിക്കാന്‍ തയ്യറായിട്ടില്ലാത്ത ജനങ്ങള്‍ വെള്ളപ്പൊക്കവും പേമാരിയും തുടര്‍ക്കഥയാകുമ്പോള്‍ മൂക്കത്ത് വിരല്‍ വെച്ചിട്ട് കാര്യമില്ലെന്നതാണ് വാസ്തവം.

Keywords: News, Idukki, Kerala, Wild Animals, Forest, Arikomban, Wild Animals, Environment, Gadgil Report, Why do wild animals leave forest?
< !- START disable copy paste -->

Post a Comment