ലക്നൗ: (www.kvartha.com) ഐപിഎല്‍ മത്സരത്തിനിടെ വാക് തര്‍ക്കത്തില്‍ ഏര്‍പെട്ടതിന്റെ പേരില്‍ റോയല്‍ ചാലന്‍ജേഴ്‌സ് ബെംഗ്‌ളൂറു ക്യാപ്റ്റന്‍ വിരാട് കോലിക്കും ലക്‌നൗ മെന്റര്‍ ഗൗതം ഗംഭീറിനും അഫ്ഗാനിസ്താന്‍ യുവതാരം നവീന്‍ ഉല്‍ ഹഖിനും പിഴ. തിങ്കളാഴ്ച നടന്ന ലക്നൗ സൂപര്‍ ജെയന്റ്സ്- റോയല്‍ ചലന്‍ജേഴ്സ് ബെംഗ്‌ളൂറു മത്സരത്തിനിടെയാണ് സംഭവം.
ലക്‌നൗവില്‍ നടന്ന മത്സരത്തിലുണ്ടായ തര്‍ക്കങ്ങളില്‍ കോലിയും ഗംഭീറും ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയെന്നാണ് അച്ചടക്ക സമിതി വ്യക്തമാക്കുന്നത്. മൂവരും മാച് ഫീസ് പൂര്‍ണമായും പിഴയായി അടയ്‌ക്കേണ്ടിവരും. ലക്‌നൗ ബാറ്റിങ്ങിനിടെ കോലിയോട് തര്‍ക്കിച്ചതിനാണ് നവീന്‍ ഉൽ ഹഖിന് പിഴയിട്ടത്.
ലക്‌നൗ ബാറ്റിങ്ങിനിടെ 17-ാം ഓവറിലാണ് കോലിയും നവീന്‍ ഉൽ ഹഖും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത്. നവീന് നേരെ കോലി കാലിലെ ഷൂ ചൂണ്ടിക്കാണിച്ച് സംസാരിക്കുകയും നവീന്‍ കോലിയെ തുറിച്ചു നോക്കുകയും ചെയ്തു. തുടര്‍ന്ന് അംപയര്‍മാരും ലക്‌നൗ താരം അമിത് മിശ്രയും ഇടപെട്ടാണ് കോലിയെ ശാന്തനാക്കിയത്.
മത്സരത്തിനുശേഷം ഷേയ്ക് ഹാന്‍ഡ് നല്‍കുമ്പോഴും കോലിയും നവീന്‍ ഉൽ ഹഖും തര്‍ക്കിച്ചു. ഇതിനിടെ വിഷയത്തില്‍ ലക്‌നൗ ടീം മെന്ററായ ഗൗതം ഗംഭീറും ഇടപെട്ടു. തുടര്‍ന്ന് കോലിയും ഗംഭീറും തമ്മിലായി വാക്കുതര്‍ക്കം. ലക്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഇടപെട്ടാണ് വിഷയം പരിഹരിച്ചത്. മത്സരത്തില്‍ ലക്‌നൗ സൂപര്‍ ജയന്റ്‌സിനെ 18 റണ്‍സിന് റോയല്‍ ചാലന്‍ജേഴ്‌സ് ബെംഗ്‌ളൂറു തോല്‍പിച്ചു.
Keywords: News, National-News, National, Sports-News, Sports, Cricketers, Players, Virat kohli, Gautam Gambir, IPL, KL Rahul, Naveen-Ul-Haq, Virat Kohli, Gautam Gambhir fined 100 per cent match fees for verbal spat.