Ship Released | 9 മാസമായി നൈജീരിയയുടെ കസ്റ്റഡിയിലായിരുന്ന ഓയില്‍ ടാങ്കര്‍ എംടി ഹീറോയിക് ഇഡുന്‍ മോചിപ്പിച്ചു; തടവില്‍ കഴിഞ്ഞവരില്‍ 3 മലയാളികള്‍ ഉള്‍പെടെ 26 ജീവനക്കാര്‍

 


കൊച്ചി: (www.kvartha.com) ക്രൂഡ് ഓയില്‍ കള്ളക്കടത്ത് ആരോപിച്ച് കഴിഞ്ഞ ഒമ്പത് മാസമായി നൈജീരിയയുടെ കസ്റ്റഡിയിലായിരുന്ന ഓയില്‍ ടാങ്കര്‍ എംടി ഹീറോയിക് ഇഡുന്‍ മോചിപ്പിച്ചു. മൂന്നു മലയാളികള്‍ ഉള്‍പെടെ 26 ജീവനക്കാരാണ് തടവില്‍ കഴിഞ്ഞിരുന്നത്. ജീവനക്കാരുടെ പാസ്‌പോര്‍ടുകള്‍ ശനിയാഴ്ച കൈമാറുമെന്ന് അധികൃതര്‍ പറഞ്ഞു. കൊച്ചി സ്വദേശികളായ ചീഫ് ഓഫിസര്‍ കാപ്റ്റന്‍ സനു ജോസ്, മില്‍ടന്‍ ഡികോത്, കൊല്ലം സ്വദേശി വി വിജിത് എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍.

ജീവനക്കാര്‍ കുറ്റക്കാരല്ലെന്ന് നൈജീരിയന്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് മോചനം. കഴിഞ്ഞ ഓഗസ്റ്റില്‍ പടിഞ്ഞാറന്‍ ആഫ്രികന്‍ രാജ്യമായ ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടഞ്ഞു വയ്ക്കപ്പെട്ട കപ്പല്‍ നവംബറിലാണ് നൈജീരിയയ്ക്ക് കൈമാറിയത്. മാസങ്ങള്‍ നീണ്ട കോടതി വിചാരണയ്ക്കു ശേഷമാണു മോചനം. കെട്ടിച്ചമച്ച കുറ്റങ്ങള്‍ ചുമത്തി കപ്പല്‍ ജീവനക്കാരെ തടഞ്ഞു വച്ചതിനെതിരെ രാജ്യാന്തര തലത്തില്‍ വ്യാപകമായ എതിര്‍പ്പുയര്‍ന്നിരുന്നു.

ഓഗസ്റ്റ് എട്ടിനു നൈജീരിയന്‍ എക്‌സ്‌ക്ലൂസീവ് ഇകണോമിക് സോണിലെ അക്‌പോ ഓഫ്‌ഷോര്‍ ടെര്‍മിനലില്‍ ക്രൂഡ് ഓയില്‍ നിറയ്ക്കാനെത്തിയ ഹീറോയിക് ഇഡുന്‍ അപ്രതീക്ഷിത സംഭവങ്ങള്‍ക്ക് ഇരയാകുകയായിരുന്നു. ക്രൂഡ് ഓയില്‍ നിറയ്ക്കാനുള്ള സാങ്കേതിക അനുമതി ലഭിക്കാത്തതിനാല്‍ സോണ്‍ വിട്ടു പുറത്തുപോകാന്‍ നിര്‍ദേശം ലഭിച്ച കപ്പലിനെ രാത്രി അജ്ഞാത കപ്പല്‍ സമീപിച്ചു. തുടര്‍ന്ന് നൈജീരിയന്‍ നാവിക സേനയാണെന്നും കപ്പല്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

Ship Released | 9 മാസമായി നൈജീരിയയുടെ കസ്റ്റഡിയിലായിരുന്ന ഓയില്‍ ടാങ്കര്‍ എംടി ഹീറോയിക് ഇഡുന്‍ മോചിപ്പിച്ചു; തടവില്‍ കഴിഞ്ഞവരില്‍ 3 മലയാളികള്‍ ഉള്‍പെടെ 26 ജീവനക്കാര്‍

എന്നാല്‍, തിരിച്ചറിയുന്നതിന് ആവശ്യമായ ഓടമാറ്റിക് ഐഡന്റിഫികേഷന്‍ സിസ്റ്റംസ് പ്രവര്‍ത്തിപ്പിക്കാതെയാണു കപ്പല്‍ എത്തിയത് എന്നതിനാല്‍ കടല്‍ക്കൊള്ളക്കാരാണെന്ന് ഭയന്ന് ഹീറോയിക് ഇഡുന്‍ ജീവനക്കാര്‍ കപ്പലുമായി അവിടെ നിന്നു നീങ്ങുകയും അപായ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. നൈജീരിയന്‍ കപ്പല്‍ പിന്തുടര്‍ന്നെങ്കിലും പിന്‍വാങ്ങി. എന്നാല്‍, ഓഗസ്റ്റ് 14 ന് ഗിനി നാവികസേന ഹീറോയിക് ഇഡുന്‍ തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട്, നൈജീരിയയ്ക്കു കൈമാറിയ കപ്പല്‍ ജീവനക്കാരെ ക്രൂഡ് ഓയില്‍ മോഷണക്കുറ്റം ആരോപിച്ചാണ് തടവിലാക്കിയത്.

Keywords:  Ship Carrying Detained Indian Sailors in Nigeria released, Kochi, News, Trending, Malayalees, Court, Criticism, Oil, Jailed, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia