Delhi Police | ലൈംഗികാതിക്രമ പരാതിയില്‍ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ തെളിവില്ലെന്നരീതിയില്‍ പുറത്തുവന്ന റിപോര്‍ട് തള്ളി ഡെല്‍ഹി പൊലീസ്

 


ന്യൂഡെല്‍ഹി: (www.kvartha.com) ലൈംഗികാതിക്രമ പരാതിയില്‍ ബിജെപി എംപിയും ദേശീയ റെസ്ലിങ് ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ തെളിവില്ലെന്ന തരത്തില്‍ പുറത്തുവന്ന റിപോര്‍ട് തള്ളി ഡെല്‍ഹി പൊലീസ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഡെല്‍ഹി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ലൈംഗികാതിക്രമ പരാതിയില്‍ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ തെളിവില്ലെന്ന് ആരെയും അറിയിച്ചിട്ടില്ലെന്ന് ഡെല്‍ഹി പൊലീസ് വ്യക്തമാക്കി. വിവാദമായ കേസാണെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം ഇതു സംബന്ധിച്ച ട്വീറ്റ് പൊലീസ് പിന്‍വലിച്ചു.

തെളിവില്ലാത്തതിനാലാണ് ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാത്തതെന്നും 15 ദിവസത്തിനുള്ളില്‍ അന്വേഷണ റിപോര്‍ട് സമര്‍പ്പിക്കുമെന്നുമാണ് ഡെല്‍ഹി പൊലീസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട് ചെയ്തത്. ഗുസ്തി താരങ്ങളുടെ അവകാശവാദത്തിന് തെളിവില്ലെന്നും ഡെല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചതായും എഎന്‍ഐ റിപോര്‍ട് ചെയ്തിരുന്നു.

അതിനിടെ തനിക്കെതിരെ തെളിവില്ലെന്ന് ആവര്‍ത്തിച്ച് ബ്രിജ് ഭൂഷന്‍. തനിക്കെതിരെയുള്ള ഒരു ആരോപണമെങ്കിലും തെളിയിക്കപ്പെട്ടാല്‍ ആത്മഹത്യ ചെയ്യാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കാന്‍ ഗുസ്തി താരങ്ങളെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. ആയോധ്യയിലെ പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് ബ്രിജ് ഭൂഷന്‍ താരങ്ങളെ വെല്ലുവിളിച്ചത്.

ബ്രിജ് ഭൂഷനെതിരെ നടപടി സ്വീകരിക്കാത്തതില്‍ ഗുസ്തി താരങ്ങള്‍ പ്രതിഷേധ പരിപാടികള്‍ ശക്തമാക്കുന്നതിനിടെയാണ് പുതിയ സംഭവം. രാജ്യത്തിനായി തങ്ങള്‍ നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്നു പ്രഖ്യാപിച്ച താരങ്ങളെ കര്‍ഷക നേതാക്കള്‍ ഇടപെട്ടാണ് കഴിഞ്ഞദിവസം പിന്‍വലിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്കായിരുന്നു താരങ്ങള്‍ മെഡലുകള്‍ ഒഴുക്കി കളയാന്‍ തീരുമാനിച്ചത്.

യുപിയിലെ കൈസര്‍ഗഞ്ചില്‍ നിന്നുള്ള ബിജെപി എംപിയായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ രണ്ട് എഫ് ഐ ആര്‍ ഡെല്‍ഹി പൊലീസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പെടെ ഏഴു താരങ്ങള്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ലെന്ന് കാട്ടിയാണ് ഏപ്രില്‍ 23ന് താരങ്ങള്‍ ജന്തര്‍മന്തറില്‍ സമരം ആരംഭിക്കുന്നത്.

സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് പൊലീസ് എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തു. പോക്സോ ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ആദ്യത്തെ കേസ്. രണ്ടാമത്തെ കേസില്‍ ബ്രിജ് ഭൂഷനെയും റെസ്ലിങ് ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രടറി വിനോദ് തോമറിനെയും പ്രതിചേര്‍ത്താണ്.

ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 354എ(ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുക), 354ഡി(ശല്യപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകളാണ് രണ്ടാമത്തെ എഫ് ഐ ആറില്‍ പറയുന്നത്. 2012 മുതല്‍ 2022 വരെയുള്ള സമയത്തായി പല തവണ ബ്രിജ് ഭൂഷന്‍ ശല്യപ്പെടുത്തിയെന്നാണ് പരാതി. നാലുതവണ അതിക്രമമുണ്ടായത് അശോക റോഡിലെ ബ്രിജ് ഭൂഷന്റെ എംപി വസതിയിലാണ്. റെസ്‌ലിങ് ഫെഡറേഷന്‍ ഓഫിസും ഇതു തന്നെയാണ്.

Delhi Police | ലൈംഗികാതിക്രമ പരാതിയില്‍ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ തെളിവില്ലെന്നരീതിയില്‍ പുറത്തുവന്ന റിപോര്‍ട് തള്ളി ഡെല്‍ഹി പൊലീസ്

Keywords: Reports of 'no evidence' against Brij Bhushan wrong, investigation on: Police, Brij Bhushan, New Delhi, News, Trending, Protest, Police, Supreme Court, FIR, Medal, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia