പാരിസ്: (www.kvartha.com) അനുവാദമില്ലാതെ സഊദി അറേബ്യ സന്ദര്‍ശിച്ചതിന് അര്‍ജന്റീന ഫുട്‌ബോള്‍ താരം മെസിയെ പിഎസ്ജി ക്ലബ് (പാരീസ് സെയ്ന്റ് ജര്‍മന്‍ ക്ലബ്) സസ്‌പെന്‍ഡ് ചെയ്‌തെന്ന് റിപോര്‍ട്. രണ്ടാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. ഈ കാലയളവില്‍ മെസിക്ക് കളിക്കാനും പരിശീലിക്കാനും അനുമതിയില്ല. സസ്‌പെന്‍ഷന്‍ കാലത്ത് മെസിക്ക് ക്ലബില്‍ നിന്ന് പ്രതിഫലവും ലഭിക്കില്ല.
സഊദി അറേബ്യയുടെ ടൂറിസം അബാസഡറാണ് ലയണല്‍ മെസി. സഊദി ടൂറിസം അംബാസഡര്‍ എന്ന നിലയിലാണ് രാജ്യ സന്ദര്‍ശനത്തിനായി മെസിയും കുടുംബവും സഊദിയിലെത്തിയത്. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് മെസി സന്ദര്‍ശിച്ചത്. 2022 മേയിലാണ് സഊദി ടൂറിസം അതോറിറ്റി (എസ്ടിഎ) മെസിയെ ഔദ്യോഗിക ടൂറിസം ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചത്.
സഊദിയില്‍ പോകാന്‍ അനുമതി ചോദിച്ചെങ്കിലും ക്ലബ് അധികൃതര്‍ നിഷേധിച്ചിരുന്നുവെന്നാണ് വിവരം. അനുമതിയില്ലാതെ അംബാസിഡര്‍ ആയതിന് പിഴയും മെസി നല്‍കണം. പിഎസ്ജിയുമായുള്ള രണ്ട് വര്‍ഷത്തെ കരാര്‍ കാലാവധി അവസാനിക്കാനിരിക്കെ മെസി ക്ലബ് വിടുമെന്ന അഭ്യൂഹത്തിനിടെയാണ് സസ്‌പെന്‍ഷന്‍ നടപടി.
ക്ലബ് നടപടിയെടുത്തതോടെ ലീഗ് വണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ മെസിക്ക് നഷ്ടമാകും. നിലവില്‍ 33 മത്സരങ്ങളില്‍ നിന്ന് 75 പോയിന്റുമായി ഫ്രഞ്ച് ലീഗില്‍ ഒന്നാമതാണ് പിഎസ്ജി. കഴിഞ്ഞ ദിവസം സഊദിയിലെത്തിയ മെസിയുടെ ചിത്രങ്ങള്‍ സഊദി ടൂറിസം മന്ത്രി അഹ് മദ് അല്‍ ഖത്വീബാണ് പുറത്ത് വിട്ടത്.
Keywords: News, World, World-News, Sports-News, PSG, Lionel Messi, Player, Suspended, Tourism-Ambassador, Saudi Arabia, Sports, PSG reportedly suspends Messi for two weeks over Saudi Arabia trip.