തലശ്ശേരി: (www.kvartha.com) കണ്ണൂര്‍ - തലശ്ശേരി ദേശീയ പാതയിലെ മുഴപ്പിലങ്ങാട് യൂത്തിന് സമീപം ഒരു വ്യക്തിയുടെ മൂന്ന് നില കെട്ടിടത്തിലേക്ക് സിമന്റ് മിശ്രിത ട്രക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു. തമിഴ്‌നാട് സ്വദേശി മണികണ്ഠനാ(48)ണ് പരുക്കേറ്റത്. ഇയാളെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെളളിയാഴ്ച പുലര്‍ചെ നാലു മണിക്കാണ് അപകടം നടന്നത്. തമിഴ്നാട്ടില്‍ നിന്നും സിമന്റ് മിശ്രിതവുമായി മംഗ്ളൂറിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. കണ്ണൂരില്‍ നിന്നും വരുമ്പോള്‍ മുഴപ്പിലങ്ങാട്-മാഹി ബൈപാസ് ആരംഭിക്കുന്നിടത്ത്, വലതുഭാഗത്തെ സര്‍വീസ് റോഡിനോട് ചേര്‍ന്ന് പാചകത്തൊഴിലാളി യൂനിയന്‍ ധര്‍മ്മടം മണ്ഡലം കമിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയുടെ മൂന്ന് നില കെട്ടിടത്തിലേക്കാണ് വണ്ടി ഇടിച്ചു കയറിയത്.
കെട്ടിടത്തിന്റെ മുകളിലത്തെ രണ്ടു നിലകളിലായി ആളുകള്‍ താമസിക്കുന്നുണ്ട്. ഇടിയുടെ ആഘാതത്തില്‍ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എടക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Keywords: News, Kerala-News, Kerala, News-Malayalam, Building, Injured, Local-News, Regional-News, Muzhappilangad: Driver Injured by Lorry Crashed into Building.