Follow KVARTHA on Google news Follow Us!
ad

Kottakkal | ഓര്‍മയില്‍ കോട്ടക്കല്‍ ഒന്നാം ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനവും വികസന വിധാതാക്കളും

കേരള ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലം ഉദ്ഘാടനം ചെയ്ത ചരിത്ര മുഹൂര്‍ത്തം Kottakkal Bus Stand, Inauguration, CH Muhammad Koya, E Ahmad, യു എ ബീരാന്‍
-യുഎ നസീര്‍ ന്യൂയോര്‍ക്ക്

(www.kvartha.com) വികസനത്തിന്റെ പുതിയ നാമ്പുകള്‍ രചിച്ച് വാണിജ്യ, വ്യവസായ തലത്തില്‍ കേരളത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആയുര്‍വേദ നഗരിയായ കോട്ടക്കല്‍ പട്ടണത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ പുതുക്കി പണിത ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് സമുച്ചയം ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക നായകന്മാരുടെയും സാന്നിധ്യത്തില്‍ മെയ് അഞ്ചിന് നാടിന് സമര്‍പ്പിക്കുകയാണ്. പ്രദേശവാസികളുടെയും വികസന കുതുകികളുടെയും ആഹ്ലാദത്തില്‍ ലോകമാസകലമുള്ള പ്രവാസികളും പങ്കു ചേരുകയാണ്. പലരും കരുതുന്നത് പോലെ ഇത് കോട്ടക്കലിലെ രണ്ടാമത്തെ ബസ് സ്റ്റാന്‍ഡ് കെട്ടിടമല്ല. ഇതിന് മുമ്പ് കോട്ടക്കലെ മറ്റ് രണ്ടു ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനങ്ങള്‍ക്ക് സജീവമായി പങ്കെടുത്ത ഒരു വ്യക്തിയെന്ന നിലക്ക് ചില ചിതറിയ ചിന്തകള്‍ ഓര്‍മ്മയില്‍ വരികയാണ്.
     
Kottakkal Bus Stand, Inauguration, CH Muhammad Koya, E Ahmad, Article, Kottakkal 1st Bus Stand Inauguration and Developments.

ഇത് കോട്ടക്കലിന്റെ മൂന്നാമത്തെ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനമാണ്. 1970കളില്‍ ആര്യവൈദ്യശാല കോവിലകം റോഡില്‍ ഇന്നത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കല്ലുവെട്ടിക്കുഴിയായി കിടന്നിരുന്ന പ്രദേശം, എന്റെ പിതാവ് യുഎ ബീരാന്‍ സാഹിബിന്റെയും മേതില്‍ മുഹമ്മദ് സാഹിബിന്റെയും നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി, നാട്ടുകാരുടെ കൂടെ ശ്രമഫലമായി മണ്ണിട്ട് നികത്തിക്കൊണ്ടാണ് അവിടെ ബസ്റ്റാന്‍ഡ് കെട്ടിടം നിര്‍മിക്കാനുള്ള പരിപാടികള്‍ ആവിഷ്‌ക്കരിച്ചത്. വിദ്യാര്‍ത്ഥികളായ ഞങ്ങളും അന്നു ശ്രമദാനത്തില്‍ പങ്കെടുത്തത് ഇന്നും മധുരമുള്ള ഓര്‍മ്മകള്‍. അന്നും ചെറിയ തോതിലുള്ള മുറു മുറപ്പുകളും എതിര്‍പ്പും അതിനെതിരെ ഉണ്ടായിരുന്നു എന്നതും വാസ്തവമാണ്. ഏതൊരു വികസനപരമായ മാറ്റങ്ങള്‍ക്കും ഇത്തരം വിഷയങ്ങള്‍ ഉണ്ടാവുന്നതും പിന്നീട് സ്വന്തം താല്‍പര്യങ്ങള്‍ മാറ്റിവെച്ചു പൊതു വികസനത്തില്‍ പങ്കു ചേരുന്നതും സ്വാഭാവികം.

സമുചിതമായി അതിന്റെ ഉദ്ഘാടനം അന്നത്തെ നിയമസഭാ സ്പീക്കര്‍ കെ മൊയ്തീന്‍ കുട്ടി എന്ന ബാവഹാജിയുടെ കരങ്ങളാല്‍ നിര്‍വഹിക്കുകയുണ്ടായി എന്നാണ് ഓര്‍മ്മ. ആര്യവൈദ്യ ശാല റോഡില്‍ കൂടി വന്ന് ബസ്സ്റ്റാന്‍ഡില്‍ കയറി പാലപ്ര റോഡ് വഴി തിരിച്ച് ചങ്കുവെട്ടി ഭാഗത്തേക്കും മലപ്പുറം ഭാഗത്തേക്കും പോകുന്ന പതിവായിരുന്നു അന്ന് ഉണ്ടായിരുന്നത്. അക്കാലത്തു ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഉള്‍പ്പെടെ എല്ലാ ബസുകളും കോട്ടക്കല്‍ ടൗണിലേക്ക് വേണമെന്നത് നാട്ടുകാരുടെ ആവശ്യമായിരുന്നു. കാരണം അന്ന് ചില ദീര്‍ഘ ദൂര ബസുകള്‍ ചെങ്കുവെട്ടി എന്ന വിജനമായ സ്ഥലത്ത് യാത്രക്കാരെ ഇറക്കി കോട്ടക്കലേക്ക് വരാത്ത ഒരു പതിവുണ്ടായിരുന്നു.

ഞങ്ങളെല്ലാം നാഷണല്‍ ഹൈവേയില്‍ ഈ വിഷയത്തില്‍ പല പ്രാവശ്യം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡിലേക്ക് ബസ്സുകള്‍ വരാന്‍ തുടങ്ങിയത്. പിന്നീട് ഈ ബസ്റ്റാന്‍ഡ് സൗകര്യം പോര എന്ന് വന്നതിനാലാണ് താഴെ അങ്ങാടിയും മേലെ അങ്ങാടിയുമായി വേര്‍തിരിച്ച് കിടന്നിരുന്ന അന്നത്തെ കോട്ടക്കല്‍ ഗ്രാമമധ്യത്തില്‍ കോവിലകത്തിന്റെ വകയായിരുന്ന ചന്ത പഞ്ചായത്ത് ഏറ്റെടുക്കുകയും അവിടെ ബസ്റ്റാന്‍ഡും ഈ രണ്ട് അങ്ങാടിയേയും മുട്ടിച്ചുകൊണ്ട് ഒരു ഷോപ്പിംഗ് കോംപ്ലക്‌സും പണിയാനുള്ള ശ്രമം ഉണ്ടായത്. അപ്പോഴും അതിനെതിരെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു എന്നതാണ് കൗതുകകരം.

അന്ന് കോട്ടക്കല്‍ താഴെ അങ്ങാടി, മേലെ അങ്ങാടി എന്ന നിലക്കുള്ള ചെറിയ രണ്ട് കൊച്ചു ഗ്രാമങ്ങളായി വേര്‍തിരിഞ്ഞ് കിടക്കുകയായിരുന്നു. അതിന് രണ്ടിനും ഇടയ്ക്കുള്ള വിജനമായ സ്ഥലത്തായിരുന്നു ഇന്നത്തെ ബസ് സ്റ്റാന്‍ഡ് നില്‍ക്കുന്ന കോട്ടക്കല്‍ ചന്ത. അതിനെ കോവിലകത്ത് നിന്ന് ഏറ്റെടുത്ത് ഈ രണ്ട് അങ്ങാടികളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഷോപ്പിംഗ് കോംപ്ലക്‌സ് ബില്‍ഡിങും അതോടനുബന്ധിച്ച് ബസ്റ്റാന്റും കൊണ്ടുവരാന്‍ തീരുമാനിച്ചപ്പോള്‍ അന്ന് തന്നെ ചിലര്‍ക്ക് സംശയവും എതിര്‍പ്പും ഉണ്ടായിരുന്നു. രാത്രി മദ്രസ കഴിഞ്ഞ് ഒറ്റയ്ക്ക് മേലെ അങ്ങാടിയിലേക്ക് പോകാന്‍ കുട്ടികള്‍ക്ക് ഭയമായിരുന്നു. ഒമ്പതാം മൈല്‍ എന്നറിയപ്പെടുന്ന പറപ്പൂര്‍ റോഡ് ജംഗ്ഷനില്‍നിന്ന് ചങ്കുവെട്ടി ഭാഗത്തേക്ക് പകല്‍ പോലും ഒറ്റയ്ക്ക് നടക്കാന്‍ ആളുകള്‍ക്ക്മടിയായിരുന്ന കാലം. അങ്ങനെയുള്ള സമയത്ത് റൂറല്‍ ഡെവലപ്‌മെന്റ് ബോര്‍ഡില്‍ നിന്ന് ഇത്രയും ഫണ്ട് ചെലവഴിച്ച് ഇങ്ങനെ ഒരു കോംപ്ലക്‌സ് കൊണ്ടുവന്നാല്‍ അത് ഇവിടെ വിജയിക്കുമോ എന്നൊക്കെയായിരുന്നു പലരുടെയും വ്യാകുലത.

ഇ അഹമ്മദ് ആയിരുന്നു അന്ന് റൂറല്‍ ഡവലപ്പ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍. ചന്തയുടെ നീണ്ട മതിലിന് എതിര്‍വശത്ത് ചില കുടുംബങ്ങള്‍ താമസിക്കുകയല്ലേ അതെങ്ങനെ അങ്ങാടിയായി മാറും എന്നൊക്കെയുള്ള ചിന്ത സജീവമായപ്പോള്‍ അതിനെക്കുറിച്ചുള്ള ഒരു ആലോചന യോഗത്തില്‍ ബീരാന്‍ സാഹിബ് പറഞ്ഞ ഒരു ഓര്‍മ്മ ഇവിടെ പങ്കുവെക്കുന്നത് ഉചിതമായിരിക്കും എന്ന് കരുതുന്നു. ഈ വികസന പ്രവര്‍ത്തനം കൊണ്ട് രണ്ട് അങ്ങാടികളും ക്രമേണ ഒരുമിച്ച് ഒരു അങ്ങാടിയായി ഭാവിയില്‍ പുത്തൂര്‍ വളവ് മുതല്‍ എടരിക്കോട് വരെ ഒരൊറ്റ ടൗണ്‍ഷിപ്പ് ആയി മാറും എന്നതാണ് എന്റെ ഭാവന. ഇത് കേട്ടപ്പോള്‍ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല എന്നതും ആ പരാമര്‍ശത്തെ പരിഹസിച്ചിരുന്നു എന്നതും ഒരു യാഥാര്‍ത്ഥ്യമായിരുന്നു.

എങ്കിലും എതിര്‍പ്പുകളെ മറി കടന്നു കോട്ടക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന എന്റെ പിതാവ് യു എ ബീരാന്‍ സാഹിബ് സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ഒഴിവില്‍ (1978) താല്‍ക്കാലികമായി വിദ്യാഭ്യാസ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന കാലഘട്ടത്തിലാണ് വമ്പിച്ച പരിപാടികളോടെ അന്നത്തെ കേരള ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലം ബസ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് തിരിച്ചെത്തി ബീരാന്‍ സാഹിബിന്റെ മേല്‍നോട്ടത്തില്‍ സ്വപ്ന പദ്ധതിയുടെ ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായി വരവേ ഉദ്ഘാടന ദിവസം കാലത്ത് ഒരു പരിപാടിക്ക് ഇടയില്‍ കോഴിക്കോട് വെച്ച് പിതാവിന് ദേഹാസ്വാസ്ഥ്യം വരികയും അത്യാസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഉല്‍ഘാടന ദിവസം ഉച്ചയോടെ ഈ വാര്‍ത്ത കേട്ട് കോട്ടക്കലുള്ള സംഘാടകര്‍ പരിഭ്രാന്തിയിലായി. എന്നാല്‍ പരിപാടികള്‍ മുന്‍ നിശ്ചയ പ്രകാരം തന്നെ നടക്കും, ബീരാന്‍ സാഹിബിനെ പകരം അധ്യക്ഷപദവി ഞാന്‍ ഏറ്റെടുക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് സി എച്ച് മുഹമ്മദ് കോയ എന്ന ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരി സ്വയം മുന്നോട്ടു വരികയായിരുന്നു.

ഇത് സി എച്ച് എന്ന വലിയ മനുഷ്യന്റെ മഹത്വം ഒരിക്കല്‍ കൂടി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു സംഭവമായിരുന്നു. ബീരാന്‍ സാഹിബിന്റെ അഭാവത്തില്‍ ഉദ്ഘാടന പരിപാടികള്‍ക്ക് ഒരു കോട്ടവും തട്ടരുതെന്ന് സി എച്ച് ഞങ്ങളെ വിളിച്ചു ഓര്‍മ്മിപ്പിക്കുകയും സജീവമായി തന്നെ മുന്‍പന്തിയില്‍ നില്‍ക്കണമെന്ന് നിര്‍ദ്ദേശിക്കുകയും തുടര്‍ന്ന് യശശരീരനായ പികെ വാര്യരുടെയും മറ്റു പ്രഗല്‍ഭരുടെയും സാന്നിദ്ധ്യത്തില്‍ കേരള ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലം ആ പരിപാടി മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം തന്നെ ഉദ്ഘാടനം ചെയ്ത ചരിത്ര മുഹൂര്‍ത്തം ഇവിടെ സ്മരിക്കുകയാണ്. ഉത്സവച്ഛായ കലര്‍ന്ന അന്തരീക്ഷത്തില്‍ ബാന്റ് വാദ്യങ്ങളുടെയും മറ്റും അകമ്പടിയില്‍ കോട്ടക്കലെ ആ ബാലവൃദ്ധം ജനങ്ങളും പങ്കെടുത്ത ഉദ്ഘാടനം ഇപ്പോഴും മനസ്സില്‍ തട്ടി നില്‍ക്കുന്നു. ഉദ്ഘാടന ശേഷം സഎച്ചിന്റെ കൂടെ ഞങ്ങള്‍ എല്ലാവരും കൂടി മെഡിക്കല്‍ കോളേജിലേക്ക് പോകുകയാണുണ്ടായത്.
    
Kottakkal Bus Stand, Inauguration, CH Muhammad Koya, E Ahmad, Article, Kottakkal 1st Bus Stand Inauguration and Developments.

ഒരുകാലത്ത് കോട്ടക്കല്‍ ബസ്റ്റാന്‍ഡിലേക്ക് എല്ലാ വാഹനങ്ങളും വരണമെന്ന് നിഷ്‌കര്‍ഷിച്ചപ്പോള്‍ ഇപ്പോള്‍ വന്നുവന്ന് ചങ്കുവെട്ടിയില്‍ ആയാലും കുഴപ്പമില്ല, ഇനിയിപ്പം നാഷണല്‍ ഹൈവേ തന്നെ കോട്ടക്കലിനെ ടച്ച് ചെയ്യാതെ പോയാലും വികസനത്തിന് വേണ്ടി ഞങ്ങള്‍ അതെല്ലാം സഹിക്കുന്നു എന്നുള്ള മനോഭാവത്തിലേക്ക് നീങ്ങിയത് ശ്ലാഘനീയമാണ്. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റമാണത്. ഇന്നു എടരിക്കോട് മുതല്‍ തുടങ്ങുന്ന കോട്ടക്കല്‍ ടൗണില്‍ ഗതാഗത തടസം വളരെ രൂക്ഷമാണ്. ഒരു ബൈപ്പാസ് നമുക്കില്ല. താമസിയാതെ അതിനും ഒരു പോംവഴി തിരൂര്‍-മലപ്പുറം റോഡില്‍ കാണുമെന്ന് പ്രത്യാശിക്കുന്നു.
ഏതായിരുന്നാലും ഈ വരുന്ന വെള്ളിയാഴ്ച രൂക്ഷമായ വിവാദങ്ങള്‍ ഒന്നുമില്ലാതെ പുതിയ ബസ് സ്റ്റാന്റ് കെട്ടിടം ജനകീയ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടേയും സാന്നിധ്യത്തില്‍ മന്ത്രി തുറന്നുകൊടുക്കുന്നത് സന്തോഷകരമായ വാര്‍ത്ത തന്നെയാണ്. അതോടൊപ്പം വിവിധ പരിപാടികളും ഉണ്ട് എന്നറിഞ്ഞു.

ഈ അവസരത്തില്‍ മുന്‍ഗാമികളുടെ ദീര്‍ഘ വീക്ഷണത്തിനും അര്‍പ്പണ ബോധത്തോടുമൊപ്പം ഇതുവരെ ഭരണസമിതിയിലും മറ്റും നേത്യപരമായി പ്രവര്‍ത്തിച്ചിരുന്ന പാറോളി മൂസക്കുട്ടി ഹാജി, പരവക്കല്‍ ഉസ്മാന്‍ കുട്ടി, ചെരട ഫാത്തിമ, ടിവി സുലൈഖാബി, കെകെ നാസര്‍, ബുഷ്‌റ ശബീര്‍ തുടങ്ങിയവരേയും അവരോടൊപ്പം കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇക്കാലമത്രയും വികസനത്തിനു വേണ്ടി പ്രവര്‍ത്തിച്ച കൗണ്‍സിലര്‍മാര്‍ക്കും മറ്റ് വ്യാപാരി വ്യവസായി, ബസ് - മോട്ടോര്‍ തൊഴിലാളി സുഹൃത്തുക്കള്‍ക്കും , ഉദ്യാഗസ്ഥര്‍ക്കും സന്തോഷവും നന്ദിയും രേഖപ്പെടുത്തിക്കൊണ്ട് നാട്ടുകാരുടെ ഈ ആഹ്‌ളാദത്തില്‍ പങ്കുചേരുന്നു. ഏതായാലും കോട്ടക്കലിന്റെ മാറിയ സാഹചര്യത്തില്‍ കോട്ടക്കലിന്റെ പുരോഗതിയിലേക്ക് കൂടുതല്‍ മുന്നേറിക്കൊണ്ട് ഇന്നത്തെ ആധുനിക കാലഘട്ടത്തിനു ഉതകുന്ന തരത്തിലുള്ള കോട്ടക്കലിന്റെ ചരിത്രം വീണ്ടും തിരുത്തിക്കുറിച്ചു ഉയരട്ടെ എന്ന് പ്രത്യാശിക്കുന്നു.

Keywords: Kottakkal Bus Stand, Inauguration, CH Muhammad Koya, E Ahmad, Article, Kottakkal 1st Bus Stand Inauguration and Developments.
< !- START disable copy paste -->

Post a Comment