കൊച്ചി: (www.kvartha.com) കൊല്ലത്ത് ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തില്‍ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജിയില്‍ ഹൈകോടതി സംസ്ഥാന സര്‍കാരിന് നോടീസ് അയച്ചു. കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാലാണ് ഹര്‍ജി നല്‍കിയത്.
വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരുകോടി രൂപ നല്‍കാന്‍ സര്‍കാരിന് നിര്‍ദേശം നല്‍കണമെന്നാണ് മനോജ് രാജഗോപാല്‍ പൊതുതാത്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ആക്ടിങ് ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അന്വേഷണത്തിന് ഹൈകോടതി മേല്‍നോട്ടം വഹിക്കണമെന്നും എല്ലാ ആശുപത്രികളിലും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് സംരക്ഷണം നല്‍കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
മേയ് 10ന് കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ഡ്യൂടിക്കിടെയാണ് വന്ദന ദാസിനെ പ്രതി ജി സന്ദീപ് പരസ്യമായി കുത്തിക്കൊലപ്പെടുത്തിയത്. സ്‌കൂള്‍ അധ്യാപകനായിരുന്ന സന്ദീപ് ഇപ്പോള്‍ ജയിലിലാണ്. സംഭവത്തില്‍ സര്‍കാരിനെ വിമര്‍ശിച്ച ഹൈകോടതി, സ്വമേധയാ കേസെടുത്തിരുന്നു.
വന്ദനയ്ക്ക് നീതി ഉറപ്പാക്കാനായി അന്വേഷണം കോടതി നിരീക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി നേരത്തെ സ്വമേധയാ എടുത്ത കേസിനൊപ്പം ഈ ഹര്‍ജിയും ചേര്‍ക്കാനും ഹൈകോടതി നിര്‍ദേശം നല്‍കി.
Keywords: News, Kerala-News, Kerala, Kochi-News, Doctor Murder, Kerala HC, Notice, Lawyer, Plea, Compensation, Doctor, Case, Vandana Das, Kollam Doctor Murder: Kerala High Court Issues Notice To State On Lawyer's Plea Seeking ₹1 Crore Compensation For Bereaved Family.