Follow KVARTHA on Google news Follow Us!
ad

Progress Report | കേരളം കൂടുതല്‍ ഉയരങ്ങളിലെത്തും, കൂട്ടായ്മയിലൂടെ നേടിയെടുക്കും: സര്‍കാരിന്റെ 2 വര്‍ഷത്തെ പ്രോഗ്രസ് റിപോര്‍ട് ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് മുഖ്യമന്ത്രി

വലിയ നിരാശ ബാധിച്ചവരായിരുന്നു 2016ന് മുന്‍പ് ഇവിടെയുണ്ടായിരുന്നതെന്ന് പിണറായി വിജയന്‍ CM Pinarayi Vijayan, Progress Report, Kerala News
തിരുവനന്തപുരം: (www.kvartha.com) കേരളത്തെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിച്ച് നവകേരളം സാധ്യമാക്കണമെന്നും ഒരുമയും ഐക്യവും കൊണ്ട് ഇതു നേടിയെടുക്കാവുന്നതേയുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ആറു വര്‍ഷം കേരളത്തിലുണ്ടായ മാറ്റങ്ങളെ മറച്ചുപിടിച്ചാണ് ചിലര്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത്. കേരളം ഒരു മേഖലയിലും പിന്നോട്ടുപോയിട്ടില്ല, ഒരിടത്തും മരവിച്ചു നിന്നിട്ടുമില്ലെന്നും കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംസ്ഥാന സര്‍കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വരുന്ന 25 വര്‍ഷംകൊണ്ട് ലോകത്തിലെ വികസിത രാഷ്ട്രങ്ങളിലെ മധ്യവരുമാന രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തിന്റെ ജീവിതനിലവാരം ഉയര്‍ത്തുകയാണ് സര്‍കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏഴു വര്‍ഷമായി സര്‍കാര്‍ തുടരുന്ന വികസന പദ്ധതികള്‍ സംസ്ഥാനത്തെ ഈ ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വലിയ നിരാശ ബാധിച്ചവരായിരുന്നു 2016ന് മുന്‍പ് ഇവിടെയുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ ഒരു മാറ്റവുമുണ്ടാകില്ലെന്നും മാറ്റം പ്രതീക്ഷിക്കേണ്ടെന്നും കരുതിയവര്‍ നിരവധിയായിരുന്നു. നാടിന്റെ അഭിമാന രംഗങ്ങളായിരുന്ന വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ പിന്നോട്ടുപോക്കും സാംസ്‌കാരിക നിലവാരത്തിലുണ്ടായ ജീര്‍ണതകളും അഴിമതിയുമൊക്കെ ഇതിനു കാരണമായി. ഈ നിലയില്‍ നിന്നാണ് ഇന്നു കാണുന്ന കേരളം ഉയിര്‍ത്തെഴുന്നേറ്റത്. എല്ലാ ദുരന്തങ്ങളേയും അതിജീവിച്ച് കേരളം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ മുന്നേറ്റത്തെ താഴ്ത്തിക്കാണിക്കാനായി നുണ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

പെന്‍ഷനുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ത്തുന്ന ചില കാര്യങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. 2016ല്‍ സര്‍കാര്‍ അധികാരത്തിലെത്തുമ്പോള്‍ 1473.67 കോടി രൂപ വിവിധ പെന്‍ഷന്‍ ഇനങ്ങളില്‍ കുടിശ്ശികയായിരുന്നു. രണ്ടു വര്‍ഷം വരെ പെന്‍ഷന്‍ കിട്ടാത്തവര്‍ അക്കാലത്തുണ്ടായിരുന്നു.

കര്‍ഷകത്തൊഴിലാളികള്‍ക്ക് 99.69 കോടി രൂപ, വാര്‍ധക്യ പെന്‍ഷന്‍ 803.85 കോടി രൂപ, വികലാംഗ പെന്‍ഷന്‍ 95.11 കോടി, അവിവാഹിത പെന്‍ഷന്‍ 25.97 ലക്ഷം, വിധവാ പെന്‍ഷന്‍ 449 കോടി എന്നിങ്ങനെയായിരുന്നു കണക്കുകള്‍. ഈ കുടിശ്ശികയെല്ലാം പുതിയ സര്‍കാര്‍ കൊടുത്തുതീര്‍ത്തു. 600 രൂപയായിരുന്ന പെന്‍ഷന്‍ തുക 1600 രൂപയാക്കി ഉയര്‍ത്തി. 18,997 കോടി രൂപ സാമൂഹ്യ പെന്‍ഷനായി വിതരണം ചെയ്തു. എല്ലാ പെന്‍ഷനുകളും കൃത്യമായി നല്‍കുന്നു. പാവങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സര്‍കാരാണെന്നതുകൊണ്ടാണ് ഇതു സ്വീകരിക്കുന്നത്. അതാണ് സര്‍കാരിന്റെ നയം എന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെറിയ കാര്യങ്ങളില്‍പ്പോലും പ്രത്യേക ശ്രദ്ധ നല്‍കി സര്‍കാര്‍ നടപ്പാക്കിയ പദ്ധതികള്‍ വലിയ മാറ്റമാണു നാട്ടിലുണ്ടാക്കിയത്. 2016ലെ സര്‍കാര്‍ അധികാരത്തിലെത്തിയ ശേഷം നെല്‍കൃഷി വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തി. ഓരോ പ്രദേശത്തുമുള്ള തരിശുനിലങ്ങള്‍ കൃഷി ഭൂമിയാക്കാന്‍ നടത്തിയ ശ്രമങ്ങളോട് ജനങ്ങള്‍ പൂര്‍ണമായി സഹകരിച്ചു. അതിന്റെ ഫലമായി 1,70000 ഹെക്ടര്‍ സ്ഥലത്തുണ്ടായിരുന്ന നെല്‍കൃഷി ഇപ്പോള്‍ 2,23,000 ഹെക്ടറായിരിക്കുന്നു. ഉത്പാദന ക്ഷമതയും വര്‍ധിച്ചു. പച്ചക്കറി ഉത്പാദനത്തിലും വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു.

ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ ജിഡിപി മുന്‍ വര്‍ഷത്തേക്കാള്‍ 12.01 ശതമാനം ഉയര്‍ന്നു. പ്രതിശീര്‍ഷ വരുമാനം അഖിലേന്‍ഡ്യാ ശരാശരിയുടെ ഇരട്ടിയായി. കേരളം പിന്നോട്ടു പോയിട്ടില്ലെന്നതിന്റെ വ്യക്തമായ കണക്കാണിത്. നൂറ്റാണ്ടിലെ മഹാപ്രളയവും അതിനു ശേഷമുണ്ടായ അതിരൂക്ഷ കാലവര്‍ഷക്കെടുതിയും നാടിനെ തകര്‍ത്തെറിഞ്ഞ അവസ്ഥയില്‍ തലയില്‍ കൈവച്ചു നിലവിളിക്കാനായിരുന്നില്ല കേരളം തയാറായത്. വികസനത്തിലൂന്നി, ഒരുമയോടെയും ഐക്യത്തോടെയും പ്രതിസന്ധികളെ അതിജീവിച്ചു. ഈ അതിജീവനത്തിന്റെ കണക്കാണ് ആഭ്യന്തര വരുമാനത്തിലുണ്ടായ ഈ വളര്‍ച്ച.

നാട്ടിലെ യുവാക്കള്‍ 2016ല്‍ വലിയ നിരാശയിലായിരുന്നു. തൊഴിലില്ലായ്മ പെരുകി. വികസനമില്ലാത്ത അവസ്ഥ വന്നു. ഇക്കാര്യത്തിലും ഇപ്പോള്‍ വലിയ മാറ്റമുണ്ടായിരിക്കുന്നു. 12 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് അഞ്ചു ശതമാനത്തിലേക്ക് താഴ്ന്നു. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പ്രഖ്യാപനത്തോടെ തുടങ്ങിയ പദ്ധതിയിലൂടെ ആരംഭിച്ച സംരംഭങ്ങളുടെ എണ്ണം 1,40,000 ല്‍ എത്തി. നിക്ഷേപത്തിന് താത്പര്യപ്പെട്ട് ധാരാളം ആളുകള്‍ ഇപ്പോള്‍ വരുന്നു. അതില്‍ത്തന്നെ നല്ലൊരു ഭാഗം സ്ത്രീകളാണ്. 8500 കോടിയോളം രൂപയുടെ നിക്ഷേപമാണ് സംരംഭക വര്‍ഷത്തിലൂടെയുണ്ടായത്. മൂന്നു ലക്ഷത്തോളം പേര്‍ക്കു തൊഴിലവസരവും ഇത് ഒരുക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വികസന പദ്ധതികള്‍ക്കു പണം കണ്ടെത്തുന്നതിനായാണ് 2016ല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കിഫ്ബി പുനരുജ്ജീവിപ്പിച്ചത്. 2021നുള്ളില്‍ 50,000 കോടിയുടെ പശ്ചാത്തല വികസന പദ്ധതികളായിരുന്നു ലക്ഷ്യംവച്ചിരുന്നത്. 62,000 കോടി രൂപയുടെ പദ്ധതികള്‍ക്കു തുടക്കമിട്ടു. ഈ രണ്ടു വര്‍ഷം കൊണ്ട് 18,000 കോടിയുടെ പദ്ധതി. അങ്ങനെ ഏഴു വര്‍ഷംകൊണ്ട് 80,0000 കോടിയുടെ പദ്ധതി കിഫ്ബി വഴി നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, അതിനെ തകര്‍ക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്.

ഐടി മേഖലയില്‍ കേരളം സ്റ്റാര്‍ട്ടപ്പുകളുടെ ലോകോത്തര ഹബ്ബായി മാറി. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ഇന്‍ക്യുബേറ്ററായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിന്റെ സ്വന്തം പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ, 1500 കോടിയുടെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് പദ്ധതി, വിവിധ ഐടി പാര്‍ക്കുകള്‍ എന്നിവ കേരളത്തിന്റെ മുന്നേറ്റത്തിന്റെ സൂചകങ്ങളാണ്. ബഹുരാഷ്ട്ര കമ്പനികള്‍ ഇവിടേക്കു വരുന്നു. വലിയ തോതില്‍ കേരളം ശ്രദ്ധിക്കപ്പെടുന്നു.

രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയതും കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെയാണ്. ഇവിടെ എല്ലാം സുതാര്യമാണ്. അര്‍ഹതയാണു കാര്യങ്ങള്‍ തീരുമാനിക്കുന്നത്. തെറ്റ് ആരുടെ ഭാഗത്തുണ്ടായാലും കര്‍ശന നടപടിയിലേക്കു പോകുന്നു. വികസന പദ്ധതികള്‍ കൃത്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നടപ്പാക്കുന്നു. ടെന്‍ഡര്‍ നടപടികളില്‍ കുറഞ്ഞ നിരക്ക് ക്വാട് ചെയ്യുന്ന അര്‍ഹരായവര്‍ക്കാണു പദ്ധതി അനുവദിക്കുന്നത്. അവരുമായാണ് കരാര്‍ ഒപ്പിടുന്നത്. അതല്ലെന്ന് ആര്‍ക്കും പറയാനില്ല. ഇതിനെതിരെയെല്ലാം കെട്ടിപ്പൊക്കുന്ന ആരോപണങ്ങള്‍ക്കു വിശ്വാസ്യത കിട്ടാത്തത് ഈ സുതാര്യത കൊണ്ടാണ്.

വികസന പദ്ധതികള്‍ നടപ്പാക്കണമെന്ന നിശ്ചയദാര്‍ഢ്യവും സര്‍കാരിനുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദേശീയപാതാ വികസനത്തിനായി സ്ഥലം ഏറ്റെടുത്തു നല്‍കുന്നതു സംബന്ധിച്ച നിരന്തര ആവശ്യങ്ങള്‍ 2016നു മുന്‍പു വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഈ സര്‍കാര്‍ അധികാരത്തിലെത്തിയശേഷം ചര്‍ചകളിലൂടെ പ്രശ്‌നപരിഹാരമുണ്ടാക്കി. ഭൂമി വിലയുടെ 25 ശതമാനം സംസ്ഥാന സര്‍കാര്‍ നല്‍കണമെന്ന ആവശ്യം അംഗീകരിച്ചു.

ഭൂമി ഏറ്റെടുക്കലിനായി 5500 കോടിയിലധികം രൂപ നല്‍കി. ഇപ്പോള്‍ ദേശീയപാത വികസനം യാഥാര്‍ഥ്യമാകുകയാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യാത്ര ചെയ്യുന്ന ആളുകള്‍ക്ക് ഈ കാഴ്ച കാണാം. വരുന്ന ഡിസംബറോടെ തലപ്പാടി - ചെങ്കള ആദ്യ റീച് പൂര്‍ത്തിയാകും. ഗ്യാസ് അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ ഗെയില്‍ പൈപ് ലൈന്‍ പദ്ധതി ഇവിടെ നടക്കില്ലെന്നു കരുതി അവര്‍ ഓഫീസ് പൂട്ടി മടങ്ങിയതാണ്.

2016ല്‍ സര്‍കാര്‍ അധികാരമേറ്റ ശേഷം ഇതിനു മാറ്റമുണ്ടായി. ഇന്നു ഗെയില്‍ പൈപിലൂടെ വാതകം പ്രവഹിക്കുകയാണ്. കേരളത്തിലെ കുറേ അടുക്കളകളില്‍ ഇത് എത്തി. വിവിധ വ്യവസായശാലകളിലും ഇന്ധനമായി എത്തുന്നു. നാടിന്റെ എല്ലാ ഭാഗത്തും ഇത് എത്താന്‍ പോകുന്നു. ഇടമണ്‍ - കൊച്ചി പവര്‍ ഹൈവേ പദ്ധതി മതിയാക്കി പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. 2016ല്‍ പൂട്ടിപ്പോയ ലൈനിലൂടെ ഇപ്പോള്‍ വൈദ്യുതി പ്രവഹിക്കുകയാണ്. ഇതാണു കേരളത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷംകൊണ്ടു സര്‍കാര്‍ ചെയ്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍കാരിന്റെ രണ്ടു വര്‍ഷത്തെ പ്രോഗ്രസ് റിപോര്‍ട് ചീഫ് സെക്രടറി ഡോ. വിപി ജോയിക്കു നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ കോഫി ടേബിള്‍ ബുക് മന്ത്രി കെ രാജനു നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച മിഴിവ് ഷോര്‍ട് ഫിലിം മത്സര വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും അദ്ദേഹം ചടങ്ങില്‍ വിതരണം ചെയ്തു.

മന്ത്രിമാരായ വി ശിവന്‍കുട്ടി, അഹ് മദ് ദേവര്‍കോവില്‍, ആന്റണി രാജു, ജിആര്‍ അനില്‍, ജോസ് കെ മാണി എംപി, മേയര്‍ ആര്യ രാജേന്ദ്രന്‍, എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, വി ജോയ്, കടകംപള്ളി സുരേന്ദ്രന്‍, വികെ പ്രശാന്ത്, സികെ ഹരീന്ദ്രന്‍, കക്ഷി നേതാക്കളായ വര്‍ക്കല രവികുമാര്‍, അഡ്വ. എസ് ഫിറോസ് ലാല്‍, വര്‍ഗീസ് ജോര്‍ജ്, പ്രൊഫ. ഷാജി കടമല, പൂജപ്പുര രാധാകൃഷ്ണന്‍, അഡിഷനല്‍ ചീഫ് സെക്രടറിമാരായ ഡോ. വി വേണു, പുനീത് കുമാര്‍, കെആര്‍ ജ്യോതിലാല്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടിവി. സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Kerala will reach greater heights, achieve through unity: CM presents 2-year progress report of government to people, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Politics, Progress Report, Released, Criticism, Kerala

Keywords: Kerala will reach greater heights, achieve through unity: CM presents 2-year progress report of government to people, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Politics, Progress Report, Released, Criticism, Kerala. 

Post a Comment