Cremated | ഡോ.വന്ദനയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി; ഏക മകള്‍ക്ക് മാതാപിതാക്കള്‍ അന്ത്യ ചുംബനം നല്‍കുന്നത് ഹൃദയഭേദകമായ കാഴ്ചയായി

 


കോട്ടയം: (www.kvartha.com) കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ഡ്യൂടിക്കിടെ കുത്തേറ്റു മരിച്ച ഡോക്ടര്‍ വന്ദനാ ദാസിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. കോട്ടയം മുട്ടുചിറയിലെ വീട്ടില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. ഓമനിച്ചു വളര്‍ത്തിയ ഏക മകള്‍ക്ക് അച്ഛന്‍ മോഹന്‍ദാസും അമ്മ വസന്തകുമാരിയും അന്ത്യ ചുംബനം നല്‍കുന്നത് ഹൃദയഭേദകമായ കാഴ്ചയായി.

വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകന്‍ നിവേദ് ആണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചടങ്ങുകള്‍ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്മയ്ക്ക് അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ചികിത്സ നല്‍കി. കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രി വിഎന്‍ വാസവന്‍, സ്പീകര്‍ എഎന്‍ ശംസീര്‍, തോമസ് ചാഴിക്കാടന്‍ എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തില്‍ ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

കൊല്ലത്ത് ഡോ. വന്ദന ദാസ് പഠിച്ച അസീസിയ മെഡികല്‍ കോളജില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് മൃതദേഹം മുട്ടുചിറയിലെ വീട്ടിലേക്ക് എത്തിച്ചത്. രാത്രി 8.05ന് പട്ടാളമുക്കിന് സമീപത്തെ വീട്ടില്‍ മൃതദേഹം എത്തിക്കുമ്പോള്‍ നാടൊന്നാകെ കാത്തുനിന്നിരുന്നു. തുടര്‍ന്ന് വീടിനു മുന്നില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ കിടത്തി.

മൃതദേഹം എത്തിച്ച ആംബുലന്‍സില്‍നിന്ന് അച്ഛന്‍ മോഹന്‍ദാസും അമ്മ വസന്തകുമാരിയും പുറത്തിറങ്ങിയപ്പോള്‍ ആശ്വസിപ്പിക്കാനായി അടുത്തെത്തിയ ബന്ധുക്കള്‍ക്കും കരച്ചിലടക്കാനായില്ല. രാത്രി വൈകിയും അന്തിമോപചാരമര്‍പ്പിക്കുന്നവരുടെ നീണ്ട നിര കാണാമായിരുന്നു. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ (കാളിപറമ്പ്) കെജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന.

Cremated | ഡോ.വന്ദനയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി; ഏക മകള്‍ക്ക് മാതാപിതാക്കള്‍ അന്ത്യ ചുംബനം നല്‍കുന്നത് ഹൃദയഭേദകമായ കാഴ്ചയായി

കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. പൊലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച അക്രമിയുടെ കുത്തേറ്റാണ് ബുധനാഴ്ച രാവിലെ ഡോ. വന്ദന കൊല്ലപ്പെട്ടത്.

പൊലീസുകാരടക്കം കുത്തേറ്റ അഞ്ചു പേര്‍ ചികിത്സയിലാണ്. ഡോക്ടറെയും മറ്റുള്ളവരെയും ആക്രമിച്ച നെടുമ്പന ഗവ. യുപി സ്‌കൂള്‍ അധ്യാപകന്‍ വെളിയം ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി സന്ദീപിനെ (42) കോടതി റിമാന്‍ഡ് ചെയ്തു പൂജപ്പുര ജയിലിലേക്ക് അയച്ചു.

Keywords:  Kerala: Dr Vandana Das cremated in Kottayam house; Political leaders attend funeral, Kottayam, News, Cremated, Dead Body, Police, Injured, Hospital, Treatment, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia